| Monday, 13th May 2024, 9:21 am

സഞ്ജുവിന്റെ രാജസ്ഥാനെ വീഴ്ത്തിയിട്ടും ധോണിപ്പട സമ്മർദത്തിൽ; ബെംഗളൂരുവിനെതിരെ ഇങ്ങനെ സംഭവിച്ചാൽ ചെന്നൈ പുറത്താവും...

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ അഞ്ച് വിക്കറ്റുകള്‍ക്ക് പരാജയപ്പെടുത്തി ചെന്നൈ സൂപ്പര്‍ കിങ്‌സ് സീസണിലെ തങ്ങളുടെ ഏഴാം വിജയം സ്വന്തമാക്കിയിരുന്നു.

ചെന്നൈയുടെ തട്ടകമായ ചെപ്പോക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സ് ആണ് നേടിയത്.

വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ചെന്നൈ 18.2 ഓവറില്‍ അഞ്ചു വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു. ജയത്തോടെ 13 മത്സരങ്ങളില്‍ നിന്നും ഏഴു വിജയവുമായി 14 പോയിന്റോടെ മൂന്നാം സ്ഥാനത്തെത്താനും ചെന്നൈക്ക് സാധിച്ചു.

അതേസമയം ഇന്നലെ രാത്രി നടന്ന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ദല്‍ഹി ക്യാപിറ്റല്‍സിനെതിരെ 47 റണ്‍സിന്റെ വിജയവും സ്വന്തമാക്കിയിരുന്നു. ബെംഗളൂരുവിന്റെ സീസണിലെ തുടര്‍ച്ചയായ അഞ്ചാം വിജയമായിരുന്നു ഇത്.

ജയത്തോടെ പോയിന്റ് ടേബിളില്‍ 13 മത്സരങ്ങളില്‍ നിന്നും ആറ് വിജയവും ഏഴ് തോല്‍വിയും അടക്കം 12 പോയിന്റോടെ അഞ്ചാം സ്ഥാനത്തേക്ക് മുന്നേറാനും റോയല്‍ ചലഞ്ചേഴ്‌സിന് സാധിച്ചു.

ഈ വിജയത്തോടെ പ്ലേയോഫിലേക്ക് മുന്നേറാനുള്ള ചലഞ്ചേഴ്‌സിന്റെ സാധ്യതകള്‍ വീണ്ടും സജീവമായിരിക്കുകയാണ്. മെയ് 18ന് ബെംഗളൂരുവിന്റെ തട്ടകമായ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരമാണ് എല്ലാ ക്രിക്കറ്റ് ആരാധകരും ഉറ്റുനോക്കുന്നത്. ഈ മത്സരത്തിനു മുന്നോടിയായി ഇരു ടീമുകള്‍ക്കും പ്ലെയോഫിലേക്ക് കയറണമെങ്കില്‍ കണക്കിലെ കളികള്‍ കൂടി വിജയിക്കണം.

നിലവില്‍ ചെന്നൈക്ക് +0.528 ആണ് റണ്‍ റേറ്റ് ഉള്ളത്. മറുഭാഗത്ത് ബെംഗളൂരുവിന് +0.387 ആണ് റണ്‍ റേറ്റ്. ഈ സാഹചര്യത്തില്‍ അവസാന മത്സരത്തില്‍ ബെംഗളൂരു ആദ്യം ബാറ്റ് ചെയ്യുകയാണെങ്കില്‍ 180-220 റണ്‍സ് നേടുകയും 18 റണ്‍സിന് വിജയിക്കുകയും ചെയ്താല്‍ ബെംഗളൂരുവിന് ചെന്നൈയുടെ റണ്‍ റേറ്റ് മറികടക്കാന്‍ സാധിക്കും. റോയല്‍ ചലഞ്ചേഴ്‌സ് 18 റണ്‍സിന് വിജയിക്കുകയാണെങ്കില്‍ അവരുടെ റണ്‍ റേറ്റ് +0.425 ആയി മാറുകയും ചെന്നൈയുടെ റണ്‍ റേറ്റ് -0.424 ആയി കുറയുകയും ചെയ്യും.

അതേസമയം ചെന്നൈയാണ് ആദ്യം ബാറ്റ് ചെയ്യുന്നതെങ്കില്‍ 180-220 റണ്‍സിനുള്ളില്‍ സ്‌കോര്‍ ചെയ്യുകയും ബെംഗളൂരു 18.1 ഓവറില്‍ ചെയ്സ് ചെയ്തു മറികടക്കുകയും ചെയ്താലും ബെംഗളൂരുവിന് ചെന്നൈയുടെ റണ്‍ റേറ്റ് മറികടന്ന് മുന്നേറാന്‍ സാധിക്കും. ആര്‍.സി.ബി 18.1 ഓവറില്‍ വിജയിച്ചാല്‍ ബെംഗളൂരുവിന്റെ റണ്‍ റേറ്റ് +0.433 ആവുകയും സൂപ്പര്‍ കിങ്സിന്റെ റണ്‍ റേറ്റ് +0.427 ആയി കുറയുകയും ചെയ്യും.

ആദ്യ എട്ട് മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ വെറും ഒരു ജയം മാത്രം ഉണ്ടായിരുന്ന റോയല്‍ ചലഞ്ചേഴ്‌സ് ഇപ്പോള്‍ അവസാനത്തെ അഞ്ച് മത്സരങ്ങളും വിജയിച്ചു കൊണ്ട് അത്ഭുതകരമായ മുന്നേറ്റമാണ് നടത്തിയത്. ഐപിഎല്‍ ആവേശകരമായി അവസാനത്തോട് അടുക്കുമ്പോള്‍ ഏതെല്ലാം ടീമുകള്‍ പ്ലേ ഓഫ് കളിക്കും എന്ന് കണ്ടു തന്നെ അറിയണം.

Content Highlight: IPL 2024 Royal Challengers Bangalore play off chances

Latest Stories

We use cookies to give you the best possible experience. Learn more