| Thursday, 28th March 2024, 10:18 pm

സ്വന്തം റെക്കോഡ് തകരുന്നത് കണ്ട് സഞ്ജു ഇത്രത്തോളം സന്തോഷിച്ച ദിവസം വേറെയുണ്ടാകില്ല; രാജസ്ഥാന്‍ വളര്‍ത്തിയ പരാഗിന് മുമ്പില്‍ വീണ് നായകന്‍

സ്പോര്‍ട്സ് ഡെസ്‌ക്

പുതിയ സീസണില്‍ തങ്ങളുടെ രണ്ടാം മത്സരത്തിനിറങ്ങിയിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ്. തങ്ങളുടെ തട്ടകമായ സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സാണ് എതിരാളികള്‍.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ റിയാന്‍ പരാഗിന്റെ അര്‍ധ സെഞ്ച്വറി കരുത്തില്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സ് നേടി.

45 പന്തില്‍ ആറ് സിക്‌സറിന്റെയും മൂന്ന് ബൗണ്ടറിയുടെയും അകമ്പടിയോടെ 84 റണ്‍സാണ് നേടിയത്. 186.67 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റിലാണ് താരം റണ്ണടിച്ചുകൂട്ടിയത്.

കരിയറിലെ നൂറാം ടി-20 മത്സരത്തിനാണ് റിയാന്‍ പരാഗ് കളത്തിലിറങ്ങിയത്. കരിയരിലെ സുപ്രധാന നാഴികക്കല്ലില്‍ ടി-20യിലെ തന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ എന്ന നേട്ടവും പരാഗ് സ്വന്തമാക്കി.

ഇതിന് പുറമെ മറ്റൊരു തകര്‍പ്പന്‍ റെക്കോഡും റിയാന്‍ പരാഗ് സ്വന്തമാക്കിയിരുന്നു. ടി-20 ഫോര്‍മാറ്റില്‍ നൂറ് മത്സരം കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ താരം എന്ന നേട്ടമാണ് റിയാന്‍ പരാഗ് നേടിയത്.

രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണെ മറികടന്നുകൊണ്ടാണ് പരാഗ് ഈ നേട്ടം സ്വന്തമാക്കിയത്.

ടി-20 ഫോര്‍മാറ്റില്‍ നൂറ് മത്സരം കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ താരങ്ങള്‍

റിയാന്‍ പരാഗ് – 22 വയസും 139 ദിവസവും

സഞ്ജു സാംസണ്‍ – 22 വയസും 157 ദിവസവും

വാഷിങ്ടണ്‍ സുന്ദര്‍ – 22 വയസും 181 ദിവസവും

ഇഷാന്‍ കിഷന്‍ – 22 വയസും 273 ദിവസവും

റിഷബ് പന്ത് – 22 വയസും 361 ദിവസവും

അതേസമയം, രാജസ്ഥാന്‍ ഉയര്‍ത്തിയ 186 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ക്യാപ്പിറ്റല്‍സ് നാല് ഓവര്‍ പിന്നിടുമ്പോള്‍ 34 റണ്‍സിന് രണ്ട് എന്ന നിലയിലാണ്.

12 പന്തില്‍ 23 റണ്‍സടിച്ച മിച്ചല്‍ മാര്‍ഷും രണ്ട് പന്തില്‍ സില്‍വര്‍ ഡക്കായ റിക്കി ഭുയിയുമാണ് പുറത്തായത്. നാന്ദ്രേ ബര്‍ഗറാണ് വിക്കറ്റ് നേടിയത്.

രണ്ട് പന്തില്‍ നാല് റണ്‍സുമായി ക്യാപ്റ്റന്‍ റിഷബ് പന്തും എട്ട് പന്തില്‍ ഏഴ് റണ്‍സുമായി ഡേവിഡ് വാര്‍ണറുമാണ് ക്രീസില്‍.

രാജസ്ഥാന്‍ റോയല്‍സ് പ്ലെയിങ് ഇലവന്‍

യശസ്വി ജെയ്സ്വാള്‍, ജോസ് ബട്ലര്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), റിയാന്‍ പരാഗ്, ഷിംറോണ്‍ ഹെറ്റ്മെയര്‍, ധ്രുവ് ജുറെല്‍, ആര്‍.അശ്വിന്‍, ട്രെന്റ് ബോള്‍ട്ട്, ആവേശ് ഖാന്‍, സന്ദീപ് ശര്‍മ, യൂസ്വേന്ദ്ര ചഹല്‍.

ദല്‍ഹി ക്യാപ്പിറ്റല്‍സ് പ്ലെയിങ് ഇലവന്‍

മിച്ചല്‍ മാര്‍ഷ്, ഡേവിഡ് വാര്‍ണര്‍, റിക്കി ഭുയി, റിഷബ് പന്ത് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, അക്‌സര്‍ പട്ടേല്‍, സുമിത് കുമാര്‍, കുല്‍ദീപ് യാദവ്, ആന്റിക് നോര്‍ക്യ, ഖലീല്‍ അഹമ്മദ്, മുകേഷ് കുമാര്‍.

Content highlight: IPL 2024: RR vs DC: Riyan Parag becomes the youngest Indian player to play 100 T20 match

We use cookies to give you the best possible experience. Learn more