| Thursday, 4th April 2024, 6:10 pm

നരെയ്‌ന്റെയും റസലിന്റെയും ഇടയില്‍ മുങ്ങിപ്പോയ മരണമാസ് അടിയോടടി; പന്ത് എന്ന ഒറ്റക്കൊമ്പന്‍ കുത്തിമറിച്ച കൊന്നത്തെങ്ങ്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലിന്റെ ചരിത്രം തിരുത്തിക്കുറിച്ച മത്സരമായിരുന്നു കഴിഞ്ഞ ദിവസം വിശാഖപട്ടണത്തിലെ എ.സി.എ-വി.ഡി.സി.എ സ്റ്റേഡിയത്തില്‍ അരങ്ങേറിയത്. ഐ.പി.എല്ലിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത് ടീം ടോട്ടലിന്റെയും എവേ ഗ്രൗണ്ടിലെ ഏറ്റവുമുയര്‍ന്ന സ്‌കോറിന്റെയും റെക്കോഡാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 272 റണ്‍സ് അടിച്ചെടുത്തതോടെ നേടിയത്.

സുനില്‍ നരെയ്ന്‍, യുവതാരം ആംഗ്ക്രിഷ് രഘുവംശി, ആന്ദ്രേ റസല്‍, റിങ്കു സിങ് എന്നിവരുടെ തകര്‍പ്പന്‍ ഇന്നിങ്സാണ് കൊല്‍ക്കത്തക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.

കൊല്‍ക്കത്ത ഉയര്‍ത്തിയ 273 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ദല്‍ഹി 17.2 ഓവറില്‍ 166 റണ്‍സിന് പുറത്തായി. ക്യാപ്റ്റന്‍ റിഷബ് പന്തിന്റെയും ട്രിസ്റ്റണ്‍ സ്റ്റബ്‌സിന്റെയും അര്‍ധ സെഞ്ച്വറികളുടെ കരുത്തിലാണ് ദല്‍ഹി ചെറുത്തുനിന്നത്. എന്നാല്‍ ഇരുവരെയും വരുണ്‍ ചക്രവര്‍ത്തി മടക്കിയതോടെ ദല്‍ഹിയുടെ അവസാന പ്രതീക്ഷകളും അറ്റു.

25 പന്ത് നേരിട്ട് 55 റണ്‍സാണ് പന്ത് അടിച്ചെടുത്തത്. അഞ്ച് സിക്‌സറും നാല് ബൗണ്ടറിയും അടക്കം 220.00 എന്ന വെടിക്കെട്ട് സ്‌ട്രൈക്ക് റേറ്റിലായിരുന്നു പന്ത് സ്‌കോര്‍ ചെയ്തത്. മത്സരത്തില്‍ പത്ത് പന്ത് നേരിട്ടവരില്‍ ഏറ്റവും മികച്ച സ്‌ട്രൈക്ക് റേറ്റും പന്തിനാണ്.

വെങ്കിടേഷ് അയ്യര്‍ എറിഞ്ഞ 12ാം ഓവറിലാണ് പന്ത് തന്റെ ഫുള്‍ പൊട്ടെന്‍ഷ്യല്‍ പുറത്തെടുത്തത്. ഒരു നോ ലുക് സിക്‌സറടക്കം 28 റണ്‍സാണ് അയ്യര്‍ എറിഞ്ഞ ഓവറില്‍ പിറന്നത്.

ഓവറിലെ ആദ്യ പന്തില്‍ ഷോര്‍ട്ട് ഫൈന്‍ ലെഗിലൂടെ ഫ്‌ളിക് ചെയ്ത് ബൗണ്ടറി നേടിയ പന്ത് രണ്ടാം ലോങ് ഓഫിന് മുകളിലൂടെയും മൂന്നാം പന്ത് ഷോര്‍ട്ട് ഫൈനിന് മുകളിലൂടെയും ഗ്യാലറിയിലെത്തിച്ചു.

നാലാം പന്ത് ബാക്ക്‌വാര്‍ഡ് പോയിന്റിലൂടെ നാല് റണ്‍സ് സമ്മാനിച്ചു. അഞ്ചാം ബാക്ക്‌വാര്‍ഡ് സ്‌ക്വയര്‍ ലെഗിലൂടെയും ഓവറിലെ അവസാന പന്ത് വീണ്ടും ബാക്ക്‌വാര്‍ഡ് പോയിന്റിലൂടെയും ബൗണ്ടറി കടന്നു.

4, 6, 6, 4, 4, 4 എന്നിങ്ങനെയാണ് വെങ്കിടേഷ് അയ്യരെറിഞ്ഞ ഓവറില്‍ റണ്‍സ് പിറന്നത്.

ഈ ഇന്നിങ്‌സിന് പിന്നാലെ ഓറഞ്ച് ക്യാപ്പ് ലീഡര്‍ ബോര്‍ഡില്‍ നാലാം സ്ഥാനത്തെത്താനും പന്തിനായി. റണ്‍ വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള വിക്കറ്റ് കീപ്പറും ക്യാപ്റ്റനും പന്ത് തന്നെയാണ്.

നാല് മത്സരത്തില്‍ നിന്നും 152 റണ്‍സാണ് പന്തിന്റെ സമ്പാദ്യം. രണ്ട് അര്‍ധ സെഞ്ച്വറികളുടെ അകമ്പടിയോടെ 38.00 എന്ന ശരാശരിയിലും 158.33 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റിലുമാണ് താരം സ്‌കോര്‍ ചെയ്യുന്നത്.

എന്നാല്‍ കൊല്‍ക്കത്തക്കെതിരായ തോല്‍വിക്ക് പിന്നാലെ ഒമ്പതാം സ്ഥാനത്തേക്ക് വീണിരിക്കുകയാണ് ദല്‍ഹി. നാല് മത്സരത്തില്‍ നിന്നും ഒരു വിജയത്തോടെ രണ്ട് പോയിന്റാണ് ടീമിനുള്ളത്.

ഏപ്രില്‍ ഏഴിനാണ് ദല്‍ഹിയുടെ അടുത്ത മത്സരം. പത്താം സ്ഥാനത്തുള്ള മുംബൈ ഇന്ത്യന്‍സാണ് എതിരാളികള്‍.

Content highlight: IPL 2024: Rishabh Pant’s brilliant batting against Kolkata Knight Riders

We use cookies to give you the best possible experience. Learn more