| Tuesday, 7th May 2024, 8:10 pm

നിന്നെയോര്‍ത്ത് ഷെയ്ന്‍ വോണ്‍ ഏറെ അഭിമാനിക്കുന്നുണ്ടാകും; ഇനി സ്ഥാനം ഇതിഹാസത്തിനൊപ്പം, ചരിത്രമെഴുതി സഞ്ജു

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2024ലെ 56ാം മത്സരം ദല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ ആരംഭിച്ചിരിക്കുകയാണ്. രാജസ്ഥാന്‍ റോയല്‍സാണ് ഹോം ടീമായ ദല്‍ഹി ക്യാപ്പിറ്റല്‍സിന്റെ എതിരാളികള്‍.

മത്സരത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍ ബൗളിങ് തെരഞ്ഞെടുത്തു.

ഈ മത്സരത്തില്‍ വിജയം മാത്രം ലക്ഷ്യമിട്ടാണ് രാജസ്ഥാന്‍ റോയല്‍സ് കളത്തിലിറങ്ങുന്നത്. റിഷബ് പന്തിനെയും സംഘത്തെയും ഒരിക്കല്‍ക്കൂടി പരാജയപ്പെടുത്തിയാല്‍ സീസണില്‍ പ്ലേ ഓഫിന് യോഗ്യത നേടുന്ന ആദ്യ ടീമാകാന്‍ രാജസ്ഥാന്‍ റോയല്‍സിന് സാധിക്കും.

ഈ നിര്‍ണായക മത്സരത്തില്‍ ഒരു റെക്കോഡ് നേട്ടത്തിന്റെ അകമ്പടിയോടെയാണ് രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ്‍ കളത്തിലിറങ്ങിയിരിക്കുന്നത്. ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ ഏറ്റവുമധികം മത്സരത്തില്‍ നയിച്ച ക്യാപ്റ്റനെന്ന റെക്കോഡാണ് താരം സ്വന്തമാക്കിയിരിക്കുന്നത്.

ക്യാപ്റ്റന്റെ റോളില്‍ ഇത് 56ാം മത്സരത്തിലാണ് സഞ്ജു രാജസ്ഥാനെ നയിക്കുന്നത്. ഇതോടെ ഇതിഹാസ താരം ഷെയ്ന്‍ വോണിന്റെ ക്യാപ്റ്റന്‍സി റെക്കോഡിനൊപ്പമെത്താനും സഞ്ജുവിനായി. ഇനി വോണിനെ പോലെ സഞ്ജുവിന്റെ നേതൃത്വത്തില്‍ രാജസ്ഥാന്‍ കപ്പുയര്‍ത്തുന്നതിനാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

ഇതുവരെ ടീമിനെ നയിച്ച 55 മത്സരത്തില്‍ 30 മത്സരത്തിലും താരം ടീമിനെ വിജയത്തിലേക്ക് നയിച്ചിരുന്നു.

ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ ഏറ്റവുമധികം മത്സരത്തില്‍ നയിച്ച ക്യാപ്റ്റന്‍മാര്‍

(താരം – മത്സരം എന്നീ ക്രമത്തില്‍)

ഷെയ്ന്‍ വോണ്‍ – 56

സഞ്ജു സാംസണ്‍ – 56*

രാഹുല്‍ ദ്രാവിഡ് – 40

സ്റ്റീവ് സ്മിത് – 27

അജിന്‍ക്യ രഹാനെ – 24

ഷെയ്ന്‍ വാട്‌സണ്‍ – 21

അതേസമയം, മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ക്യാപ്പിറ്റല്‍സ് നിലവില്‍ അഞ്ച് ഓവര്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 68 എന്ന നിലയിലാണ്. 20 പന്തില്‍ 50 റണ്‍സടിച്ച ജേക് ഫ്രേസര്‍ മക്ഗൂര്‍ക്കിന്റെ വിക്കറ്റാണ് ടീമിന് നഷ്ടമായിരിക്കുന്നത്.

ഒമ്പത് പന്തില്‍ 17 റണ്‍സുമായി അഭിഷേക് പോരലും ഒരു പന്തില്‍ ഒരു റണ്ണുമായി ഷായ് ഹോപ്പുമാണ് ക്രീസില്‍.

ദല്‍ഹി ക്യാപ്പിറ്റല്‍സ് പ്ലെയിങ് ഇലവന്‍

അഭിഷേക് പോരല്‍, ജേക് ഫ്രേസര്‍ മക്ഗൂര്‍ക്, ഷായ് ഹോപ്, റിഷബ് പന്ത് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, അക്‌സര്‍ പട്ടേല്‍, ഗുലാബ്ദീന്‍ നയീബ്, കുല്‍ദീപ് യാദവ്, മുകേഷ് കുമാര്‍, ഇഷാന്ത് ശര്‍മ, ഖലീല്‍ അഹമ്മദ്.

രാജസ്ഥാന്‍ റോയല്‍സ് പ്ലെയിങ് ഇലവന്‍

യശസ്വി ജെയ്‌സ്വാള്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), റിയാന്‍ പരാഗ്, ശുഭം ദുബെ, റോവ്മന്‍ പവല്‍, ഡൊണോവാന്‍ ഫെരേര, ആര്‍. അശ്വിന്‍, ട്രെന്റ് ബോള്‍ട്ട്, ആവേശ് ഖാന്‍, സന്ദീപ് ശര്‍മ, യൂസ്വേന്ദ്ര ചഹല്‍.

Content highlight: IPL 2024: RR vs DC: Sanju Samson equals Shane Warne’s captaincy record

We use cookies to give you the best possible experience. Learn more