കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – രാജസ്ഥാന്‍ റോയല്‍സ് മത്സരം പുരോഗമിക്കുകയാണ്. സീസണിലെ 31ാം മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 223 റണ്‍സ് നേടി.
സൂപ്പര്‍ താരം സുനില്‍ നരെയ്‌ന്റെ സെഞ്ച്വറി കരുത്തിലാണ് ഹോം ടീം മികച്ച സ്‌കോര്‍ സ്വന്തമാക്കിയത്. 56 പന്തില്‍ 109 റണ്‍സാണ് താരം നേടിയത്. 13 ബൗണ്ടറിയും ആറ് സിക്സറും അടക്കം 194.64 എന്ന വെടിക്കെട്ട് സ്ട്രൈക്ക് റേറ്റിലാണ് താരം സെഞ്ച്വറി നേടിയത്.
നേരിട്ട 49ാം പന്തില്‍ യൂസ്വേന്ദ്ര ചഹലിനെതിരെ ബൗണ്ടറി നേടിയാണ് നരെയ്ന്‍ സെഞ്ച്വറി പൂര്‍ത്തിയാത്. താരത്തിന്റെ ഐ.പി.എല്‍ കരിയറിലെ ആദ്യ സെഞ്ച്വറി നേട്ടമാണിത്.
ബാറ്റെടുത്തപ്പോള്‍ സെഞ്ച്വറി നേടിയ നരെയ്ന്‍ പന്തെടുത്തപ്പോള്‍ വിക്കറ്റും സ്വന്തമാക്കിയിരുന്നു. രാജസ്ഥാന്റെ യുവതാരം ധ്രുവ് ജുറെലിനെയാണ് നരെയ്ന്‍ പുറത്താക്കിയത്. നാല് പന്തില്‍ രണ്ട് റണ്‍സുമായി നില്‍ക്കവെ വിക്കറ്റിന് മുമ്പില്‍ കുടുക്കിയാണ് നരെയ്ന്‍ ജുറെലിനെ പുറത്താക്കിയത്.
ഇതിന് പുറമെ ഫീല്‍ഡിങ്ങിലും താരം തന്റെ സാന്നിധ്യമറിയിച്ചികുന്നു. ഹര്‍ഷിത് റാണയുടെ പന്തില്‍ രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണെ ക്യാച്ചെടുത്താണ് നരെയ്ന്‍ മടക്കിയത്.
ഇതോടെ ഒരു ചരിത്ര നേട്ടമാണ് പിറവിയെടുത്തത്. ഐ.പി.എല്ലിന്റെ ചരിത്രത്തിലാദ്യമായി ഒരു മത്സരത്തില്‍ സെഞ്ച്വറിയും വിക്കറ്റും ക്യാച്ചും നേടുന്ന ആദ്യ താരമെന്ന നേട്ടമാണ് നരെയ്ന്‍ സ്വന്തമാക്കിയത്.
ഇതിന് പുറമെ ഐ.പി.എല്ലില്‍ ഹാട്രിക്കും സെഞ്ച്വറിയും നേടുന്ന മൂന്നാമത് താരം, സെഞ്ച്വറിയും ഫൈഫറുമുള്ള ഏക താരം എന്നിങ്ങനെ റെക്കോഡുകളും നരെയ്ന്‍ തന്റെ പേരില്‍ കുറിച്ചിരുന്നു.
കൊല്‍ക്കത്തക്കായി ഈഡന്‍ ഗാര്‍ഡന്‍സില്‍ സെഞ്ച്വറി നേടുന്ന ആദ്യ താരമെന്ന നേട്ടവും നരെയ്ന്‍ സ്വന്തമാക്കി. ഇതുവരെ കൊല്‍ക്കത്തക്കായി സെഞ്ച്വറി നേടിയ മൂന്ന് താരങ്ങളില്‍ മറ്റ് രണ്ട് പേരും എതിരാളികളുടെ ഹോം ഗ്രൗണ്ടിലായിരുന്നു നൂറടിച്ചത്.
കൊല്‍ക്കത്തക്കായി ആദ്യ സെഞ്ച്വറി നേടിയ ബ്രണ്ടന്‍ മക്കെല്ലം ചിന്നസ്വാമി സ്റ്റേഡിയത്തിലും രണ്ടാം തവണ നൂറടിച്ച വെങ്കിടേഷ് അയ്യര്‍ വാംഖഡെ സ്റ്റേഡിയത്തിലുമാണ് ടണ്‍ നേട്ടം പൂര്‍ത്തിയാക്കിയത്.
അതേസമയം, കൊല്‍ക്കത്ത ഉയര്‍ത്തിയ 224 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ രാജസ്ഥാന്‍ 14 ഓവര്‍ പിന്നിടുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 128 എന്ന നിലയിലാണ്. 33 പന്തില്‍ 42 റണ്‍സുമായി ജോഷ് ബട്‌ലറും അഞ്ച് പന്തില്‍ രണ്ട് റണ്‍സുമായി റോവ്മന്‍ പവലുമാണ് ക്രീസില്‍.
രാജസ്ഥാന്‍ റോയല്‍സ് പ്ലെയിങ് ഇലവന്‍
യശസ്വി ജെയ്‌സ്വാള്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), റിയാന്‍ പരാഗ്, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, റോവ്മന്‍ പവല്‍, ധ്രുവ് ജുറെല്‍, ആര്‍. അശ്വിന്‍, ട്രെന്റ് ബോള്‍ട്ട്, ആവേശ് ഖാന്‍, കുല്‍ദീപ് സെന്‍, യൂസ്വേന്ദ്ര ചഹല്‍.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്
ഫില്‍ സോള്‍ട്ട് (വിക്കറ്റ് കീപ്പര്‍), സുനില്‍ നരെയ്ന്‍, ആംഗ്ക്രിഷ് രഘുവംശി, വെങ്കിടേഷ് അയ്യര്‍, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), റിങ്കു സിങ്, ആന്ദ്രേ റസല്‍, രമണ്‍ദീപ് സിങ്, മിച്ചല്‍ സ്റ്റാര്‍ക്, വരുണ്‍ ചക്രവര്‍ത്തി, ഹര്‍ഷിത് റാണ.
Content Highlight: IPL 2024: RR vs KKR: Sunil Narine is the only player in the history to score a century took a wicket and catch in a match