| Wednesday, 10th April 2024, 9:12 pm

രാജസ്ഥാന്റെ കളി കാണാന്‍ ഏതറ്റം വരെയും ഞങ്ങള്‍ പോകും; ഹോട്ട് എയര്‍ ബലൂണില്‍ കയറി ലൈവ് കണ്ട് ആരാധകര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2024ലെ 24ാം മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടുകയാണ്. രാജസ്ഥാന്റെ ഹോം സ്‌റ്റേഡിയമായ സവായ് മാന്‍സിങ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സാണ് എതിരാളികള്‍.

മഴ മൂലം മത്സരത്തിന്റെ ടോസ് വൈകിയിരുന്നു. ടോസ് ഭാഗ്യം തുണച്ച ടൈറ്റന്‍സ് നായകന്‍ ശുഭ്മന്‍ ഗില്‍ ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയയിരുന്നു.

സഞ്ജുവിന്റെയും റിയാന്‍ പരാഗിന്റെയും ബാറ്റിങ്ങിനൊപ്പം ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത് ഒരു ഹോട്ട് എയര്‍ ബലൂണാണ്. സ്‌റ്റേഡിയത്തിന്റെ ഒരു കോണില്‍ രാജസ്ഥാന്റെ ഐക്കോണിക് നിറമായ പിങ്കില്‍ ടീമിന്റെ ലോഗോ പതിച്ച ഹോട്ട് എയര്‍ ബലൂണ്‍ എയറില്‍ തലയുയര്‍ത്തി നില്‍ക്കുകയാണ്.

ബലൂണിലിരുന്ന് ആരാധകര്‍ സ്‌റ്റേഡിയത്തിലെ ലൈവ് മത്സരം കാണുന്നുമുണ്ട്.

രാജസ്ഥാന്‍ റോയല്‍സ് തങ്ങളുടെ സോഷ്യല്‍ മീഡീയ പ്ലാറ്റ്‌ഫോമുകളിലൂടെ ഇക്കാര്യം പങ്കുവെച്ചിട്ടുമുണ്ട്. ഇതിന് പിന്നാലെ ആരാധകരും ഹോട്ട് എയര്‍ ബലൂണിന് പിന്നാലെ കൂടിയിരിക്കുകയാണ്.

അതേസമയം, 17 ഓവര്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ റണ്‍സ് എന്ന നിലയിലാണ് രാജസ്ഥാന്‍. 42 പന്തില്‍ 66 റണ്‍സുമായി റിയാന്‍ പരാഗും 31 പന്തില്‍ 52 റണ്‍സുമായി ക്യാപ്റ്റന്‍ സഞ്ജു സാംസണുമാണ് ക്രീസില്‍.

രാജസ്ഥാന്‍ റോയല്‍സ് പ്ലെയിങ് ഇലവന്‍

യശസ്വി ജെയ്‌സ്വാള്‍, ജോഷ് ബട്‌ലര്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍). റിയാന്‍ പരാഗ്, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ധ്രുവ് ജുറെല്‍, ആര്‍. അശ്വിന്‍, ട്രെന്റ് ബോള്‍ട്ട്, ആവേശ് ഖാന്‍, കുല്‍ദീപ് സെന്‍, യൂസ്വേന്ദ്ര ചഹല്‍.

ഗുജറാത്ത് ടൈറ്റന്‍സ് പ്ലെയിങ് ഇലവന്‍

സായ് സുദര്‍ശന്‍, ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), വിജയ് ശങ്കര്‍, അഭിനവ് മനോഹര്‍, മാത്യു വേഡ് (വിക്കറ്റ് കീപ്പര്‍), രാഹുല്‍ തെവാട്ടിയ, റാഷിദ് ഖാന്‍, മോഹിത് ശര്‍മ, ഉമേഷ് യാദവ്, നൂര്‍ അഹമ്മദ്, സ്‌പെന്‍സര്‍ ജോണ്‍സണ്‍.

Content Highlight: IPL 2024: RR vs GT: Hot air balloon at Sawai Mansingh Stadium

We use cookies to give you the best possible experience. Learn more