| Wednesday, 8th May 2024, 8:10 am

മഹാഭാരതത്തിലെ അഭിമന്യുവിനെ പോലെ സഞ്ജുവിനെയും പിന്നില്‍ നിന്ന് കുത്തി വീഴ്ത്തിയതോ? ലോകകപ്പില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ താനാണെന്ന സിഗ്നലാണ് അയാള്‍ തന്നത്

സന്ദീപ് ദാസ്

സഞ്ജുവിനെ പിന്നില്‍ നിന്ന് കുത്തിവീഴ്ത്തിയതാണോ? അയാള്‍ ശരിക്കും ഔട്ട് ആയിരുന്നുവോ?

മഹാഭാരതത്തില്‍ ഒരു അഭിമന്യുവിന്റെ കഥയുണ്ട്. കൗരവപ്പടയുടെ ചക്രവ്യൂഹം ഒറ്റയ്ക്ക് ഭേദിച്ച് അകത്തുകടന്ന ധീരയോദ്ധാവിന്റെ കഥ. അഭിമന്യുവിനെ നേര്‍വഴിയിലൂടെ വീഴ്ത്താന്‍ കൗരവര്‍ക്ക് കഴിയില്ലായിരുന്നു. അതുകൊണ്ട് അവര്‍ ധര്‍മത്തെ മറന്ന് അഭിമന്യുവിനെ ചതിച്ചുവീഴ്ത്തി!

ദല്‍ഹിക്കെതിരെയുള്ള സഞ്ജുവിന്റെ ബാറ്റിങ് കണ്ടപ്പോള്‍ അഭിമന്യുവിന്റെ കഥയാണ് ഓര്‍മ്മവന്നത്. പോരില്‍ അയാള്‍ തനിച്ചായിരുന്നു.

ദല്‍ഹി മത്സരത്തിലെ ജേതാക്കളായപ്പോള്‍ ഒരു ചോദ്യം ബാക്കിയാവുന്നുണ്ട്. രാജസ്ഥാന്റെ വിജയം കവര്‍ന്നെടുക്കപ്പെട്ടതാണോ?

ബൗണ്ടറിയുടെ സമീപത്ത് വെച്ച് എടുക്കപ്പെട്ട ഒരു ക്യാച്ചിലൂടെയാണ് സഞ്ജു പുറത്തായത്. ഫീല്‍ഡറുടെ പാദം ബൗണ്ടറി റോപ്പില്‍ സ്പര്‍ശിച്ചു എന്ന് തോന്നിപ്പിക്കുന്ന റീപ്ലേകള്‍ ലഭ്യമായിരുന്നു. ചില കമന്റേറ്റര്‍മാര്‍ അത് ശരിവെച്ചു.

പക്ഷേ മൂന്നാം അമ്പയറായ മൈക്കല്‍ ഗഫിന് അതൊന്നും വിശദമായി പരിശോധിക്കാന്‍ താത്പര്യം ഇല്ലായിരുന്നു! അയാള്‍ തിടുക്കപ്പെട്ട് ഔട്ട് വിധിച്ചു സഞ്ജുവും കാണികളും വിശ്വസിക്കാനാവാതെ തരിച്ചുനിന്നു.

ഒരു വൈഡ് കോള്‍ കൃത്യമാണോ എന്ന് പരിശോധിക്കാന്‍ 3-4 മിനിട്ടുകളാണ് അമ്പയര്‍ മാറ്റിവെച്ചത്. എന്നാല്‍ സഞ്ജു ഔട്ടാണെന്ന് തീരുമാനിക്കാന്‍ അയാള്‍ക്ക് ഏതാനും സെക്കന്റുകള്‍ മതിയായിരുന്നു! മറ്റൊരു ആംഗിള്‍ പരിശോധിക്കാനോ സൂം ചെയ്ത് നോക്കാനോ മൂന്നാം അമ്പയര്‍ തയ്യാറായില്ല!

ഒരു കാര്യം തീര്‍ച്ചയാണ്. സഞ്ജു ഇതിനേക്കാള്‍ ബഹുമാനം അര്‍ഹിക്കുന്നുണ്ട്.

