മാറ്റമേതുമില്ലാതെ സഞ്ജു, ചരിത്ര നേട്ടത്തില്‍ പന്ത്; കീപ്പര്‍ ക്യാപ്റ്റന്‍ ക്ലാഷില്‍ തീ പാറിക്കാന്‍ രാജസ്ഥാന്‍
IPL
മാറ്റമേതുമില്ലാതെ സഞ്ജു, ചരിത്ര നേട്ടത്തില്‍ പന്ത്; കീപ്പര്‍ ക്യാപ്റ്റന്‍ ക്ലാഷില്‍ തീ പാറിക്കാന്‍ രാജസ്ഥാന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 28th March 2024, 7:24 pm

ഐ.പി.എല്‍ 2024ലെ രണ്ടാം മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ദല്‍ഹി ക്യാപ്പിറ്റല്‍സിനെ നേരിടുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ദല്‍ഹി ക്യാപ്പിറ്റല്‍സ് നായകന്‍ റിഷബ് പന്ത് ബൗളിങ് തെരഞ്ഞെടുത്തു.

ടോസ് നേടിയാല്‍ തങ്ങളും ബൗളിങ് തന്നെയാണ് തെരഞ്ഞെടുക്കാന്‍ ഉദ്ദേശിച്ചിരുന്നതെന്ന് രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ്‍ പറഞ്ഞു.

സ്വന്തം തട്ടകമായ സവായ് മാന്‍സിങ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ രണ്ടാം ജയമാണ് ക്യാപ്റ്റന്‍ സഞ്ജുവും രാജസ്ഥാനും ലക്ഷ്യമിടുന്നത്. അതേസമയം, ആദ്യ മത്സരത്തിലെ പരാജയം മറികടക്കാനാണ് ദല്‍ഹി ഒരുങ്ങുന്നത്.

ആദ്യ മത്സരത്തിലെ അതേ ടീമുമായാണ് സഞ്ജുവും സംഘവും കളത്തിലിറങ്ങുന്നത്. അതേസമയം, ആദ്യ മത്സരത്തില്‍ നിന്നും രണ്ട് മാറ്റങ്ങളാണ് ദല്‍ഹി വരുത്തിയിരിക്കുന്നത്.

പഞ്ചാബിനെതിരായ മത്സരത്തില്‍ പരിക്കേറ്റ വെറ്ററന്‍ പേസര്‍ ഇഷാന്ത് ശര്‍മ പൂര്‍ണ ആരോഗ്യവാനായി മടങ്ങിയെത്തിയിട്ടില്ല. താരത്തിന് പകരം ആന്റിക് നോര്‍ക്യയാണ് ടീമിന്റെ ഭാഗമായിരിക്കുന്നത്. മുകേഷ് കുമാറാണ് രണ്ടാം താരം.

ദല്‍ഹി നായകന്‍ റിഷബ് പന്തിനെ സംബന്ധിച്ച് ഈ മത്സരം ഏറെ സ്‌പെഷ്യലാണ്. ദല്‍ഹി ക്യാപ്പിറ്റല്‍സിനായി നൂറാം മത്സരത്തിലാണ് പന്ത് കളത്തിലിറങ്ങുന്നത്. ക്യാപ്പിറ്റല്‍സിനായി നൂറ് മത്സരം കളിക്കുന്ന ആദ്യ താരമാണ് പന്ത്.

രാജസ്ഥാന്‍ റോയല്‍സ് പ്ലെയിങ് ഇലവന്‍

യശസ്വി ജെയ്‌സ്വാള്‍, ജോസ് ബട്‌ലര്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), റിയാന്‍ പരാഗ്, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ധ്രുവ് ജുറെല്‍, ആര്‍.അശ്വിന്‍, ട്രെന്റ് ബോള്‍ട്ട്, ആവേശ് ഖാന്‍, സന്ദീപ് ശര്‍മ, യൂസ്വേന്ദ്ര ചഹല്‍.

ദല്‍ഹി ക്യാപ്പിറ്റല്‍സ് പ്ലെയിങ് ഇലവന്‍

മിച്ചല്‍ മാര്‍ഷ്, ഡേവിഡ് വാര്‍ണര്‍, റിക്കി ഭുയി, റിഷബ് പന്ത് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, അക്‌സര്‍ പട്ടേല്‍, സുമിത് കുമാര്‍, കുല്‍ദീപ് യാദവ്, ആന്റിക് നോര്‍ക്യ, ഖലീല്‍ അഹമ്മദ്, മുകേഷ് കുമാര്‍.

 

Content highlight: IPL 2024: RR vs DC: Delhi Capitals won the toss and elect to field first