ക്യാപ്പിറ്റല്‍സിനെതിരെ സിക്‌സറടിച്ച് സഞ്ജുവിന്റെ 'ഡബിള്‍ സെഞ്ച്വറി'; ചരിത്രം കുറിച്ച് ഐ.പി.എല്ലിലെ പത്താമന്‍
IPL
ക്യാപ്പിറ്റല്‍സിനെതിരെ സിക്‌സറടിച്ച് സഞ്ജുവിന്റെ 'ഡബിള്‍ സെഞ്ച്വറി'; ചരിത്രം കുറിച്ച് ഐ.പി.എല്ലിലെ പത്താമന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 7th May 2024, 10:46 pm

ഐ.പി.എല്‍ 2024ലെ 56ാം മത്സരം ദല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ പുരോഗമിക്കുകയാണ്. പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള രാജസ്ഥാന്‍ റോയല്‍സാണ് ഹോം ടീമായ ദല്‍ഹി ക്യാപ്പിറ്റല്‍സിന്റെ എതിരാളികള്‍.

മത്സരത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ്‍ എതിരാളികളെ ബാറ്റിങ്ങിനക്കുകയായിരുന്നു.

ആദ്യം ബാറ്റിങ്ങിനിറങ്ങിയ ദല്‍ഹി ക്യാപ്പിറ്റല്‍സ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സാണ് അടിച്ചെടുത്തത്. ഓപ്പണര്‍മാരായ അഭിഷേക് പോരലിന്റെയും ജേക് ഫ്രേസര്‍ മക്ഗൂര്‍ക്കിന്റെയും അര്‍ധ സെഞ്ച്വറികളുടെ കരുത്തിലാണ് ടീം മികച്ച സ്‌കോര്‍ കണ്ടെത്തിയത്.

അഭിഷേക് പോരല്‍ 36 പന്തില്‍ 65 റണ്‍സടിച്ചപ്പോള്‍ 20 പന്തില്‍ 50 റണ്‍സാണ് ജെ.എഫ്.എം നേടിയത്. 20 പന്തില്‍ 41 റണ്‍സ് നേടിയ സൂപ്പര്‍ താരം ട്രിസ്റ്റണ്‍ സ്റ്റബ്സും ക്യാപ്പിറ്റല്‍സ് ടോട്ടലില്‍ നിര്‍ണായകമായി.

222 റണ്‍സ് വിജയലക്ഷ്യവുമായി കളത്തിലിറങ്ങിയ രാജസ്ഥാന് തുടക്കത്തിലേ പിഴച്ചിരുന്നു. ആദ്യ ഓവറിലെ രണ്ടാം പന്തില്‍ യശസ്വി ജെയ്‌സ്വാളിനെ ടീമിന് നഷ്ടമായി.

ഖലീല്‍ അഹമ്മദ് എറിഞ്ഞ ആദ്യം ഓവറിലെ ആദ്യ പന്തില്‍ ബൗണ്ടറി നേടിക്കൊണ്ടായിരുന്നു ജെയ്‌സ്വാള്‍ തുടങ്ങിയത്. എന്നാല്‍ തൊട്ടുത്ത പന്തില്‍ വമ്പനടിക്ക് ശ്രമിച്ച താരത്തിന് പിഴച്ചു. അക്‌സര്‍ പട്ടേലിന്റെ കയ്യിലൊതുങ്ങി ജെയ്‌സ്വാള്‍ മടങ്ങി.

വണ്‍ ഡൗണായി ക്യാപ്റ്റന്‍ സഞ്ജു സാംസണാണ് കളത്തിലിറങ്ങിയത്. നേരിട്ട ആദ്യ പന്തുകളില്‍ പതിഞ്ഞ് തുടങ്ങിയ സഞ്ജു പോകെ പോകെ മൊമെന്റം കണ്ടെടുത്തു. ഒന്നിന് പിന്നാലെ ഒന്നായി പന്തുകള്‍ അതിര്‍ത്തി കടന്നപ്പോള്‍ രാജസ്ഥാന്‍ സ്‌കോര്‍ ബോര്‍ഡും അതിവേഗം ചലിച്ചു.

