| Thursday, 18th April 2024, 11:08 pm

'സഞ്ജു മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്, കെ.എല്‍. രാഹുലും നന്നായി കളിക്കുന്നു, പക്ഷേ ഞാന്‍ ടീമിലെടുക്കുക പന്തിനെ'

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലിന് തൊട്ടുപിന്നാലെ നടക്കുന്ന ടി-20 ലോകകപ്പിന്റെ ആവേശം ഇപ്പോഴേ ആരംഭിച്ചിരിക്കുകയാണ്. ഐ.പി.എല്ലിലെ പ്രകടനങ്ങളെ അടിസ്ഥാനമാക്കിയാണ് ലോകകപ്പിനുള്ള ടീം തെരഞ്ഞെടുക്കുക എന്നതിനാല്‍ തന്നെ എല്ലാവരും മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്.

ലോകകപ്പിനുള്ള വിക്കറ്റ് കീപ്പര്‍ ബാറ്ററെ തെരഞ്ഞെടുക്കുന്നതാകും സെലക്ടര്‍മാര്‍ക്ക് ഏറ്റവും തലവേദനയുണ്ടാക്കാന്‍ പോകുന്നത്. സഞ്ജു സാംസണ്‍, കെ.എല്‍. രാഹുല്‍. റിഷബ് പന്ത്, ഇഷാന്‍ കിഷന്‍, ധ്രുവ് ജുറെല്‍, ജിതേഷ് ശര്‍മ, പ്രഭ്‌സിമ്രാന്‍ സിങ് തുടങ്ങി നിരവധി ഓപ്ഷനുകളാണ് ബി.സി.സി.ഐക്ക് മുമ്പിലുള്ളത്. ഇതില്‍ നിന്നും ആരെയാകും അപെക്‌സ് ബോര്‍ഡ് ടീമിലുള്‍പ്പെടുത്തുക എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

ഇപ്പോള്‍ ഈ വിഷയത്തില്‍ തന്റെ അഭിപ്രായം വ്യക്തമാക്കുകയാണ് മുന്‍ ഓസീസ് നായകനും ദല്‍ഹി ക്യാപ്പിറ്റല്‍സ് പരിശീലകനുമായ റിക്കി പോണ്ടിങ്. താനാണ് സെലക്ടറെങ്കില്‍ ഉറപ്പായും റിഷബ് പന്തിനെ ടീമിലെടുക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്.

പി.ടി.ഐക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

‘റിഷബ് പന്ത് ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ ഇടം നേടാന്‍ യോഗ്യനാണെന്ന് ഞാന്‍ വിശ്വസിക്കുന്നുണ്ടോ എന്നോ? തീര്‍ച്ചയായും ഫണ്ട്. ഈ ഐ.പി.എല്‍ അവസാനിക്കുമ്പോഴേക്കും അവന്‍ ടി-20 ലോകകപ്പിനുള്ള സ്‌ക്വാഡില്‍ ഇടം നേടാന്‍ യോഗ്യനാകും.

കഴിഞ്ഞ അഞ്ചോ ആറോ വര്‍ഷമായി പന്ത് ഐ.പി.എല്‍ കളിക്കുന്ന അതേ രീതിയില്‍ അവന്‍ ഈ ഐ.പി.എല്ലില്‍ കളിക്കുന്നത് എന്ന് നിങ്ങള്‍ കണ്ടിട്ടുണ്ടാകുമെന്നാണ് ഞാന്‍ കരുതുന്നത്. ഇപ്പോള്‍ അവന്‍ ഇന്ത്യക്കായും കളിക്കുന്നു,’ അദ്ദേഹം പറഞ്ഞു.

ഐ.പി.എല്ലില്‍ മറ്റ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരെല്ലാം തന്നെ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നതെങ്കിലും ഫസ്റ്റ് ചോയ്‌സ് പന്ത് തന്നെ ആയിരിക്കുമെന്നും പോണ്ടിങ് പറയുന്നു.

‘ഇന്ത്യന്‍ ക്രിക്കറ്റില്‍ താരങ്ങള്‍ക്ക് ഒരു പഞ്ഞവുമില്ലെന്നും ടീമിന്റെ ഡെപ്ത് വളരെ വലുതാണെന്നും നമുക്ക് തീര്‍ച്ചയായും അറിയാം. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരായ താരങ്ങളെല്ലാം മികച്ച ഫോമിലാണെന്ന് എനിക്ക് തോന്നുന്നു.

ഇഷാന്‍ കിഷന്‍ നന്നായി കളിക്കുന്നു. സഞ്ജു സാംസണ്‍ വളരെ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. കെ.എല്‍. രാഹുലും നന്നായി കളിക്കുന്നു.

ഇവിടെ ഒരുപാട് ഓപ്ഷനുകളുണ്ട്. ഒരു ടീം തെരഞ്ഞെടുക്കാന്‍ എന്നോട് ആവശ്യപ്പെടുകയാണെങ്കില്‍ ഞാന്‍ ഉറപ്പായും രണ്ടാമതൊന്ന് ആലോചിക്കാതെ റിഷബ് പന്തിനെ തന്നെ തെരഞ്ഞെടുക്കും,’ പോണ്ടിങ് പറഞ്ഞു.

Content Highlight: IPL 2024: Ricky Ponting about Rishabh Pant

We use cookies to give you the best possible experience. Learn more