ഐ.പി.എല്‍ 2024ലെ 24ാം മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തി രാജസ്ഥാന്‍ റോയല്‍സ്. സവായ് മാന്‍സിങ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സാണ് രാജസ്ഥാന്‍ നേടിയത്.
ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെയും യുവതാരം റിയാന്‍ പരാഗിന്റെയും അര്‍ധ സഞ്ച്വറി കരുത്തിലാണ് രാജസ്ഥാന്‍ മികച്ച സ്‌കോറിലെത്തിയത്. പരാഗ് 48 പന്തില്‍ 74 റണ്‍സാണ് നേടിയത്. അഞ്ച് സിക്‌സറും മൂന്ന് ബൗണ്ടറിയും അടങ്ങുന്നതായിരുന്നു പരാഗിന്റെ ഇന്നിങ്‌സ്.
38 പന്തില്‍ പുറത്താകാതെ 68 റണ്‍സാണ് ക്യാപ്റ്റന്‍ സഞ്ജുവിന്റെ സമ്പാദ്യം. മൂന്ന് സിക്‌സറും ഏഴ് ഫോറും അടങ്ങുന്നതായിരുന്നു ക്യാപ്റ്റന്റെ ഇന്നിങ്‌സ്. ഈ സീസണില്‍ സഞ്ജു നേടുന്ന മൂന്നാമത് അര്‍ധ സെഞ്ച്വറിയാണിത്.
മത്സരത്തില്‍ ഒരു മികച്ച നേട്ടവും സഞ്ജുവും റിയാന്‍ പരാഗും സ്വന്തമാക്കിയിരിക്കുന്നു. ഈ സീസണിലെ ഏറ്റവും മികച്ച രണ്ടാമത് പാര്‍ട്ണര്‍ഷിപ്പ് (ഏത് വിക്കറ്റിലും) എന്ന നേട്ടമാണ് ഇരുവും സ്വന്തമാക്കിയത്. ടീം സ്‌കോര്‍ 42ല്‍ നില്‍ക്കവെ ഒന്നിച്ച ഈ കൂട്ടുകെട്ട് പിരിയുന്നത്. 172ലാണ്. 130 റണ്‍സാണ് മൂന്നാം വിക്കറ്റില്‍ സഞ്ജു – പരാഗ് കോംബോ അടിച്ചെടുത്തത്.
ടീം സ്‌കോര്‍ 172ല്‍ നില്‍ക്കവെ റിയാന്‍ പരാഗിനെ പുറത്താക്കി മോഹിത് ശര്‍മയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. ലോങ് ഓഫില്‍ വിജയ് ശങ്കറിന് ക്യാച്ച് നല്‍കിയാണ് പരാഗ് പുറത്തായത്.
ഈ സീസണിലെ ഏറ്റവും മികച്ച കൂട്ടുകെട്ടിന്റെ റെക്കോഡ് സഞ്ജുവും പരാഗും ചേര്‍ന്ന് തകര്‍ക്കുമെന്ന് തോന്നിച്ചിരുന്നു. സഞ്ജു ഉള്‍പ്പെട്ട റെക്കോഡ് മറ്റൊരു പാര്‍ട്ണറിനൊപ്പം രാജസ്ഥാന്‍ നായകന്‍ മറികടക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നത്.
രാജസ്ഥാന്റെ കഴിഞ്ഞ മത്സരത്തില്‍ സഞ്ജുവും ബട്‌ലറും ചേര്‍ന്ന് സ്വന്തമാക്കിയ 148 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഈ റെക്കോഡില്‍ ഇപ്പോഴും ഒന്നാം സ്ഥാനത്ത് തുടരുന്നത്.
ഐ.പി.എല്‍ 2024ലെ മികച്ച കൂട്ടുകെട്ടുകള്‍
(താരങ്ങള്‍ – ടീം – എതിരാളികള്‍ – റണ്‍സ് എന്നീ ക്രമത്തില്‍)
സഞ്ജു സാംസണ്‍ & ജോഷ് ബട്‌ലര്‍ – രാജസ്ഥാന്‍ റോയല്‍സ് – റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – 148
സഞ്ജു സാംസണ്‍ & റിയാന്‍ പരാഗ് – രാജസ്ഥാന്‍ റോയല്‍സ് – ഗുജറാത്ത് ടൈറ്റന്‍സ് – 130
വിരാട് കോഹ്‌ലി & ഫാഫ് ഡു പ്ലെസി – റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – രാജസ്ഥാന്‍ റോയല്‍സ് – 125
ഹെന്റിക് ക്ലാസന്‍ & ഏയ്ഡന്‍ മര്‍ക്രം – സണ്‍റൈസേഴ്‌സ് ഹൈദരാബാദ് – മുംബൈ ഇന്ത്യന്‍സ് – 116
ആംഗ്ക്രിഷ് രഘുവംശി & സുനില്‍ നരെയ്ന്‍ – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – ദല്‍ഹി ക്യാപ്പിറ്റല്‍സ് – 104
ശിഖര്‍ ധവാന്‍ & ജോണി ബെയര്‍സ്‌റ്റോ – പഞ്ചാബ് കിങ്‌സ് – ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് – 102
പന്തെറിഞ്ഞ ടൈറ്റന്‍സ് ബൗളര്‍മാരില്‍ നൂര്‍ അഹമ്മദും ഉമേഷ് യാദവും മോഹിത് ശര്‍മയും അടക്കമുള്ളവര്‍ തല്ലുകൊണ്ടപ്പോള്‍ റാഷിദ് ഖാനോട് മാത്രമാണ് രാജസ്ഥാന്‍ ബഹുമാനം കാണിച്ചത്. നാല് ഓവറില്‍ 18 റണ്‍സ് വഴങ്ങി ഒരു വിക്കറ്റാണ് താരം നേടിയത്. ഉമേഷ് യാദവും മോഹിത് ശര്‍മയുമാണ് ശേഷിക്കുന്ന വിക്കറ്റ് സ്വന്തമാക്കിയത്.
രാജസ്ഥാന്‍ റോയല്‍സ് പ്ലെയിങ് ഇലവന്‍
യശസ്വി ജെയ്‌സ്വാള്‍, ജോഷ് ബട്‌ലര്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍). റിയാന്‍ പരാഗ്, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ധ്രുവ് ജുറെല്‍, ആര്‍. അശ്വിന്‍, ട്രെന്റ് ബോള്‍ട്ട്, ആവേശ് ഖാന്‍, കുല്‍ദീപ് സെന്‍, യൂസ്വേന്ദ്ര ചഹല്‍.
ഗുജറാത്ത് ടൈറ്റന്‍സ് പ്ലെയിങ് ഇലവന്‍
സായ് സുദര്‍ശന്‍, ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), വിജയ് ശങ്കര്‍, അഭിനവ് മനോഹര്‍, മാത്യു വേഡ് (വിക്കറ്റ് കീപ്പര്‍), രാഹുല്‍ തെവാട്ടിയ, റാഷിദ് ഖാന്‍, മോഹിത് ശര്‍മ, ഉമേഷ് യാദവ്, നൂര്‍ അഹമ്മദ്, സ്‌പെന്‍സര്‍ ജോണ്‍സണ്‍.
Content Highlight: IPL 2024: RR vs GT: Sanju Samson and Riyan Parag with second highest partnership of this season