| Monday, 15th April 2024, 6:26 pm

എട്ട് സെഞ്ച്വറിയടിച്ച വിരാടിനും ആറെണ്ണമടിച്ച ഗെയിലും ബട്‌ലറിനും പോലും സാധിക്കാത്തത് വെറും രണ്ട് സെഞ്ച്വറിയില്‍; ആ നേട്ടത്തില്‍ ഇവനൊറ്റക്ക്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2024ല്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് പരാജയപ്പെട്ടിരുന്നു. സ്വന്തം തട്ടകമായ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 20 റണ്‍സിനാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് മുംബൈയെ തകര്‍ത്തുവിട്ടത്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സ് നേടി. ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദ്, സൂപ്പര്‍ താരം ശിവം ദുബെ, എം.എസ്. ധോണി എന്നിവരുടെ വെടിക്കെട്ട് ഇന്നിങ്സാണ് ചെന്നൈയെ കൂറ്റന്‍ സ്‌കോറിലെത്തിച്ചത്.

ഗെയ്ക്വാദ് 40 പന്തില്‍ 69 റണ്‍സ് നേടിയപ്പോള്‍ 38 പന്തില്‍ 66 റണ്‍സാണ് ദുബെ നേടിയത്. നേരിട്ട നാല് പന്തില്‍ മൂന്ന് സിക്സറടക്കം 500.00 സ്ട്രൈക്ക് റേറ്റില്‍ 20 റണ്‍സാണ് മുന്‍ ചെന്നൈ നായകന്‍ അടിച്ചുകൂട്ടിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ ഇന്ത്യന്‍സ് രോഹിത് ശര്‍മയുടെ സെഞ്ച്വറി കരുത്തില്‍ പൊരുതി നോക്കിയെങ്കിലും വിജയിക്കാന്‍ സാധിച്ചില്ല. 63 പന്തില്‍ 105 റണ്‍സാണ് താരം നേടിയത്. ഐ.പി.എല്ലില്‍ രോഹിത്തിന്റെ രണ്ടാം സെഞ്ച്വറി നേട്ടമാണിത്.

ഈ സെഞ്ച്വറിക്ക് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടവും രോഹിത് സ്വന്തമാക്കിയിരുന്നു. ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ ഓപ്പണറായും നോണ്‍ ഓപ്പണറായും സെഞ്ച്വറി നേടുന്ന ആദ്യ താരം എന്ന നേട്ടമാണ് ഹിറ്റ്മാന്‍ സ്വന്തമാക്കിയത്.

ഐ.പി.എല്ലിന്റെ അഞ്ചാം എഡിഷനിലാണ് രോഹിത്ത് ആദ്യമായി സെഞ്ച്വറി നേടിയത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സത്തില്‍ പുറത്താകാതെ 109 റണ്‍സാണ് രോഹിത് നേടിയത്.

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ രണ്ട് റണ്‍സിന് പുറത്തായതിന് പിന്നാലെ മൂന്നാം നമ്പറിലാണ് രോഹിത് കളത്തിലിറങ്ങിയത്. 60 പന്ത് നേരിട്ട് 12 ഫോറും അഞ്ച് സിക്‌സറും അടക്കമാണ് രോഹിത് റണ്ണടിച്ചുകൂട്ടിയത്. മത്സരത്തില്‍ മുംബൈ വിജയിച്ചപ്പോള്‍ പ്ലെയര്‍ ഓഫ് ദി മാച്ച് ആയി തെരഞ്ഞെടുക്കപ്പെട്ടത് രോഹിത് ശര്‍മയെയായിരുന്നു.

ഇപ്പോള്‍ 12 വര്‍ഷങ്ങള്‍ക്ക് ശേഷം രോഹിത്തിന്റെ ബാറ്റില്‍ നിന്നും മറ്റൊരു സെഞ്ച്വറി കൂടി പിറവിയെടുത്തിരിക്കുകയാണ്. ഇത്തവണ ഓപ്പണറായാണ് താരം സെഞ്ച്വറി നേടിയത്. എന്നാല്‍ മത്സരത്തില്‍ പരാജയപ്പെടാനായിരുന്നു രോഹിത്തിന്റെ വിധി.

ഇതിന് പുറമെ ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കൂടിയ രണ്ടാമത് താരമെന്ന നേട്ടവും രോഹിത് സ്വന്തമാക്കി. സച്ചിന്‍ ടെന്‍ഡുല്‍ക്കറിന് പിന്നാലെ രണ്ടാമനായാണ് താരം പട്ടികയില്‍ ഇടം നേടിയത്.

36 വയസും 350 ദിവസവും പ്രായമുള്ളപ്പോഴാണ് രോഹിത് കഴിഞ്ഞ ദിവസം സെഞ്ച്വറി നേടിയത്. 2011ല്‍ ഐ.പി.എല്‍ കരിയറിലെ ഏക ട്രിപ്പിള്‍ ഡിജിറ്റ് തികയ്ക്കുമ്പോള്‍ 37 വയസും 356 ദിവസവുമായിരുന്നു സച്ചിന്റെ പ്രായം.

അതേസമയം, കഴിഞ്ഞ മത്സരത്തില്‍ പരാജയപ്പെട്ടതോടെ പോയിന്റ് പട്ടികയില്‍ എട്ടാം സ്ഥാനത്താണ് മുംബൈ. പഞ്ചാബ് കിങ്സിനെതിരെ ഏപ്രില്‍ 18നാണ് മുംബൈയുടെ അടുത്ത മത്സരം. പഞ്ചാബ് കിങ്‌സിന്റെ ഹോം ഗ്രൗണ്ടായ മഹാരാജ യാദവീന്ദ്ര സ്റ്റേഡിയമാണ് വേദി.

Content Highlight: IPL 2024: Rohit Sharma is the only player in the IPL to score a century as opener and non opener

We use cookies to give you the best possible experience. Learn more