| Wednesday, 10th April 2024, 10:27 pm

തലയ്ക്കും ചിന്നത്തലയ്ക്കും ഇനി സഞ്ജുവിന് പിറകില്‍ നില്‍ക്കാം; ഇതിഹാസങ്ങളെ ഒന്നിച്ച് കടത്തിവെട്ടി സഞ്ജുവിന്റെ കുതിപ്പ്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2024ല്‍ രാജസ്ഥാന്‍ റോയല്‍സ് ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടുകയാണ്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സ് നേടി. ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെയും സൂപ്പര്‍ താരം റിയാന്‍ പരാഗിന്റെയും അര്‍ധ സെഞ്ച്വറികളുടെ കരുത്തിലാണ് രാജസ്ഥാന്‍ മികച്ച സ്‌കോറിലെത്തിയത്.

48 പന്തില്‍ അഞ്ച് സിക്‌സറിന്റെയും മൂന്ന് ഫോറിന്റെയും കരുത്തിലാണ് പരാഗ് സ്‌കോര്‍ ഉയര്‍ത്തിയത്. സീസണിലെ മൂന്നാം അര്‍ധ സെഞ്ച്വറിയാണ് താരം സ്വന്തമാക്കിയത്.

38 പന്തില്‍ പുറത്താകാതെ 68 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്. ഏഴ് ഫോറും രണ്ട് സിക്‌സറും അടക്കം 178.95 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റിലാണ് സഞ്ജു സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചത്. സീസണില്‍ സഞ്ജുവിന്റെയും മൂന്നാം അര്‍ധ സെഞ്ച്വറിയാണിത്.

ഈ പ്രകടനത്തിന് പിന്നാലെ ഒരു മികച്ച റെക്കോഡും താരം സ്വന്തമാക്കിയിരുന്നു. ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ 150+ സ്‌ട്രൈക്ക് റേറ്റില്‍ ഏറ്റവുമധികം 50+ സ്‌കോര്‍ സ്വന്തമാക്കുന്ന താരങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തിയാണ് സഞ്ജു റെക്കോഡിട്ടിരിക്കുന്നത്.

ഇന്ത്യന്‍ ലെജന്‍ഡ് എം.എസ്. ധോണിയെ മറികടന്നാണ് സഞ്ജു മൂന്നാം സ്ഥാനത്തേക്ക് കയറിയത്.

ഐ.പി.എല്ലില്‍ 150+ സ്‌ട്രൈക്ക് റേറ്റില്‍ ഏറ്റവുമധികം 50+ റണ്‍സ് നേടിയ താരങ്ങള്‍

വിരാട് കോഹ്‌ലി – 27 തവണ

രോഹിത് ശര്‍മ – 23 തവണ

സഞ്ജു സാംസണ്‍ – 20 തവണ*

എം.എസ്. ധോണി – 19 തവണ

സുരേഷ് റെയ്‌ന – 19 തവണ

ശിഖര്‍ ധവാന്‍ – 19 തവണ

റോബിന്‍ ഉത്തപ്പ – 18 തവണ

വിരേന്ദര്‍ സേവാഗ് – 17 തവണ

കെ.എല്‍. രാഹുല്‍ – 17 തവണ

അതേസമയം, രാജസ്ഥാന്‍ ഉയര്‍ത്തിയ 197 റണ്‍സിന്റെ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ടൈറ്റന്‍സ് ഏഴ് ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 51 റണ്‍സ് എന്ന നിലയിലാണ്. 23 പന്തില്‍ 24 റണ്‍സുമായി സായ് സുദര്‍ശനും 19 പന്തില്‍ 26 റണ്‍സുമായി ശുഭ്മന്‍ ഗില്ലുമാണ് ക്രീസില്‍.

രാജസ്ഥാന്‍ റോയല്‍സ് പ്ലെയിങ് ഇലവന്‍

യശസ്വി ജെയ്‌സ്വാള്‍, ജോഷ് ബട്‌ലര്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍). റിയാന്‍ പരാഗ്, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ധ്രുവ് ജുറെല്‍, ആര്‍. അശ്വിന്‍, ട്രെന്റ് ബോള്‍ട്ട്, ആവേശ് ഖാന്‍, കുല്‍ദീപ് സെന്‍, യൂസ്വേന്ദ്ര ചഹല്‍.

ഗുജറാത്ത് ടൈറ്റന്‍സ് പ്ലെയിങ് ഇലവന്‍

സായ് സുദര്‍ശന്‍, ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), വിജയ് ശങ്കര്‍, അഭിനവ് മനോഹര്‍, മാത്യു വേഡ് (വിക്കറ്റ് കീപ്പര്‍), രാഹുല്‍ തെവാട്ടിയ, റാഷിദ് ഖാന്‍, മോഹിത് ശര്‍മ, ഉമേഷ് യാദവ്, നൂര്‍ അഹമ്മദ്, സ്‌പെന്‍സര്‍ ജോണ്‍സണ്‍.

Content Highlight: IPL 2024: RR vs GT: Sanju Samson surpassed MS Dhoni and Suresh Raina

We use cookies to give you the best possible experience. Learn more