| Monday, 13th May 2024, 8:58 pm

പ്ലേ ഓഫിലെത്തിയ കൊല്‍ക്കത്തക്കും പ്ലേ ഓഫ് സ്വപ്‌നം കാണുന്ന രാജസ്ഥാനും ഇത് എട്ടിന്റെ പണി; പകരമാര്?

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലിന് തൊട്ടുപിന്നാലെ നടക്കുന്ന ടി-20 ലോകകപ്പിനുള്ള മുന്നൊരുക്കത്തിനായി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് താരങ്ങളെ തിരികെ വിളിക്കുന്നു. ഇതോടെ വിവിധ ടീമുകളില്‍ കളിക്കുന്ന ഇംഗ്ലീഷ് താരങ്ങള്‍ക്ക് സീസണിലെ ശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമാകും.

ഇതോടെ രാജസ്ഥാന്‍ റോയല്‍സ്, കൊല്‍ക്കത്ത നൈറ്റ് റെഡേഴ്‌സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു അടക്കമുള്ള ടീമുകള്‍ക്ക് ഈ തീരുമാനം തിരിച്ചടിയാകും.

ജോസ് ബട്‌ലര്‍, ഫില്‍ സോള്‍ട്ട്, മോയിന്‍ അലി, ജോണി ബെയര്‍സ്‌റ്റോ, സാം കറന്‍, വില്‍ ജാക്‌സ്, റീസ് ടോപ്‌ലി എന്നിവരടക്കമുള്ള താരങ്ങള്‍ വരും ദീവസങ്ങളിലായി ടീം വിട്ടേക്കുമെന്നും ഈ വാരാന്ത്യത്തോടെ യു.കെയിലെത്തുമെന്നും ഇ.എസ്.പി.എന്‍ ക്രിക് ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം, ടൂര്‍ണമെന്റിനിടെ നാട്ടിലേക്ക് മടങ്ങുന്ന താരങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടിരുന്നു.

ഒരു സീസണ്‍ മുഴുവന്‍ കളിക്കാനാണ് താരങ്ങളെ ഐ.പി.എല്‍ ടീമുകള്‍ വന്‍വില നല്‍കി സ്വന്തമാക്കുന്നതെന്നാണ് ഗവാസ്‌കര്‍ പറയുന്നത്. അങ്ങനെയിരിക്കെ മത്സരം പാതിവഴിയില്‍ ഉപേക്ഷിക്കുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് ഗവാസ്‌കര്‍ പറയുന്നത്.

താരങ്ങള്‍ സീസണ്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ അവര്‍ക്കു നല്‍കുന്ന പ്രതിഫലത്തില്‍ ആനുപാതിക കുറവുവരുത്താമെന്നും സമാനമായി താരങ്ങള്‍ക്കുവേണ്ടി വിദേശ ക്രിക്കറ്റ് ബോര്‍ഡുകള്‍ക്ക് നല്‍കുന്ന തുകയിലും കുറവുവരുത്തണമെന്നും ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടു.

ജൂണ്‍ രണ്ടിനാണ് ടി-20 ലോകകപ്പിന് ആരംഭമാകുന്നത്. വെസ്റ്റ് ഇന്‍ഡീസും അമേരിക്കയും സംയുക്തമായാണ് ഇത്തവണ ലോകകപ്പിന് വേദിയാകുന്നത്.

ജൂണ്‍ നാലിനാണ് ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ ഇംഗ്ലണ്ട് തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങുന്നത്. സ്‌കോട്‌ലാന്‍ഡാണ് എതിരാളികള്‍.

ടി-20 ലോകകപ്പിനുള്ള ഇംഗ്ലണ്ട് സ്‌ക്വാഡ്:

ജോസ് ബട്‌ലര്‍ (ക്യാപ്റ്റന്‍), മോയിന്‍ അലി, ജോഫ്രാ ആര്‍ച്ചര്‍, ജോണി ബെയര്‍സ്റ്റോ, ഹാരി ബ്രൂക്ക്, സാം കറന്‍, ബെന്‍ ഡക്കറ്റ്, ടോം ഹാര്‍ട്‌ലി, വില്‍ ജാക്ക്‌സ്, ക്രിസ് ജോര്‍ദന്‍, ലിയാം ലിവിങ്സ്റ്റണ്‍, ആദില്‍ റഷീദ്, ഫില്‍ സാള്‍ട്ട്, റീസ് ടോപ്‌ലി, മാര്‍ക്ക് വുഡ്

ലോകകപ്പിലെ ഇംഗ്ലണ്ടിന്റെ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍

ജൂണ്‍ 4 vs സ്‌കോട്‌ലാന്‍ഡ് – കെന്‍സിങ്ടണ്‍ ഓവല്‍, ബാര്‍ബഡോസ്

ജൂണ്‍ 8 vs ഓസ്‌ട്രേലിയ – കെന്‍സിങ്ടണ്‍ ഓവല്‍, ബാര്‍ബഡോസ്

ജൂണ്‍ 14 vs ഒമാന്‍ – സര്‍ വിവിയന്‍ റിച്ചാര്‍ഡ് സ്‌റ്റേഡിയം

ജൂണ്‍ 15 vs നമീബിയ – സര്‍ വിവിയന്‍ റിച്ചാര്‍ഡ് സ്‌റ്റേഡിയം

Content Highlight: IPL 2024: Reports say that England players will leave IPL for the T20 World Cup

We use cookies to give you the best possible experience. Learn more