മോശം ക്യാപ്റ്റന്‍സിക്കും ഒന്നിന് പിന്നാലെ ഒന്നായി എത്തിയ തോല്‍വിക്കും പിന്നാലെ മുംബൈ ഇന്ത്യന്‍സിനെ തേടി അടുത്ത ദുഃഖ വാര്‍ത്ത. പരിക്കേറ്റ് വിശ്രമിക്കുന്ന മുംബൈ സ്റ്റാര്‍ ബാറ്റര്‍ സൂര്യകുമാറിന്റെ ടീമിലേക്കുള്ള തിരിച്ചുവരവ് വൈകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഹെര്‍ണിയ ശസ്ത്രക്രിയയ്ക്ക് വിധേയനായ താരത്തിന് ഇനിയും വിശ്രമം വേണമെന്ന് ബി.സി.സി.ഐ സ്ഥിരീകരിച്ചു.
ശസ്ത്രക്രിയക്ക് പിന്നാലെ താരത്തിന് ആദ്യ മത്സരങ്ങള്‍ നഷ്ടമായേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ രണ്ട് മത്സരത്തിന് ശേഷം താരം മുംബൈ സ്‌ക്വാഡിനൊപ്പം ചേരുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ താരത്തിന്റെ തിരിച്ചുവരവ് ഇനിയും വൈകുമെന്നാണ് വ്യക്തമാകുന്നത്.
നിലവില്‍ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ വിശ്രമത്തിലാണ് സൂര്യ.
ഐ.പി.എല്ലിന് പിന്നാലെ ടി-20 ലോകകപ്പ് നടക്കുന്നതിനാല്‍ പൂര്‍ണമായി ആരോഗ്യം വീണ്ടെടുത്തിന് ശേഷം മാത്രമേ സൂര്യക്ക് ഐ.പി.എല്‍ കളിക്കാന്‍ ബി.സി.സി.ഐ അനുമതി നല്‍കു എന്നും റിപ്പോര്‍ട്ടുണ്ട്.
സൂര്യകുമാറിന്റെ അഭാവം ടീമിനെ ഇനിയും എത്രത്തോളം ബാധിക്കുമെന്നാണ് കണ്ടറിയേണ്ടത്. സീസണിലെ ആദ്യ രണ്ട് മത്സരങ്ങളും പരാജയപ്പെട്ട മുംബൈ നിലവില്‍ ഒമ്പതാം സ്ഥാനത്താണ്.
സീസണിലെ ആദ്യ മത്സരത്തില്‍ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഹോം ടീമായ ഗുജറാത്ത് ടൈറ്റന്‍സിനോട് ആറ് റണ്‍സിനായിരുന്നു മുംബൈ പരാജയപ്പെട്ടത്. കഴിഞ്ഞ ദിവസം ഹൈദരാബാദിനെതിരായ മത്സരത്തില്‍ 31 റണ്‍സിനും ടീം തോറ്റിരുന്നു.
എപ്രില്‍ ഒന്നിനാണ് മുംബൈയുടെ അടുത്ത മത്സരം. ഹോം സ്‌റ്റേഡിയമായ വാംഖഡെയില്‍ നടക്കുന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സാണ് എതിരാളികള്‍.
Content Highlight: IPL 2024: Reports says Suryakumar Yadav will miss more matches