ഐ.പി.എല്ലിലെ അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തിനാണ് രാജസ്ഥാന്‍ റോയല്‍സ് ഒരുങ്ങുന്നത്. സ്വന്തം തട്ടകമായ അസമിലെ ബര്‍സാപര സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് എതിരാളികള്‍.
ഒന്നിന് പിന്നാലെ ഒന്ന് എന്ന നിലയില്‍ തോല്‍വികളേറ്റുവാങ്ങുന്ന രാജസ്ഥാന്‍ റോയല്‍സ് ആദ്യ ക്വാളിഫയര്‍ മത്സരത്തിന് യോഗ്യത നേടാനാകും ലക്ഷ്യമിടുന്നത്. ഞായറാഴ്ച നടക്കുന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദ് – പഞ്ചാബ് കിങ്‌സ് മത്സരത്തില്‍ സണ്‍റൈസേഴ്‌സ് വിജയിക്കുകയാണെങ്കില്‍ ആദ്യ ക്വാളിഫയര്‍ കളിക്കാന്‍ രാജസ്ഥാന് മുമ്പില്‍ വിജയമല്ലാതെ മറ്റൊരു മാര്‍ഗവുമില്ല.
ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ വിജയിച്ച് ആദ്യ ക്വാളിഫയര്‍ കളിക്കാനും തുടര്‍ച്ചയായ പരാജയങ്ങളില്‍ നിന്നും മറികടക്കാനുമാണ് രാജസ്ഥാന്‍ റോയല്‍സ് ഒരുങ്ങുന്നത്.
പഞ്ചാബ് കിങ്‌സിനെതിരായ കഴിഞ്ഞ മത്സരത്തില്‍ അഞ്ച് വിക്കറ്റിനായിരുന്നു രാജസ്ഥാന്റെ പരാജയം.
പഞ്ചാബിനെതിരെ പരാജയപ്പെട്ടെങ്കിലും ക്യാപ്റ്റന്‍ സഞ്ജു സാംസണെയും ഹോം ടൗണ്‍ ബോയ് റിയാന്‍ പരാഗിനെയും തേടി ഒരു തകര്‍പ്പന്‍ നേട്ടവുമെത്തിയിരുന്നു. സീസണിലെ 500 റണ്‍സ് എന്ന നാഴികക്കല്ലാണ് ഇരുവരും മറികടന്നത്. ഐ.പി.എല്‍ ചരിത്രത്തില്‍ ഇതാദ്യമായാണ് ഇരുവരും 500 റണ്‍സ് മാര്‍ക് പിന്നിടുന്നത്.
ഈ നേട്ടം സ്വന്തമാക്കിയതിന് പിന്നാലെ മറ്റൊരു ഐതിഹാസിക നേട്ടവും രാജസ്ഥാന്‍ യുവതാരത്തെ തേടിയെത്തിയിരുന്നു. നാലാം നമ്പറിലോ അതിന് താഴെയോ ഇറങ്ങി ഒരു സീസണില്‍ 500+ റണ്‍സ് നേടുന്ന താരമെന്ന നേട്ടമാണ് അസം റൈനോ നേടിയത്.
ഈ നേട്ടം സ്വന്തമാക്കുന്ന ചരിത്രത്തിലെ മൂന്നാമത് മാത്രം താരമാണ് റിയാന്‍ പരാഗ്. രോഹിത് ശര്‍മ, റിഷബ് പന്ത് എന്നിവരാണ് ഇതിന് മുമ്പ് ഈ നേട്ടത്തിലെത്തിയത്.
സീസണില്‍ കളിച്ച 13 മത്സരത്തിലെ 12 ഇന്നിങ്‌സില്‍ നിന്നുമായി 59.00 എന്ന മികച്ച ശരാശരിയിലും 152.58 എന്ന വെടിക്കെട്ട് സ്‌ട്രൈക്ക് റേറ്റിലും 531 റണ്‍സാണ് പരാഗ് നേടിയത്. നാല് അര്‍ധ സെഞ്ച്വറികളാണ് താരം സീസണില്‍ അടിച്ചുകൂട്ടിയത്.
ഐ.പി.എല്‍ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്താണ് റിയാന്‍ പരാഗ് രാജസ്ഥാന്‍ റോയല്‍സിന്റെ നെടുംതൂണാകുന്നത്. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെയും ഇതേ പ്രകടനം പുറത്തെടുത്താല്‍ ടീമിന് രണ്ടാം സ്ഥാനം നിലനിര്‍ത്താന്‍ രാജസ്ഥാന് സാധിച്ചേക്കും.
Content Highlight: IPL 2024: Riyan Parag becomes 3rd batter in the history to complete 500 runs in an IPL season while batting at NO: 4 or below