കണക്കുകള്‍ പ്രകാരം രാജസ്ഥാന്‍ തോറ്റു. പക്ഷേ കളി ലൈവ് ആയി കണ്ട ഒരാളും സഞ്ജുവിനെ പരാജിതനായി എണ്ണുന്നുണ്ടാവില്ല.

മത്സരം നടന്നുകൊണ്ടിരിക്കുമ്പോള്‍ ദല്‍ഹിയുടെ പരിശീലകനായ റിക്കി പോണ്ടിങ്ങ് സ്റ്റാര്‍ സ്‌പോര്‍ട്‌സിനോട് സംസാരിച്ചിരുന്നു. അദ്ദേഹം ഒരു നിരീക്ഷണം മുന്നോട്ടുവെച്ചു,

”സഞ്ജു ഒരു ഗംഭീര ബാറ്ററാണ്. പക്ഷേ ഇവിടെനിന്ന് നോക്കുമ്പോള്‍ അയാള്‍ ഓടാന്‍ ബുദ്ധിമുട്ടുന്നത് പോലെ അനുഭവപ്പെടുന്നു!”

കമന്റേറ്ററായിരുന്ന ഡാനി മോറിസണ്‍ അതിനോട് പ്രതികരിച്ചു-

”പേശിവലിവിന്റെ പ്രശ്‌നം സഞ്ജുവിന് ഉണ്ടാവാറുള്ളതാണ്. അയാള്‍ തുടര്‍ന്നും ബാറ്റ് ചെയ്യുമോ എന്ന കാര്യം കാത്തിരുന്ന് കാണാം…!”

അതിനുപിന്നാലെ റാസിക് സലാം പന്തെറിയാനെത്തി. ആ ഓവറില്‍ 17 റണ്‍സാണ് സഞ്ജു അടിച്ചത്! മോറിസണ്‍ ഉടനെ തിരുത്തി-

”സഞ്ജുവിന്റെ പേശികള്‍ക്ക് ഒരു കുഴപ്പവുമില്ല എന്ന് തോന്നുന്നു!”

അതായിരുന്നു സഞ്ജുവിന്റെ പോരാട്ടവീര്യം. ഒരാളും പിന്തുണയ്ക്കാന്‍ ഇല്ലാതിരുന്നിട്ടും അയാള്‍ പൊരുതിക്കയറി.

ജെയ്‌സ്വാള്‍ പെട്ടന്ന് പുറത്തായപ്പോള്‍ സഞ്ജു ഉത്തരവാദിത്തോടെ കളിച്ചു. ജോസ് ബട്‌ലറിനെ വരിഞ്ഞുമുറുക്കിയ ഇഷാന്ത് ശര്‍മയെ സഞ്ജു തല്ലിച്ചതച്ചു. നക്കിള്‍ ബോളുകളെ തന്മയത്വത്തോടെ കൈകാര്യം ചെയ്തു. സഞ്ജുവിന്റെ ടൈമിങ്ങ് സാക്ഷാല്‍ ബ്രയന്‍ ലാറയെപ്പോലും പ്രീതിപ്പെടുത്തി!

സഞ്ജുവിനെ നിങ്ങള്‍ക്ക് കുത്തിവീഴ്ത്താം. കുരിശില്‍ തറയ്ക്കാം. പക്ഷേ ഇന്ത്യന്‍ ടീമിന്റെ നീല ജേഴ്‌സിയണിഞ്ഞ് അയാള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കും!

ടി-20 ലോകകപ്പില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പറാകാന്‍ പോകുന്നത് സഞ്ജുവാണ്. അതിന്റെ സിഗ്‌നലാണ് അയാള്‍ തന്നിട്ടുള്ളത്.
ആടുതോമ സ്‌റ്റൈലില്‍ സഞ്ജു പറയുകയാണ്-
”ഊതരുതേ. ഊതിയാല്‍ തീപ്പൊരി പറക്കും…!”

Content highlight: IPL 2024: RR vs DC:  Sandeep Das writes about Sanju Samson

സന്ദീപ് ദാസ്

എഴുത്തുകാരന്‍

We use cookies to give you the best possible experience. Learn more