അഞ്ചാം തവണയും ബട്‌ലറിന്റെ രക്തം ചിന്തി റാഷിദ്; രാജസ്ഥാന്റെ പഴയ റോയലിന്റെ കയ്യിലൊതുങ്ങി സെഞ്ചൂറിയന്‍
IPL
അഞ്ചാം തവണയും ബട്‌ലറിന്റെ രക്തം ചിന്തി റാഷിദ്; രാജസ്ഥാന്റെ പഴയ റോയലിന്റെ കയ്യിലൊതുങ്ങി സെഞ്ചൂറിയന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 10th April 2024, 8:29 pm

 

 

ഐ.പി.എല്‍ 2024ലെ 24ാം മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ആദ്യം ബാറ്റ് ചെയ്യുകയാണ്. രാജസ്ഥാന്റെ ഹോം കോട്ടയായ സവായ് മാന്‍സിങ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ ശുഭ്മന്‍ ഗില്‍ ഹോം ടീമിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

പവര്‍പ്ലേക്ക് മുമ്പ് ഓപ്പണര്‍മാര്‍ രണ്ട് പേരെയും രാജസ്ഥാന്‍ റോയല്‍സിന് നഷ്ടമായിരുന്നു. അഞ്ചാം ഓവറിലെ രണ്ടാം പന്തിലാണ് യശസ്വി ജെയ്‌സവാള്‍ പുറത്താകുന്നത്. ഈ സീസണില്‍ ഇനിയും മികച്ച ഫോം കണ്ടെത്താന്‍ സാധിക്കാതെ പോയ ജെയ്‌സ്വാള്‍ 19 പന്തില്‍ 24 റണ്‍സ് നേടിയാണ് മടങ്ങിയത്.

സൂപ്പര്‍ പേസര്‍ ഉമേഷ് യാദവിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ മാത്യു വേഡിന്റെ തകര്‍പ്പന്‍ ക്യാച്ചിലാണ് ജെയ്‌സ്വാള്‍ പുറത്താകുന്നത്.

പവര്‍പ്ലേയിലെ അവസാന ഓവറില്‍ റാഷിദ് ഖാനാണ് ഹോം ടീമിന് അടുത്ത തിരിച്ചടി നല്‍കിയത്. കഴിഞ്ഞ മത്സരത്തില്‍ സെഞ്ച്വറി നേടി ഫോമിലേക്ക് മടങ്ങെയത്തിയ സൂപ്പര്‍ താരം ജോഷ് ബട്‌ലറിനെ റാഷിദ് ഒറ്റയക്കത്തിന് പുറത്താക്കുകയായിരുന്നു.

സ്ലിപ്പില്‍ മുന്‍ രാജസ്ഥാന്‍ റോയല്‍സ് സൂപ്പര്‍ താരം രാഹുല്‍ തെവാട്ടിയക്ക് ഫസ്റ്റ് സ്ലിപ്പില്‍ ക്യാച്ച് നല്‍കിയാണ് താരം പുറത്തായത്. പത്ത് പന്തില്‍ എട്ട് റണ്‍സ് നേടിയാണ് ബട്‌ലര്‍ മടങ്ങിയത്.

ഐ.പി.എല്ലില്‍ ഇത് അഞ്ചാം തവണയാണ് റാഷിദ് ഖാന്‍ ബട്‌ലറിനെ പവലിയനിലേക്ക് തിരിച്ചയക്കുന്നത്.

അതേസമയം, നിലവില്‍ എട്ട് ഓവര്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റിന് 52 എന്ന നിലയിലാണ് രാജസ്ഥാന്‍. 12 പന്തില്‍ ഏഴ് റണ്‍സുമായി റിയാന്‍ പരാഗും ഏഴ് പന്തില്‍ 12 റണ്‍സുമായി ക്യാപ്റ്റന്‍ സഞ്ജു സാംസണുമാണ് ക്രീസില്‍.

 

രാജസ്ഥാന്‍ റോയല്‍സ് പ്ലെയിങ് ഇലവന്‍

യശസ്വി ജെയ്‌സ്വാള്‍, ജോഷ് ബട്‌ലര്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍). റിയാന്‍ പരാഗ്, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ധ്രുവ് ജുറെല്‍, ആര്‍. അശ്വിന്‍, ട്രെന്റ് ബോള്‍ട്ട്, ആവേശ് ഖാന്‍, കുല്‍ദീപ് സെന്‍, യൂസ്വേന്ദ്ര ചഹല്‍.

ഗുജറാത്ത് ടൈറ്റന്‍സ് പ്ലെയിങ് ഇലവന്‍

സായ് സുദര്‍ശന്‍, ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), വിജയ് ശങ്കര്‍, അഭിനവ് മനോഹര്‍, മാത്യു വേഡ് (വിക്കറ്റ് കീപ്പര്‍), രാഹുല്‍ തെവാട്ടിയ, റാഷിദ് ഖാന്‍, മോഹിത് ശര്‍മ, ഉമേഷ് യാദവ്, നൂര്‍ അഹമ്മദ്, സ്‌പെന്‍സര്‍ ജോണ്‍സണ്‍.

 

 

Content highlight: IPL 2024: RR vs GT: Rashid Khan dismissed Jos Buttler for 5th time in IPL