ഐ.പി.എല്‍ 2024 അവസാനിക്കുന്നതോടെ രോഹിത് ശര്‍മ മുംബൈ ഇന്ത്യന്‍സ് ടീം വിടാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ഈ സീസണില്‍ മുംബൈ ഇന്ത്യന്‍സിലേക്ക് തിരിച്ചെത്തിയ ഹര്‍ദിക് പാണ്ഡ്യയുടെ ക്യാപ്റ്റന്‍സിയില്‍ താരം അസന്തുഷ്ടനാണെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
ഹര്‍ദിക് പാണ്ഡ്യയുടെ ക്യാപ്റ്റന്‍സിയില്‍ രോഹിത് അസന്തുഷ്ടനാണെന്ന് പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത മുംബൈ ഇന്ത്യന്‍സ് താരം പറഞ്ഞതായി ന്യൂസ് 24 റിപ്പോര്‍ട്ട് ചെയ്യുന്നു.
ഈ താരത്തിന്റെ വാക്കുകള്‍ പ്രകാരം കളിക്കളത്തില്‍ തീരുമാനമെടുക്കുന്നതിനായി രണ്ട് താരങ്ങളും വാദിക്കുന്നുണ്ടെന്നും ഇത് ഡ്രസ്സിങ് റൂമില്‍ മോശം അന്തരീക്ഷം സൃഷ്ടിക്കുകയാണെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
രോഹിത്തിനൊപ്പം ജസ്പ്രീത് ബുംറയും ഈ സീസണിന് പിന്നാലെ മുംബൈ ഇന്ത്യന്‍സ് വിട്ടേക്കുമെന്ന് ടൈംസ് ഓഫ് ഇന്ത്യയും റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവര്‍ക്കൊപ്പം സൂര്യകുമാര്‍ യാദവും വാംഖഡെയോട് ഗുഡ് ബൈ പറയാനുള്ള ചര്‍ച്ചകളിലാണെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
അതേസമയം, ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്നും മുംബൈ ഇന്ത്യന്‍സിലെത്തിയ ഹര്‍ദിക് പാണ്ഡ്യക്ക് കാര്യങ്ങള്‍ ഒട്ടും പന്തിയല്ല. ഹോം ഗ്രൗണ്ടില്‍ പോലും ആരാധകര്‍ താരത്തിനെ കൂവുകയും വിമര്‍ശനങ്ങള്‍ ഉയര്‍ത്തുകയുമാണ്.
സീസണില്‍ ഇതുവരെ മൂന്ന് മത്സരങ്ങളാണ് മുംബൈ കളിച്ചത്. മൂന്നിലും പരാജയപ്പെടാനായിരുന്നു അഞ്ച് തവണ കപ്പുയര്‍ത്തിയ മുംബൈയുടെ വിധി. സീസണില്‍ ഒറ്റ മത്സരം പോലും വിജയിക്കാത്ത ഏക ടീമും മുംബൈ ആണ്.
നിലവില്‍ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ് മുംബൈ ഇന്ത്യന്‍സ്.
ഏപ്രില്‍ ഏഴിനാണ് മുംബൈയുടെ അടുത്ത മത്സരം. വാംഖഡെയില്‍ നടക്കുന്ന മത്സരത്തില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സാണ് എതിരാളികള്‍.
Content highlight: IPL 2024: Reports says Rohit Sharma and Jasprit Bumrah will leave Mumbai Indians after this season