ഐ.പി.എല്‍ 2024ലെ അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെയാണ് നേരിടേണ്ടത്. രാജസ്ഥാന്‍ റോയല്‍സിന്റെ രണ്ടാം ഹോം ഗ്രൗണ്ടായ അസം, ഗുവാഹത്തിയിലെ ബര്‍സാപര സ്റ്റേഡിയമാണ് വേദി. പോയിന്റ് പട്ടികയിലെ രണ്ടാം സ്ഥാനക്കാരെ തീരുമാനിക്കുന്ന മത്സരമെന്നതിനാല്‍ ഏറെ പ്രാധാന്യമാണ് ഈ മാച്ചിനുള്ളത്.
എന്നാല്‍ മത്സരത്തില്‍ വില്ലനായി മഴയെത്തിയിരിക്കുകയാണ്. രാത്രി ഏഴ് മണിക്ക് ടോസും 7.30ന് മത്സരം ആരംഭിക്കുകയും ചെയ്യേണ്ടിയിരുന്നു. എന്നാല്‍ മഴ കാരണം ടോസ് പോലും പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടില്ല.
മഴ കാരണം ഈ മത്സരം ഉപേക്ഷിക്കുകയും ഇരു ടീമും പോയിന്റ് പങ്കുവെക്കുകയും ചെയ്താല്‍ അത് രാജസ്ഥാന് വമ്പന്‍ തിരിച്ചടിയായിരിക്കും. നേരത്തെ നടന്ന പഞ്ചാബ് – ഹൈദരാബാദ് മത്സരത്തില്‍ സണ്‍റൈസേഴ്‌സ് വിജയിച്ചതോടെ രാജസ്ഥാന്‍ മൂന്നാം സ്ഥാനത്തേക്ക് വീണിരിക്കുകയാണ്.
രണ്ടാം സ്ഥാനത്തുള്ള സണ്‍റൈസേഴ്‌സിന് 14 മത്സരത്തില്‍ നിന്നും 17 പോയിന്റാണുള്ളത്. നിലവില്‍ മൂന്നാമതുള്ള രാജസ്ഥാന് 13 മത്സരത്തില്‍ നിന്നും 16 പോയിന്റും.
കൊല്‍ക്കത്തക്കെതിരായ മത്സരം ഉപേക്ഷിച്ചാല്‍ രാജസ്ഥാന് 17 പോയിന്റ് ആവുമെങ്കിലും പട്ടികയില്‍ മുന്നേറാന്‍ സാധിക്കില്ല. ഹൈദരാബാദിന്റെ മികച്ച നെറ്റ് റണ്‍ റേറ്റാണ് ഇവിടെ സഞ്ജുവിനും സംഘത്തിനും വില്ലനാകുന്നത്.
രാജസ്ഥാന്‍ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യുകയാണെങ്കില്‍ ആദ്യ ക്വാളിഫയറിന് പകരം എലിമിനേറ്ററാകും കളിക്കേണ്ടി വരിക.
അങ്ങനെയെങ്കില്‍ തുടര്‍ച്ചയായി ആറ് മത്സരങ്ങള്‍ വിജയിച്ചുവന്ന റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവാകും എലിമിനേറ്ററില്‍ സഞ്ജുവിന്റെയും സംഘത്തിന്റെയും എതിരാളികള്‍.
നിലവില്‍ പഴയ രീതിയില്‍ കളിക്കാന്‍ സാധിക്കാതെ വരുന്ന രാജസ്ഥാനെ സംബന്ധിച്ച് ആര്‍.സി.ബിക്കെതിരായ മത്സരം ബാലികേറാമലയായിരിക്കും. ഇക്കാരണത്താല്‍ എന്ത് വിലകൊടുത്തും രണ്ടാം സ്ഥാനമുറപ്പിക്കാനാകും സഞ്ജുവും സംഘവും ശ്രമിക്കുക.
ഇത് ഒഴിവാക്കണമെങ്കില്‍ ഓവറുകള്‍ വെട്ടിച്ചുരുക്കിയാലും കൊല്‍ക്കത്ത – രാജസ്ഥാന്‍ മത്സരം നടക്കുകയും സഞ്ജുവും സംഘവും അതില്‍ വിജയിക്കുകയും വേണം.
മെയ് 21നാണ് ആദ്യ ക്വാളിഫയര്‍ മത്സരം അരങ്ങേറുന്നത്. പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് രണ്ടാം സ്ഥാനക്കാരെ നേരിടും. ഇതില്‍ വിജയിക്കുന്ന ടീം നേരിട്ട് ഫൈനലിന് യോഗ്യത നേടും.
22നാണ് എലിമിനേറ്റര്‍ മത്സരം. പോയിന്റ് പട്ടികയിലെ നാലാം സ്ഥാനക്കാരായ ആര്‍.സി.ബി മൂന്നാം സ്ഥാനത്തുള്ള ടീമിനെയാണ് എലിമിനേറ്ററില്‍ നേരിടുക. ഇതില്‍ പരാജയപ്പെടുന്ന ടീം പുറത്താവുകയും ജയിക്കുന്ന ടീം ആദ്യ ക്വാളിഫയറില്‍ പരാജപ്പെട്ട ടീമിനെ നേരിടുകയും ചെയ്യും. ഇതില്‍ വിജയിക്കുന്ന ടീമാകും ഫൈനലിന് യോഗ്യത നേടുക. മെയ് 26നാണ് കലാശപ്പോരാട്ടം.
Content highlight: IPL 2024: RR vs KKR: Rajasthan’s playoff match scenarios if the match against Kolkata is abandoned