കയ്യില്‍ എമ്പാടും കാശുണ്ടെന്ന് കരുതി മാന്യത വാങ്ങാന്‍ സാധിക്കില്ലല്ലോ, ടൂര്‍ണമെന്റിന് അപമാനം; ദല്‍ഹി ഉടമക്കെതിരെ ആരാധക രോഷം
IPL
കയ്യില്‍ എമ്പാടും കാശുണ്ടെന്ന് കരുതി മാന്യത വാങ്ങാന്‍ സാധിക്കില്ലല്ലോ, ടൂര്‍ണമെന്റിന് അപമാനം; ദല്‍ഹി ഉടമക്കെതിരെ ആരാധക രോഷം
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 8th May 2024, 10:15 am

 

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന രാജസ്ഥാന്‍ റോയല്‍സ് – ദല്‍ഹി ക്യാപ്പിറ്റല്‍സ് മത്സരത്തില്‍ പോയിന്റ് പട്ടികയിലെ രണ്ടാം സ്ഥാനക്കാരായ രാജസ്ഥാനെ പരാജയപ്പെടുത്തി റിഷബ് പന്തും സംഘവും ജയിച്ചുകയറിയിരുന്നു. ഹോം ഗ്രൗണ്ടായ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 20 റണ്‍സിനായിരുന്നു ക്യാപ്പിറ്റല്‍സിന്റെ വിജയം.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ക്യാപ്പിറ്റല്‍സ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സ് നേടി. 222 റണ്‍സ് ലക്ഷ്യമിട്ടിറങ്ങിയ രാജസ്ഥാന് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.

കഴിഞ്ഞ ദിവസത്തെ മത്സരഫലത്തേക്കാളേറെ രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണിന്റെ പുറത്താകലാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായത്. മത്സരത്തിന്റെ നിര്‍ണായക നിമിഷത്തില്‍ വിഷ്വല്‍സ് വീണ്ടും പരിശോധിക്കാന്‍ ശ്രമിക്കാതിരുന്ന തേര്‍ഡ് അമ്പയറുടെ അലംഭാവമാണ് വിമര്‍ശിക്കപ്പെടുന്നത്.

മുകേഷ് കുമാര്‍ എറിഞ്ഞ 16ാം ഓവറിലെ നാലാം പന്തിലാണ് സഞ്ജു പുറത്താകുന്നത്. ബൗണ്ടറി ലൈനിന് സമീപം ഷായ് ഹോപ്പിന് ക്യാച്ച് നല്‍കിയാണ് സഞ്ജു പുറത്തായത്.

ബൗണ്ടറി കുഷ്യന് തൊട്ടടുത്ത് നിന്നാണ് ഹോപ് ക്യാച്ചെടുത്തത്. താരത്തിന്റെ കാല്‍ കുഷ്യനില്‍ തട്ടിയിട്ടില്ല എന്ന നിഗമനത്തില്‍ തേര്‍ഡ് അമ്പയര്‍ ഔട്ട് വിധിച്ചു. കോച്ച് സംഗക്കാരയടക്കം രാജസ്ഥാന്‍ ഡഗ് ഔട്ട് ഒന്നടങ്കം തേര്‍ഡ് അമ്പയറുടെ വിധിയില്‍ ഞെട്ടിയിരുന്നു.

ഒരു വൈഡ് കോളിനായി മൂന്നും നാലും മിനിട്ടുകളെടുക്കുന്ന മൂന്നാം അമ്പയര്‍ ഈ ഔട്ടില്‍ വിഷ്വലുകള്‍ ആവര്‍ത്തിച്ച് കാണാനോ സൂം ചെയ്ത് നോക്കാനോ മിനക്കെട്ടിരുന്നില്ല. മൂന്നാം അമ്പയറുടെ തീരുമാനത്തില്‍ അതൃപ്തി പ്രകടിപ്പിച്ച സഞ്ജു ഫീല്‍ഡ് അമ്പയര്‍മാരുമായി സംസാരിക്കുകയും ചെയ്തിരുന്നു.

സഞ്ജു സംസാരിക്കുന്ന വേളയില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സ് ഉടമ പാര്‍ത്ഥ് ജിന്‍ഡാല്‍ അത് ഔട്ടാണെന്ന് ആക്രോശിക്കുന്നുണ്ടായിരുന്നു. അത് ഔട്ടാണെന്നും സഞ്ജുവിനോട് പുറത്ത് പോകാനുമാണ് അയാള്‍ ഉച്ചത്തില്‍ വിളിച്ചുപറഞ്ഞത്.

ഒടുവില്‍ റിവ്യൂ എടുക്കാനുള്ള ഓപ്ഷന്‍ പോലുമില്ലാതെ സഞ്ജു പുറത്താവുകയും ചെയ്തു.

ജിന്‍ഡാലിന്റെ പ്രവൃത്തിയില്‍ ആരാധകരും രംഗത്തെത്തിയിരിക്കുകയാണ്. ജിന്‍ഡാല്‍ സ്‌റ്റേഡിയത്തില്‍ നിന്നും അലറി വിളിച്ച നിമിഷം മുതല്‍ ഇപ്പോഴും ദല്‍ഹി ഉടമക്കെതിരെ ആരാധകര്‍ അതൃപ്തി അറിയിക്കുകയാണ്.

ജിന്‍ഡാലിന്റെ പ്രവൃത്തി തീര്‍ത്തും അപമാനകരമാണെന്നും ഇതാദ്യമായല്ല ഇയാള്‍ ഇത്തരത്തില്‍ നിലമറന്ന് പെരുമാറുന്നതെന്നും ആരാധകര്‍ പറയുന്നു. കയ്യില്‍ കാശുണ്ടെന്ന് കരുതി മാന്യത പണംകൊടുത്ത് വാങ്ങാന്‍ സാധിക്കില്ലല്ലോ എന്നും ഇവര്‍ പറയുന്നു.

അടുത്ത മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ഇതിനെല്ലാം പലിശയും ചേര്‍ത്ത് തന്നോളുമെന്ന് പറയുന്നവരും കുറവല്ല.

മെയ് 12നാണ് ദല്‍ഹി – ബെംഗളൂരു പോരാട്ടം. ചിന്നസ്വാമിയാണ് വേദി.

അതേസമയം, രാജസ്ഥാനെതിരായ വിജയത്തിന് പിന്നാലെ പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്ക് ഉയര്‍ന്നരിക്കുകാണ് ദല്‍ഹി. 12 മത്സരത്തില്‍ നിന്നും 12 പോയിന്റാണ് ടീമിനുള്ളത്. ക്യാപ്പിറ്റല്‍സ് അടക്കം നാല് ടീമുകളാണ് ഇപ്പോള്‍ 12 പോയിന്റുമായി പ്ലേ ഓഫ് ലക്ഷ്യമിടുന്നത്.

 

 

Content Highlight: IPL 2024: RR vs DC: Fans slams  Delhi Capitals owner Parth Jindal