കഴിഞ്ഞ ദിവസം നടന്ന ദല്‍ഹി ക്യാപ്പിറ്റല്‍സ് – രാജസ്ഥാന്‍ റോയല്‍സ് മത്സരത്തില്‍ സഞ്ജു സാംസണിന്റെ പുറത്താകലില്‍ പ്രതികരണവുമായി മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരവും കമന്റേറ്ററുമായ നവ്‌ജ്യോത് സിങ് സിദ്ധു. ആ ക്യാച്ചെടുക്കുന്നിതിനിടെ ഷായ് ഹോപ്പിന്റെ കാല്‍ ബൗണ്ടറി റോപ്പില്‍ തട്ടിയിട്ടുണ്ടെന്നാണ് സിദ്ധു പറയുന്നത്.
മുകേഷ് കുമാര്‍ എറിഞ്ഞ 16ാം ഓവറിലെ നാലാം പന്തിലാണ് സഞ്ജു പുറത്താകുന്നത്. ബൗണ്ടറി ലൈനിന് സമീപം ഷായ് ഹോപ് സഞ്ജുവിനെ ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു.
ബൗണ്ടറി കുഷ്യന് തൊട്ടടുത്ത് നിന്നാണ് ഹോപ് സഞ്ജുവിന്റെ ക്യാച്ചെടുത്തത്. താരത്തിന്റെ കാല്‍ കുഷ്യനില്‍ തട്ടിയിട്ടില്ല എന്ന നിഗമനത്തില്‍ മൂന്നാം അമ്പയര്‍ മൈക്കല്‍ ഗഫ് ഔട്ട് വിധിച്ചു. കോച്ച് സംഗക്കാരയടക്കം രാജസ്ഥാന്‍ ഡഗ് ഔട്ട് ഒന്നടങ്കം തേര്‍ഡ് അമ്പയറുടെ വിധിയില്‍ ഞെട്ടിയിരുന്നു.
മൂന്നാം അമ്പയര്‍ ഈ ഔട്ടില്‍ വിഷ്വലുകള്‍ ആവര്‍ത്തിച്ച് കാണാനോ സൂം ചെയ്ത് നോക്കാനോ ശ്രമിച്ചിരുന്നില്ല. മൂന്നാം അമ്പയറുടെ തീരുമാനത്തില്‍ അതൃപ്തി പ്രകടിപ്പിച്ച സഞ്ജു ഫീല്‍ഡ് അമ്പയര്‍മാരുമായി സംസാരിക്കുകയും ചെയ്തിരുന്നു.
സഞ്ജു പുറത്തായതോടെ ക്യാപ്പിറ്റല്‍സ് മത്സരം തങ്ങള്‍ക്കനുകൂലമാക്കുകയായിരുന്നു.
മത്സരശേഷം സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ നടന്ന ചര്‍ച്ചയ്ക്കിടെയാണ് സിദ്ധു മത്സരത്തിലെ മോശം അമ്പയറിങ്ങിനെതിരെ ആഞ്ഞടിച്ചത്.
‘ഫീല്‍ഡര്‍ രണ്ട് തവണ ബൗണ്ടറി റോപ്പില്‍ തൊട്ടിരുന്നു, ഇക്കാരണം കൊണ്ട് തന്നെ സഞ്ജു സാംസണ്‍ ഒരിക്കലും ഔട്ടല്ല. വിവിധ ആംഗിളുകളില്‍ നിന്നും തേര്‍ഡ് അമ്പയര്‍ ഇക്കാര്യം പരിശോധിക്കണമായിരുന്നു. ശരിയായി ഉപയോഗിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ ഈ ടെക്‌നോളജികളെല്ലാം ഉപേക്ഷിക്കൂ.
സഞ്ജുവിന്റെ പുറത്താകലാണ് മത്സരത്തെ തന്നെ മാറ്റിമറിച്ചത്. ഇതില്‍ വ്യത്യസ്ത അഭിപ്രായങ്ങളുണ്ടായിരിക്കാം, എന്നാല്‍ വിവിധ ആംഗിളുകളില്‍ നിന്ന് ഇത് പരിശോധിച്ചാല്‍ ഒന്നല്ല, രണ്ട് തവണ അവന്റെ (ഷായ് ഹോപ്) കാല്‍ ബൗണ്ടറി റോപ്പില്‍ തട്ടിയതായി കാണാം,’ സിദ്ധു പറഞ്ഞു.
പുറത്താകലിന് പിന്നാലെ സഞ്ജുവിന് പിഴ ശിക്ഷയും ബി.സി.സി.ഐ വിധിച്ചിരുന്നു ടൂര്‍ണമെന്റിന്റെ പെരുമാറ്റച്ചട്ടം ലംഘിച്ചിതിനാല്‍ മാച്ച് ഫീയുടെ 30 ശതമാനമാണ് താരത്തിന് പിഴയിട്ടിരിക്കുന്നത്.
‘മെയ് ഏഴ് 2024ന് അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ മത്സത്തില്‍ രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ്‍ ഐ.പി.എല്‍ പെരുറ്റച്ചട്ടം ലംഘിച്ചതിനാല്‍ മാച്ച് ഫീയുടെ 30 ശതമാനം പിഴയൊടുക്കേണ്ടതാണ്.
ഐ.പി.എല്‍ പെരുമാറ്റച്ചട്ടത്തിന്റെ ആര്‍ട്ടിക്കിള്‍ 2.8 പ്രകാരമുള്ള ലെവല്‍ 1 കുറ്റമാണ് സാംസണ്‍ ചെയ്തിരിക്കുന്നത്. ഇക്കാര്യം അദ്ദേഹം സമ്മതിക്കുകയും മാച്ച് റഫറിയുടെ തീരുമാനം അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്,’ ബി.സി.സി.ഐ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
Content highlight: IPL 2024: RR vs DC: Navjot Singh Sidhu slams poor umpiring