| Wednesday, 8th May 2024, 7:47 am

വെട്ടിയത് ഗെയ്‌ലിനെയും ധോണിയെയും അടക്കമുള്ള ഇതിഹാസങ്ങളെ; പുറത്താകല്‍ വിവാദം കത്തുമ്പോള്‍ മറുവശത്ത് തലയുയര്‍ത്തി സഞ്ജു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന രാജസ്ഥാന്‍ റോയല്‍സ് – ദല്‍ഹി ക്യാപ്പിറ്റല്‍സ് മത്സരത്തില്‍ റിഷബ് പന്തും സംഘവും ജയിച്ചുകയറിയിരുന്നു. ഹോം ഗ്രൗണ്ടായ അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 20 റണ്‍സിനായിരുന്നു ക്യാപ്പിറ്റല്‍സിന്റെ വിജയം.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ക്യാപ്പിറ്റല്‍സ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സ് നേടി. അഭിഷേക് പോരലിന്റെയും ജേക് ഫ്രേസര്‍ മക്ഗൂര്‍ക്കിന്റെയും അര്‍ധ സെഞ്ച്വറി കരുത്തിലാണ് ക്യാപ്പിറ്റല്‍സ് മികച്ച സ്‌കോറിലെത്തിയത്.

പോരല്‍ 36 പന്തില്‍ 65 റണ്‍സടിച്ചപ്പോള്‍ 20 പന്തില്‍ 50 റണ്‍സ് കണ്ടെത്തിയാണ് മക്ഗൂര്‍ക് മടങ്ങിയത്. 20 പന്തില്‍ 41 റണ്‍സടിച്ച ട്രിസ്റ്റണ്‍ സ്റ്റബ്‌സിന്റെ പ്രകടനവും മത്സരത്തില്‍ നിര്‍ണായകമായി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെ കരുത്തില്‍ വിജയിക്കുമെന്ന് തോന്നിച്ചിരുന്നു. എട്ട് ഫോറും ആറ് സിക്‌സറും ഉള്‍പ്പെടെ 46 പന്തില്‍ 86 റണ്‍സ് നേടിയാണ് സഞ്ജു മടങ്ങിയത്.

മുകേഷ് കുമാര്‍ എറിഞ്ഞ 16ാം ഓവറിലെ നാലാം പന്തില്‍ ബൗണ്ടറി ലൈനിന് സമീപം ഷായ് ഹോപ് ക്യാച്ചെടുത്ത് സഞ്ജുവിനെ പുറത്താക്കുകയായിരുന്നു. താരത്തിന്റെ പുറത്താകല്‍ വലിയ വിവാദങ്ങള്‍ക്കും വഴിവെച്ചിരിക്കുകയാണ്.

ഹോപ് ആ ക്യാച്ച് പൂര്‍ത്തിയാക്കുന്നതിനിടെ കാല്‍ ബൗണ്ടറി റോപ്പിന്റെ കുഷ്യനില്‍ കൊണ്ടുവെന്നാണ് ആരാധകര്‍ പറയുന്നത്. ഇക്കാര്യം വിശദമായി പരിശോധിക്കാന്‍ തേര്‍ഡ് അമ്പയര്‍ തയ്യാറാകാതിരുന്നതാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുന്നത്.

ഒരു വശത്ത് ഈ വിവാദം ചൂടുപിടിക്കുമ്പോഴും മറുവശത്ത് സഞ്ജു നേടിയ റെക്കോഡാണ് ചര്‍ച്ചാ വിഷയം. ഐ.പി.എല്ലില്‍ 200 സിക്‌സറുകള്‍ പൂര്‍ത്തിയാക്കിയ താരങ്ങളുടെ പട്ടികയില്‍ ഇടം നേടിയാണ് സഞ്ജു തിളങ്ങിയത്. രാജസ്ഥാന്‍ ഇന്നിങ്‌സിന്റെ മൂന്നാം പന്തില്‍ ഖലീല്‍ അഹമ്മദിനെ ഗ്യാലറിയിലെത്തിച്ചാണ് സഞ്ജു ഐ.പി.എല്‍ സിക്‌സറുകളില്‍ ഇരട്ട സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.

എന്നാല്‍ ഇതിന് പിന്നാലെ മറ്റൊരു റെക്കോഡ് നേട്ടവും സഞ്ജുവിനെ തേടിയെത്തിയിരുന്നു. കളിച്ച ഇന്നിങ്‌സുകളുടെ അടിസ്ഥാനത്തില്‍ ഐ.പി.എല്ലില്‍ ഏറ്റവും വേഗത്തില്‍ 200 സിക്‌സര്‍ പൂര്‍ത്തിയാക്കിയ താരമെന്ന നേട്ടമാണ് സഞ്ജു നേടിയത്. ധോണിയെ മറികടന്നാണ് സഞ്ജു ഈ നേട്ടത്തിലെത്തിയത്.

ഐ.പി.എല്ലില്‍ വേഗത്തില്‍ 200 സിക്‌സര്‍ പൂര്‍ത്തിയാക്കിയ താരം (ഇന്നിങ്‌സുകളുടെ അടിസ്ഥാനത്തില്‍)

(താരം – 200 സിക്‌സര്‍ പൂര്‍ത്തിയാക്കാനെടുത്ത ഇന്നിങ്‌സ് എന്നീ ക്രമത്തില്‍)

സഞ്ജു സാംസണ്‍ – 159*

എം.എസ്. ധോണി – 165

വിരാട് കോഹ്‌ലി – 180

രോഹിത് ശര്‍മ – 185

സുരേഷ് റെയ്‌ന – 193

കഴിഞ്ഞ മത്സരത്തില്‍ നേടിയ ആറ് സിക്‌സറുകളുടെ ബലത്തില്‍ ഐ.പി.എല്ലില്‍ ഏറ്റവുമധികം സിക്‌സര്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ ഒമ്പതാം സ്ഥാനത്തെത്താനും സഞ്ജുവിനായി.

ഐ.പി.എല്ലില്‍ ഏറ്റവുമധികം സിക്സറുകള്‍ നേടുന്ന താരങ്ങള്‍

(താരം – സിക്സര്‍ എന്നീ ക്രമത്തില്‍)

ക്രിസ് ഗെയ്ല്‍ – 357

രോഹിത് ശര്‍മ – 276

വിരാട് കോഹ്‌ലി – 258

എ.ബി. ഡി വില്ലിയേഴ്സ് – 251

എം.എസ്. ധോണി – 248

ഡേവിഡ് വാര്‍ണര്‍ – 236

കെയ്റോണ്‍ പൊള്ളാര്‍ഡ് – 223

ആന്ദ്രേ റസല്‍ – 207

സഞ്ജു സാംസണ്‍ – 205*

സുരേഷ് റെയ്ന – 202

കഴിഞ്ഞ മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത് തുടരുകയാണ് രാജസ്ഥാന്‍ റോയല്‍സ്. 11 മത്സരത്തില്‍ നിന്നും എട്ട് ജയവും മൂന്ന് തോല്‍വിയുമായി 16 പോയിന്റാണ് ടീമിനുള്ളത്.

മെയ് 12നാണ് രാജസ്ഥാന്റെ അടുത്ത മത്സരം. ചെപ്പോക്കില്‍ നടക്കുന്ന മത്സരത്തില്‍ ഹോം ടീമായ ചെന്നൈ സൂപ്പര്‍ കിങ്‌സാണ് എതിരാളികള്‍.

Content Highlight: IPL 2024: RR vs DC: Sanju Samson becomes the fastest batter to score 200 sixes in IPL history

We use cookies to give you the best possible experience. Learn more