ഐ.പി.എല്‍ 2024ലെ രണ്ടാം മത്സരത്തിനിറങ്ങിയ രാജസ്ഥാന്‍ റോയല്‍സ് സ്‌കോര്‍ ബോര്‍ഡില്‍ മികച്ച ടോട്ടല്‍ പടുത്തുയര്‍ത്താന്‍ പാടുപെടുന്ന കാഴ്ചയാണ് ജയ്പൂരില്‍ കാണുന്നത്. സ്വന്തം തട്ടകമായ സവായ് മാന്‍സിങ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സാണ് എതിരാളികള്‍.
മത്സരത്തില്‍ ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത ക്യാപ്റ്റന്‍ റിഷബ് പന്തിന്റെ തീരുമാനത്തിനൊത്ത് ദല്‍ഹി ബൗളര്‍മാര്‍ എറിഞ്ഞുതകര്‍ത്തപ്പോള്‍ രാജസ്ഥാന്റെ ടോപ് ഓര്‍ഡര്‍ നിലം പൊത്തി.
യശസ്വി ജെയ്‌സ്വാള്‍ ഏഴ് പന്തില്‍ അഞ്ച് റണ്‍സ് നേടി പുറത്തായപ്പോള്‍ ബട്‌ലര്‍ 16 പന്തില്‍ 11 റണ്‍സും സഞ്ജു 14 പന്തില്‍ 15 റണ്‍സും നേടി മടങ്ങി.
ദല്‍ഹിയുടെ ഇടംകയ്യന്‍ പേസര്‍ ഖലില്‍ അഹമ്മദിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ റിഷബ് പന്തിന് ക്യാച്ച് നല്‍കിയാണ് സഞ്ജു പുറത്തായത്.
സഞ്ജുവിന്റെ പുതിയ ദൗര്‍ബല്യം മുതലെടുത്താണ് ദല്‍ഹി ക്യാപ്പിറ്റല്‍സ് താരത്തെ പുറത്താക്കിയത്. ഇടംകയ്യന്‍ പേസര്‍മാര്‍ക്കെതിരെ റണ്‍ കണ്ടെത്താനും ക്രീസില്‍ നിലയുറപ്പിക്കാനും പാടുപെടുന്ന സഞ്ജുവിനെതിരെ അതേ തന്ത്രമാണ് ദല്‍ഹിയും പയറ്റിയത്.
2023ന് ശേഷം അഞ്ച് തവണയാണ് സഞ്ജു സാംസണ്‍ ഐ.പി.എല്ലില്‍ ഇടം കയ്യന്‍ പേസര്‍മാര്‍ പുറത്താകുന്നത്.
2023ന് ശേഷം ഐ.പി.എല്ലില്‍ ഏറ്റവുമധികം തവണ ഇടം പേസര്‍മാരാല്‍ പുറത്താകുന്ന താരങ്ങള്‍
വെങ്കിടേഷ് അയ്യര്‍ – 6
സഞ്ജു സാംസണ്‍ – 5*
യശസ്വി ജെയ്‌സ്വാള്‍ – 5
ശിവം ദുബെ – 5
ഇതിന് പുറമെ ഇടംകയ്യന്‍ പേസര്‍മാര്‍ക്കെതിരെ ഏറ്റവും മോശം ബാറ്റിങ് ശരാശരിയുള്ള താരങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് രാജസ്ഥാന്‍ നായകന്‍
ഹര്‍ദിക് പാണ്ഡ്യ – 13.00
സഞ്ജു സാംസണ്‍ – 13.2*
പ്രഭ്‌സിമ്രാന്‍ സിങ് – 22.9
അതേസമയം, 17 ഓവര്‍ പിന്നിടുമ്പോള്‍ 138ന് നാല് എന്ന നിലയിലാണ് രാജസ്ഥാന്‍ റോയല്‍സ്. 36 പന്തില്‍ 57 റണ്‍സുമായി റിയാന്‍ പരാഗും പത്ത് പന്തില്‍ 16 റണ്‍സുമായി ധ്രുവ് ജുറെലുമാണ് ക്രീസില്‍.
രാജസ്ഥാന്‍ റോയല്‍സ് പ്ലെയിങ് ഇലവന്‍
യശസ്വി ജെയ്‌സ്വാള്‍, ജോസ് ബട്‌ലര്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), റിയാന്‍ പരാഗ്, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ധ്രുവ് ജുറെല്‍, ആര്‍.അശ്വിന്‍, ട്രെന്റ് ബോള്‍ട്ട്, ആവേശ് ഖാന്‍, സന്ദീപ് ശര്‍മ, യൂസ്വേന്ദ്ര ചഹല്‍.
ദല്‍ഹി ക്യാപ്പിറ്റല്‍സ് പ്ലെയിങ് ഇലവന്‍
മിച്ചല്‍ മാര്‍ഷ്, ഡേവിഡ് വാര്‍ണര്‍, റിക്കി ഭുയി, റിഷബ് പന്ത് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ട്രിസ്റ്റണ്‍ സ്റ്റബ്സ്, അക്സര്‍ പട്ടേല്‍, സുമിത് കുമാര്‍, കുല്‍ദീപ് യാദവ്, ആന്റിക്നോര്‍ക്യ, ഖലീല്‍ അഹമ്മദ്, മുകേഷ് കുമാര്‍.
Content Highlight: IPL 2024: RR vs DC: Sanju Samson’s struggle against left arm pacers continues