| Tuesday, 16th April 2024, 7:37 pm

41 പന്ത് ബാക്കി നില്‍ക്കെ വിജയിച്ച മത്സരത്തിന്റെ ആവര്‍ത്തനമോ? കരുത്തര്‍ തിരിച്ചെത്തി; ട്രിപ്പിള്‍ സ്‌ട്രോങ്ങായി വെടിക്കെട്ടിന് രാജസ്ഥാന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2024ലെ 31ാം മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടാനൊരുങ്ങുകയാണ്. പോയിന്റ് പട്ടികയിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍ ഏറ്റമുട്ടുന്ന വാശിയേറിയ പോരാട്ടത്തിന് കൊല്‍ക്കത്തയുടെ ഹോം ഗ്രൗണ്ടായ ഈഡന്‍ ഗാര്‍ഡന്‍സാണ് വേദി.

മത്സരത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ റോയല്‍സ് ഫീല്‍ഡിങ് തെരഞ്ഞെടുത്തു.

മത്സരത്തില്‍ സൂപ്പര്‍ താരം ജോസ് ബട്‌ലര്‍ രാജസ്ഥാന്‍ റോയല്‍സിന്റെ പ്ലെയിങ് ഇലവനിന്‍ ഉള്‍പ്പെട്ടിട്ടില്ല. പഞ്ചാബിനെതിരായ കഴിഞ്ഞ മത്സരത്തിലും താരം ടീമിനൊപ്പമുണ്ടായിരുന്നില്ല. താരം ഇംപാക്ട് പ്ലെയറായി കളത്തിലെത്തിയേക്കും.

അതേസമയം, ആര്‍. അശ്വിന്‍ പ്ലെയിങ് ഇലവനില്‍ തിരിച്ചെത്തി.

ബട്‌ലറിന്റെ അഭാവത്തില്‍ പഞ്ചാബിനെതിരായ മത്സരത്തില്‍ പത്താം നമ്പറില്‍ കളിക്കുന്ന തനുഷ് കോട്ടിയനെ ഓപ്പണറായി കളത്തിലിറക്കി രാജസ്ഥാന്‍ വമ്പന്‍ പരീക്ഷണത്തിന് മുതിര്‍ന്നിരുന്നു. എന്നാല്‍ ആ പരീക്ഷണം പാടെ പാളി.

കൊല്‍ക്കത്തക്കെതിരായ മത്സരത്തില്‍ ബട്‌ലര്‍ കളത്തിലിറങ്ങിയേക്കുമെന്ന് സാംസണ്‍ പഞ്ചാബിനെതിരായ മത്സരത്തിന് പിന്നാലെ നടന്ന പോസ്റ്റ് മാച്ച് പ്രെസന്റേഷനിടെ പറഞ്ഞിരുന്നു.

കഴിഞ്ഞ വര്‍ഷം ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ രാജസ്ഥാന്‍ റോയല്‍സായിരുന്നു വിജയിച്ചത്. ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ സഞ്ജു ബാറ്റിങ് തെരഞ്ഞെടുക്കുകയും കൊല്‍ക്കത്തയെ 149ല്‍ ഒതുക്കുകയുമായിരുന്നു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ബട്‌ലറിനെ ടീമിന് പൂജ്യത്തിന് നഷ്ടമായിരുന്നു. എന്നാല്‍ സഞ്ജുവും ജെയ്‌സ്വാളും ചേര്‍ന്ന് രാജസ്ഥാനെ 13.1 ഓവറില്‍ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.

ജെയ്‌സ്വാള്‍ 13 പന്തില്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കി ഐ.പി.എല്‍ റെക്കോഡും സ്വന്തമാക്കിയിരുന്നു. ജെയ്‌സ്വാള്‍ 47 പന്തില്‍ പുറത്താകാതെ 98 റണ്‍സ് നേടിയപ്പോള്‍ 29 പന്തില്‍ പുറത്താകാതെ 48 റണ്‍സാണ് സഞ്ജു നേടിയത്. മത്സരത്തില്‍ ഒമ്പത് വിക്കറ്റിനായിരുന്നു ടീമിന്റെ വിജയം.

നിലവില്‍, ആറ് മത്സരത്തില്‍ നിന്നും അഞ്ച് ജയവുമായി പത്ത് പോയിന്റോടെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് രാജസ്ഥാന്‍. അഞ്ച് മത്സരത്തില്‍ നിന്നും നാല് വിജയവും ഒരു തോല്‍വിയുമായി എട്ട് പോയിന്റാണ് രണ്ടാം സ്ഥാനത്തുള്ള കൊല്‍ക്കത്തക്കുള്ളത്.

ഇതിന് മുമ്പ് കളിച്ച മത്സരത്തില്‍ ഇരുവരും വിജയിച്ചിരുന്നു. എതിരാളികളുടെ ഹോം ഗ്രൗണ്ടില്‍ രാജസ്ഥാന്‍ പഞ്ചാബിനെ തോല്‍പിച്ചപ്പോള്‍ സ്വന്തം തട്ടകത്തില്‍ ലഖ്‌നൗവിനെയാണ് നൈറ്റ് റൈഡേഴ്‌സ് തകര്‍ത്തുവിട്ടത്.

രാജസ്ഥാന്‍ റോയല്‍സ് പ്ലെയിങ് ഇലവന്‍

യശസ്വി ജെയ്‌സ്വാള്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), റിയാന്‍ പരാഗ്, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, റോവ്മന്‍ പവല്‍, ധ്രുവ് ജുറെല്‍, ആര്‍. അശ്വിന്‍, ട്രെന്റ് ബോള്‍ട്ട്, ആവേശ് ഖാന്‍, കുല്‍ദീപ് സെന്‍, യൂസ്വേന്ദ്ര ചഹല്‍.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്

ഫില്‍ സോള്‍ട്ട് (വിക്കറ്റ് കീപ്പര്‍), സുനില്‍ നരെയ്ന്‍, ആംഗ്ക്രിഷ് രഘുവംശി, വെങ്കിടേഷ് അയ്യര്‍, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), റിങ്കു സിങ്, ആന്ദ്രേ റസല്‍, രമണ്‍ദീപ് സിങ്, മിച്ചല്‍ സ്റ്റാര്‍ക്, വരുണ്‍ ചക്രവര്‍ത്തി, ഹര്‍ഷിത് റാണ.

Content Highlight: IPL 2024: RR vs KKR: Rajasthan Royals won the toss and elect to bat first

We use cookies to give you the best possible experience. Learn more