ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – ദല്‍ഹി ക്യാപ്പിറ്റല്‍സ് മത്സരത്തില്‍ ഹോം ടീമിനെ 106 റണ്‍സിന് പരാജയപ്പെടുത്തി കൊല്‍ക്കത്തയുടെ രാജാക്കന്‍മാര്‍ വീണ്ടും പോയിന്റ് പട്ടികയുടെ തലപ്പത്ത് ഇരിപ്പുറപ്പിച്ചിരിക്കുകയാണ്.
ക്യാപ്പിറ്റല്‍സിന്റെ രണ്ടാം ഹോം ഗ്രൗണ്ടായ വിശാഖപട്ടണത്തിലെ എ.സി.എ-വി.ഡി.സി.എ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എതിരാളികള്‍ക്ക് ഒരു അവസരവും നല്‍കാതെയാണ് കൊല്‍ക്കത്ത വിജയിച്ചുകയറിയത്.
സുനില്‍ നരെയ്ന്‍, ആംഗ്ക്രിഷ് രഘുവംശി, ആന്ദ്രേ റസല്‍, റിങ്കു സിങ് എന്നിവരുടെ വെടിക്കെട്ടിനൊപ്പം ബൗളിങ്ങില്‍ വൈഭവ് അറോറയും വരുണ്‍ ചക്രവര്‍ത്തിയും തിളങ്ങിയപ്പോള്‍ ദല്‍ഹി ക്യാപ്പിറ്റല്‍സ് പല്ലുകൊഴിഞ്ഞ സിംഹമായി മാറി.
മത്സരത്തില്‍ ദല്‍ഹി നായകന്‍ റിഷബ് പന്ത് ബാറ്റിങ്ങില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. 25 പന്തില്‍ അഞ്ച് സിക്‌സറും നാല് ഫോറും അടക്കം 55 റണ്‍സാണ് പന്ത് നേടിയത്. 220.00 ആയിരുന്നു താരത്തിന്റെ സ്‌ട്രൈക്ക് റേറ്റ്.
വ്യക്തിഗത സ്‌കോര്‍ 24ല്‍ നില്‍ക്കവെ കീപ്പര്‍ ക്യാച്ചായാണ് നരെയ്ന്‍ ‘പുറത്തായത്’. എന്നാല്‍ അമ്പയര്‍ ഔട്ട് അനുവദിച്ചില്ല.
റിവ്യൂ എടുക്കുന്നതില്‍ പന്തിനും താരങ്ങള്‍ക്കും ഇടയില്‍ ആശയക്കുഴപ്പമുണ്ടായിരുന്നു. എന്ത് ചെയ്യണമെന്ന ആശയക്കുഴപ്പത്തിനൊടുവില്‍ പന്ത് റിവ്യൂ എടുക്കാന്‍ തീരുമാനിച്ചെങ്കിലും ഏറെ വൈകിയിരുന്നു. ഡി.ആര്‍.എസ്സിനുള്ള 15 സെക്കന്‍ഡ് കഴിഞ്ഞതിന് ശേഷം മാത്രമാണ് പന്ത് റിവ്യൂ ആവശ്യപ്പെട്ടത്. സമയം അതിക്രമിച്ചതിനാല്‍ അമ്പയര്‍ റിവ്യൂ നിരാകരിച്ചു.
‘ഒരുപാട് കാര്യങ്ങളാണ് ആ സമയത്ത് സംഭവിച്ചുകൊണ്ടിരുന്നത്. ബിഗ് സ്‌ക്രീനിന് എന്തോ പ്രശ്‌നമുണ്ടായിരുന്നു. ടൈമര്‍ കാണാന്‍ ഞങ്ങള്‍ക്കായില്ല. ഡി.ആര്‍.എസ്സിനുള്ള സമയം കടന്നുപോയത് ഇതുകൊണ്ടാണ് അറിയാതെ പോയത്,’ പന്ത് പറഞ്ഞു.
‘മത്സരത്തിലുടനീളം ബൗളര്‍മാര്‍ക്ക് മികച്ച രീതിയില്‍ പന്തെറിയാന്‍ സാധിച്ചില്ല. ഒരു കാര്യവും പ്രതീക്ഷിച്ച പോലെ നടക്കുന്നുണ്ടായിരുന്നില്ല. അത്തരമൊരു ദിവസമായിരുന്നു ഇത്.
ഞങ്ങള്‍ ഓരോ മത്സരവും വിജയിക്കാന്‍ വേണ്ടിയാണ് കളിക്കുന്നത്. ഇന്നും ഞങ്ങളുടെ ബാറ്റര്‍മാര്‍ വിജയലക്ഷ്യത്തിലേക്കാണ് പോയിരുന്നത്. വിജയത്തിനായുള്ള ശ്രമം നടത്താനായില്ലെങ്കില്‍ തോല്‍വി തെരഞ്ഞെടുക്കുന്നതാകും നല്ലത്,’ പന്ത് പറഞ്ഞു.
ഈ തോല്‍വിക്ക് പിന്നാലെ ഒമ്പതാം സ്ഥാനത്തേക്ക് വീണിരിക്കുകയാണ് ദല്‍ഹി. നാല് മത്സരത്തില്‍ നിന്നും ഒരു വിജയത്തോടെ രണ്ട് പോയിന്റാണ് ടീമിനുള്ളത്.
ഏപ്രില്‍ ഏഴിനാണ് ദല്‍ഹിയുടെ അടുത്ത മത്സരം. പത്താം സ്ഥാനത്തുള്ള മുംബൈ ഇന്ത്യന്‍സാണ് എതിരാളികള്‍.
Content Highlight: IPL 2024: Rishabh Pant about Delhi Capitals vs Kolkata Knight Riders match