ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ പോയിന്റ് പട്ടികയിലെ രണ്ടാം സ്ഥാനക്കാരായ രാജസ്ഥാനെ പരാജയപ്പെടുത്തി റിഷബ് പന്തും സംഘവും ജയിച്ചുകയറിയിരുന്നു. ദല്‍ഹിയുടെ തട്ടകമായ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 20 റണ്‍സിനായിരുന്നു ഹോം ടീമിന്റെ വിജയം.
ആദ്യം ബാറ്റിങ്ങിനിറങ്ങിയ ക്യാപ്പിറ്റല്‍സ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സാണ് നേടിയത്. 222 റണ്‍സ് ലക്ഷ്യമിട്ടിറങ്ങിയ രാജസ്ഥാന് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സ് മാത്രമാണ് കണ്ടെത്താന്‍ സാധിച്ചത്.
മത്സരത്തിലെ ജയപരാജയങ്ങളേക്കാളേറെ രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണിന്റെ പുറത്താകലാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായത്. മുകേഷ് കുമാര്‍ എറിഞ്ഞ 16ാം ഓവറിലെ നാലാം പന്തിലാണ് സഞ്ജു പുറത്താകുന്നത്. ബൗണ്ടറി ലൈനിന് സമീപം ഷായ് ഹോപ്പിന് ക്യാച്ച് നല്‍കിയാണ് സഞ്ജു പുറത്തായത്.
ബൗണ്ടറി കുഷ്യന് തൊട്ടടുത്ത് നിന്നാണ് ഹോപ് സഞ്ജുവിന്റെ ക്യാച്ചെടുത്തത്. താരത്തിന്റെ കാല്‍ കുഷ്യനില്‍ തട്ടിയിട്ടില്ല എന്ന നിഗമനത്തില്‍ തേര്‍ഡ് അമ്പയര്‍ ഔട്ട് വിധിച്ചു. കോച്ച് സംഗക്കാരയടക്കം രാജസ്ഥാന്‍ ഡഗ് ഔട്ട് ഒന്നടങ്കം തേര്‍ഡ് അമ്പയറുടെ വിധിയില്‍ ഞെട്ടിയിരുന്നു.
ഒരു വൈഡ് റിവ്യൂ ചെയ്യുമ്പോള്‍ മൂന്നും നാലും മിനിട്ടുകളെടുത്ത് പരിശോധിക്കുന്ന മൂന്നാം അമ്പയര്‍ ഈ ഔട്ടില്‍ വിഷ്വലുകള്‍ ആവര്‍ത്തിച്ച് കാണാനോ സൂം ചെയ്ത് നോക്കാനോ മിനക്കെട്ടിരുന്നില്ല. മൂന്നാം അമ്പയറുടെ തീരുമാനത്തില്‍ അതൃപ്തി പ്രകടിപ്പിച്ച സഞ്ജു ഫീല്‍ഡ് അമ്പയര്‍മാരുമായി സംസാരിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ അമ്പയറിന്റെ തീരുമാനത്തില്‍ അതൃപ്തി പ്രകടപ്പിച്ച സഞ്ജുവിന് അപെക്‌സ് ബോര്‍ഡ് പിഴ ശിക്ഷ വിധിച്ചിരിക്കുകയാണ്. മാച്ച് ഫീയുടെ 30 ശതമാമാണ് സഞ്ജു പിഴയായി ഒടുക്കേണ്ടി വരിക.
‘മെയ് ഏഴ് 2024ന് അരുണ്‍ ജെയ്റ്റ്ലി സ്‌റ്റേഡിയത്തില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ മത്സത്തില്‍ രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ്‍ ഐ.പി.എല്‍ പെരുറ്റച്ചട്ടം ലംഘിച്ചതിനാല്‍ മാച്ച് ഫീയുടെ 30 ശതമാനം പിഴയൊടുക്കേണ്ടതാണ്.
ഐ.പി.എല്‍ പെരുമാറ്റച്ചട്ടത്തിന്റെ ആര്‍ട്ടിക്കിള്‍ 2.8 പ്രകാരമുള്ള ലെവല്‍ 1 കുറ്റമാണ് സാംസണ്‍ ചെയ്തിരിക്കുന്നത്. ഇക്കാര്യം അദ്ദേഹം സമ്മതിക്കുകയും മാച്ച് റഫറിയുടെ തീരുമാനം അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്,’ ബി.സി.സി.ഐ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
അതേസമയം, കഴിഞ്ഞ മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത് തുടരുകയാണ് രാജസ്ഥാന്‍ റോയല്‍സ്. 11 മത്സരത്തില്‍ നിന്നും എട്ട് ജയവും മൂന്ന് തോല്‍വിയുമായി 16 പോയിന്റാണ് ടീമിനുള്ളത്. ശേഷിക്കുന്ന മൂന്ന് മത്സരത്തില്‍ ഒരു മത്സരത്തില്‍ വിജയിക്കാന്‍ സാധിച്ചാല്‍ രാജസ്ഥാന് പ്ലേ ഓഫില്‍ പ്രവേശിക്കാം.
മെയ് 12നാണ് രാജസ്ഥാന്റെ അടുത്ത മത്സരം. ചെപ്പോക്കില്‍ നടക്കുന്ന മത്സരത്തില്‍ ഹോം ടീമായ ചെന്നൈ സൂപ്പര്‍ കിങ്സാണ് എതിരാളികള്‍.
Content highlight: IPL 2024: RR vs DC: Sanju Samson fined 30% of match fee for breaching IPL’s code of conduct