| Tuesday, 16th April 2024, 9:32 pm

കൃത്യം ഒരു വര്‍ഷത്തിന് ശേഷം ആനന്ദക്കണ്ണീരില്‍ നൈറ്റ് റൈഡേഴ്‌സ്; നരെയ്‌ന്റെ കരിയറില്‍ ഇത്തരത്തിലൊന്ന് ആദ്യം

സ്പോര്‍ട്സ് ഡെസ്‌ക്

ഈഡന്‍ ഗാര്‍ഡന്‍സില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ സെഞ്ച്വറി നേടി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സൂപ്പര്‍ താരം സുനില്‍ നരെയ്ന്‍. 56 പന്തില്‍ 109 റണ്‍സാണ് താരം നേടിയത്.

ഐ.പി.എല്ലില്‍ സുനില്‍ നരെയ്‌ന്റെ ആദ്യ അര്‍ധ സെഞ്ച്വറി നേട്ടമാണിത്. കരിയറിലെ 168ാം ഐ.പി.എല്‍ ഇന്നിങ്‌സിലാണ് നരെയ്ന്‍ ഇതാദ്യമായി ട്രിപ്പിള്‍ ഡിജിറ്റ് കാണുന്നത്.

നേരത്തെ 29ാം പന്തില്‍ ആര്‍. അശ്വിനെതിരെ സിക്‌സര്‍ നേടി അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ നരെയ്ന്‍ 49ാം പന്തില്‍ ചഹലിനെതിരെ ബൗണ്ടറി നേടിക്കൊണ്ടാണ് സെഞ്ച്വറി നേട്ടം പൂര്‍ത്തിയാക്കിയത്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ചരിത്രത്തിലെ മൂന്നാമത് മാത്രം സെഞ്ച്വറിയാണിത്.

ആദ്യ സീസണിലെ ആദ്യ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സിനെതിരെ സൂപ്പര്‍ താരം ബ്രണ്ടന്‍ മക്കെല്ലമാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായി സെഞ്ച്വറി നേടിയത്. മത്സരത്തില്‍ 73 പന്തില്‍ പുറത്താകാതെ 158 റണ്‍സാണ് മക്കെല്ലം നേടിയത്.

ഇതിന് ശേഷം കൊല്‍ക്കത്ത രണ്ട് തവണ ഐ.പി.എല്ലിന്റെ കിരീടമണിഞ്ഞപ്പോഴും സെഞ്ച്വറി നേട്ടം മാത്രം അകന്നുനിന്നു. ഒടുവില്‍, കഴിഞ്ഞ സീസണില്‍ വെങ്കിടേഷ് അയ്യരാണ് ഈ സെഞ്ച്വറി വരള്‍ച്ചയ്ക്ക് അന്ത്യമിട്ടത്.

കഴിഞ്ഞ സീസണില്‍ ഏപ്രില്‍ 16ന് മുംബൈ ഇന്ത്യന്‍സിനെതിരെയായിരുന്നു വെങ്കിടേഷ് അയ്യരിന്റെ സെഞ്ച്വറി നേട്ടം പിറവിയെടുത്തത്. ആദ്യ സെഞ്ച്വറി പിറന്ന് 16ാം വര്‍ഷമാണ് ഒരു കൊല്‍ക്കത്ത താരം സെഞ്ച്വറി നേടുന്നത്.

വെങ്കിടേഷ് അയ്യരിന്റെ സെഞ്ച്വറിക്ക് ശേഷം ഒരു വര്‍ഷത്തിനിപ്പുറം, മറ്റൊരു ഏപ്രില്‍ 16ന് നരെയ്‌നും പര്‍പ്പിള്‍ ആന്‍ഡ് ഗോള്‍ഡ് ടീമിമായി സെഞ്ച്വറി നേടിയിരിക്കുകയാണ്.

അതേസമയം, നരെയ്‌ന്റെ സെഞ്ച്വറി കരുത്തില്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 233 റണ്‍സാണ് കൊല്‍ക്കത്ത നേടിയത്. 30 റണ്‍സ് നേടിയ ആംഗ്ക്രിഷ് രഘുവംശിയാണ് ടീമിന്റെ രണ്ടാമത് മികച്ച സ്‌കോറര്‍.

രാജസ്ഥാനായി ആവേശ് ഖാനും കുല്‍ദീപ് സെന്നും രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍ ട്രെന്റ് ബോള്‍ട്ടും യൂസ്വേന്ദ്ര ചഹലും ഓരോ വിക്കറ്റ് വീതവും നേടി.

രാജസ്ഥാന്‍ റോയല്‍സ് പ്ലെയിങ് ഇലവന്‍

യശസ്വി ജെയ്‌സ്വാള്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), റിയാന്‍ പരാഗ്, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, റോവ്മന്‍ പവല്‍, ധ്രുവ് ജുറെല്‍, ആര്‍. അശ്വിന്‍, ട്രെന്റ് ബോള്‍ട്ട്, ആവേശ് ഖാന്‍, കുല്‍ദീപ് സെന്‍, യൂസ്വേന്ദ്ര ചഹല്‍.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്

ഫില്‍ സോള്‍ട്ട് (വിക്കറ്റ് കീപ്പര്‍), സുനില്‍ നരെയ്ന്‍, ആംഗ്ക്രിഷ് രഘുവംശി, വെങ്കിടേഷ് അയ്യര്‍, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), റിങ്കു സിങ്, ആന്ദ്രേ റസല്‍, രമണ്‍ദീപ് സിങ്, മിച്ചല്‍ സ്റ്റാര്‍ക്, വരുണ്‍ ചക്രവര്‍ത്തി, ഹര്‍ഷിത് റാണ.

Content Highlight: IPL 2024: RR vs KKR: Sunil Narine becomes the 3rd KKR batter to score  century in IPL

We use cookies to give you the best possible experience. Learn more