| Tuesday, 16th April 2024, 10:21 pm

ഹാട്രിക്കും സെഞ്ച്വറിയും; ബാറ്ററായ രോഹിത് ശര്‍മയും ഓള്‍ റൗണ്ടര്‍ ഷെയ്ന്‍ വാട്‌സണും അടക്കി വാഴുന്ന ലിസ്റ്റിലേക്ക് നരെയ്‌നും

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2024ലെ 31ാം മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ പടുകൂറ്റന്‍ ടോട്ടല്‍ പടുത്തുയര്‍ത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 223 റണ്‍സാണ് നേടിയത്.

ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കുന്ന ഏറ്റവും ഉയര്‍ന്ന ടോട്ടലാണിത്.

സൂപ്പര്‍ താരം സുനില്‍ നരെയ്‌ന്റെ സെഞ്ച്വറി കരുത്തിലാണ് കൊല്‍ക്കത്ത മികച്ച സ്‌കോറിലേക്കുയര്‍ന്നത്. 56 പന്തില്‍ 109 റണ്‍സാണ് താരം നേടിയത്. 13 ബൗണ്ടറിയും ആറ് സിക്‌സറും അടക്കം 194.64 എന്ന വെടിക്കെട്ട് സ്‌ട്രൈക്ക് റേറ്റിലാണ് താരം സെഞ്ച്വറി നേടിയത്.

നേരിട്ട 49ാം പന്തില്‍ യൂസ്വേന്ദ്ര ചഹലിനെതിരെ ബൗണ്ടറി നേടിയാണ് നരെയ്ന്‍ സെഞ്ച്വറി നേടിയത്. താരത്തിന്റെ കരിയറിലെ ആദ്യ സെഞ്ച്വറി നേട്ടമാണിത്.

ഈ സെഞ്ച്വറിക്ക് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടവും സുനില്‍ നരെയ്‌നെ തേടിയെത്തിയിരിക്കുകയാണ്. ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ ഹാട്രിക്കും സെഞ്ച്വറിയും നേടുന്ന മൂന്നാമത് മാത്രം താരം എന്ന നേട്ടമാണ് നരെയ്ന്‍ നേടിയത്.

2013ല്‍ ഇതേ ദിവസം തന്നെയാണ് നരെയ്ന്‍ ഹാട്രിക് നേടിയത് എന്നതാണ് രസകരമായ മറ്റൊരു വസ്തുത. 2013 ഏപ്രില്‍ 16ന് കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരെയാണ് നരെയ്ന്‍ ഹാട്രിക് നേടിയത്. ഡേവിഡ് ഹസി, അസര്‍ മഹമ്മൂദ, ഗുര്‍കിരാത് സിങ് മന്‍ എന്നിവരായിരുന്നു നരെയ്‌ന്റെ ഇരകള്‍.

മുംബൈ ഇന്ത്യന്‍സിനെ അഞ്ച് തവണ കിരീടമണിയിച്ച രോഹിത് ശര്‍മയാണ് ഈ നേട്ടത്തിലെത്തിയ ആദ്യ താരം. 2009ല്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സിനൊപ്പമായിരുന്നു രോഹിത്തിന്റെ ഹാട്രിക് നേട്ടം. എതിരാളികളാകട്ടെ മുംബൈ ഇന്ത്യന്‍സും.

ഇന്നിങ്‌സിലെ 16ാം ഓവറിലെ അഞ്ചാം പന്തില്‍ അഭിഷേക് നായരെ പുറത്താക്കി വിക്കറ്റ് വേട്ട ആരംഭിച്ച രോഹിത് തൊട്ടടുത്ത പന്തില്‍ ഹര്‍ഭജന്‍ സിങ്ങിനെയും പുറത്താക്കി.

തന്റെ സ്‌പെല്ലിലെ അടുത്ത ഓവറിലെ ആദ്യ പന്തില്‍ ജീന്‍ പോള്‍ ഡുമ്‌നിയെ വിക്കറ്റ് കീപ്പര്‍ ഗില്‍ക്രിസ്റ്റിന്റെ കൈകളിലെത്തിച്ചാണ് താരം ഹാട്രിക് പൂര്‍ത്തിയാക്കിയത്. രണ്ട് ഓവറില്‍ ആറ് റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റാണ് താരം നേടിയത്.

2014ല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ഹാട്രിക് നേടിയാണ് രാജസ്ഥാന്‍ റോയല്‍സ് സൂപ്പര്‍ ഓള്‍ റൗണ്ടര്‍ ഷെയ്ന്‍ വാട്‌സണ്‍ ഈ റെക്കോഡ് നേട്ടത്തിലെത്തിയത്.

ഇന്നിങ്‌സിലെ നാലാം ഓവറിലെ അവസാന പന്തില്‍ ശിഖര്‍ ധവാനെ പുറത്താക്കിയാണ് വാട്‌സണ്‍ വിക്കറ്റ് വേട്ട തുടങ്ങിയത്. ശേഷം 17ാം ഓവറിലെ ആദ്യ പന്തില്‍ മോയ്‌സെസ് ഹെന്റിക്വെസിനെയും രണ്ടാം പന്തില്‍ കരണ്‍ ശര്‍മയെയും പുറത്താക്കിയാണ് താരം ഹാട്രിക് പൂര്‍ത്തിയാക്കിയത്.

Content highlight: IPL 2024: RR vs KKR: Sunil Narine joins Shane Watson and Rohit Sharma in the list of players with a century and hattrick in IPL

We use cookies to give you the best possible experience. Learn more