ഇതിനിടെ താരം ഒരു തകര്‍പ്പന്‍ റെക്കോഡും സ്വന്തമാക്കിയിരുന്നു. മൂന്നാം ഓവറിലെ രണ്ടാം പന്തില്‍ ഖലീല്‍ അഹമ്മദിനെ ഗ്യാലറിയിലെത്തിച്ചതോടെയാണ് സഞ്ജു ഐ.പി.എല്ലിലെ ഒരു എലീറ്റ് ലിസ്റ്റിന്റെ ഭാഗവുമായിരുന്നു. ഐ.പി.എല്ലില്‍ 200ാം സിക്‌സര്‍ പൂര്‍ത്തിയാക്കുന്ന താരങ്ങളുടെ പട്ടികയില്‍ ഇടം നേടിയാണ് സഞ്ജു കളം നിറഞ്ഞാടിയത്.

ഐ.പി.എല്ലില്‍ സിക്‌സറില്‍ ഡബിള്‍ സെഞ്ച്വറി പൂര്‍ത്തിയാക്കുന്ന പത്താമത് താരമാണ് സഞ്ജു. മത്സരത്തില്‍ തുടര്‍ന്നും താരത്തിന്റെ ബാറ്റില്‍ നിന്നും സിക്‌സറുകള്‍ പിറന്നുകൊണ്ടേയിരുന്നു.

ഐ.പി.എല്ലില്‍ ഏറ്റവുമധികം സിക്‌സറുകള്‍ നേടുന്ന താരങ്ങള്‍

(താരം – സിക്‌സര്‍ എന്നീ ക്രമത്തില്‍)

ക്രിസ് ഗെയ്ല്‍ – 357

രോഹിത് ശര്‍മ – 276

വിരാട് കോഹ്‌ലി – 258

എ.ബി. ഡി വില്ലിയേഴ്‌സ് – 251

എം.എസ്. ധോണി – 248

ഡേവിഡ് വാര്‍ണര്‍ – 236

കെയ്‌റോണ്‍ പൊള്ളാര്‍ഡ് – 223

ആന്ദ്രേ റസല്‍ – 207

സഞ്ജു സാംസണ്‍ – 205*

സുരേഷ് റെയ്‌ന – 202

അതേസമയം, അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയാണ് സഞ്ജു ക്രീസില്‍ തുടരുന്നത്. നിലവില്‍ 13 ഓവര്‍ പിന്നിടുമ്പോള്‍ 131ന് മൂന്ന് എന്ന നിലയിലാണ് രാജസ്ഥാന്‍.

35 പന്തില്‍ 74 റണ്‍സുമായി സഞ്ജു സാംസണും മൂന്ന് പന്തില്‍ രണ്ട് റണ്‍സുമായി ശുഭം ദുബെയുമാണ് ക്രീസില്‍.

ദല്‍ഹി ക്യാപ്പിറ്റല്‍സ് പ്ലെയിങ് ഇലവന്‍

അഭിഷേക് പോരല്‍, ജേക് ഫ്രേസര്‍ മക്ഗൂര്‍ക്, ഷായ് ഹോപ്, റിഷബ് പന്ത് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, അക്‌സര്‍ പട്ടേല്‍, ഗുലാബ്ദീന്‍ നയീബ്, കുല്‍ദീപ് യാദവ്, മുകേഷ് കുമാര്‍, ഇഷാന്ത് ശര്‍മ, ഖലീല്‍ അഹമ്മദ്.

രാജസ്ഥാന്‍ റോയല്‍സ് പ്ലെയിങ് ഇലവന്‍

യശസ്വി ജെയ്‌സ്വാള്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), റിയാന്‍ പരാഗ്, ശുഭം ദുബെ, റോവ്മന്‍ പവല്‍, ഡൊണോവാന്‍ ഫെരേര, ആര്‍. അശ്വിന്‍, ട്രെന്റ് ബോള്‍ട്ട്, ആവേശ് ഖാന്‍, സന്ദീപ് ശര്‍മ, യൂസ്വേന്ദ്ര ചഹല്‍.

 

Content Highlight: IPL 2024: RR vs DC: Sanju Samson completes 200 IPL sixes