പത്ത് ഐ.പി.എല്ലിലോ? അതും ക്രിസ് ഗെയ്‌ലിന്റെ ഇരട്ടി!.... വിരാടവിജയത്തില്‍ ഞെട്ടി റെയ്‌നയും വാര്‍ണറും
IPL
പത്ത് ഐ.പി.എല്ലിലോ? അതും ക്രിസ് ഗെയ്‌ലിന്റെ ഇരട്ടി!.... വിരാടവിജയത്തില്‍ ഞെട്ടി റെയ്‌നയും വാര്‍ണറും
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 25th April 2024, 9:04 pm

ഐ.പി.എല്‍ 2024ലെ 41ാം മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടുകയാണ്. ഓറഞ്ച് ആര്‍മിയുടെ സ്വന്തം തട്ടകമായ ഉപ്പലിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.

പേ ബാക്ക് വീക്കിലെ നാലാം മത്സരമാണിത്. നേരത്തെ ആര്‍.സി.ബിയുടെ തട്ടകമായ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ചരിത്ര വിജയം സ്വന്തമാക്കിയിരുന്നു.

ഹൈദരാബാദില്‍ ടോസ് നേടിയ ആര്‍.സി.ബി നായകന്‍ ബാറ്റിങ് തെരഞ്ഞെടുത്തു.

മോശമല്ലാത്ത തുടക്കമാണ് ആര്‍.സി.ബിക്ക് ലഭിച്ചത്. ആദ്യ വിക്കറ്റില്‍ 48 റണ്‍സാണ് വിരാടും ക്യാപ്റ്റന്‍ ഫാഫും ചേര്‍ന്ന സ്വന്തമാക്കിയത്. നാലാം ഓവറിലെ അഞ്ചാം പന്തില്‍ ക്യാപ്റ്റനെ മടക്കി ടി. നടരാജനാണ് കൂട്ടുകെട്ട് പൊളിച്ചത്. 12 പന്തില്‍ 25 റണ്‍സ് നേടി നില്‍ക്കവെ ഏയ്ഡന്‍ മര്‍ക്രമിന്റെ കൈകളിലെത്തിച്ചാണ് നടരാജന്‍ ഫാഫിന് പവലിയനിലേക്ക് തിരിച്ചയച്ചത്.

വണ്‍ ഡൗണായെത്തിയ വില്‍ ജാക്‌സ് സ്‌കോര്‍ ബോര്‍ഡിനെ അധികം ബുദ്ധിമുട്ടിക്കാതെ വന്നതുപോലെ കടന്നുപോയി. മായങ്ക് മാര്‍ക്കണ്ഡേയുടെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായണ് താരം പുറത്തായത്.

നാലാം നമ്പറിലെത്തിയ രജത് പാടിദാറിനൊപ്പം ചേര്‍ന്ന് അര്‍ധ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയാണ് വിരാട് ബെംഗളൂരു സ്‌കോര്‍ ബോര്‍ഡിന് ജിവന്‍ നല്‍കിയത്.

ഇതിനിടെ വിരാട് സീസണില്‍ 400 റണ്‍സും പൂര്‍ത്തിയാക്കിയിരുന്നു. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ താരമാണ് വിരാട്.

സണ്‍റൈസേഴ്‌സിനെതിരെ കളത്തിലിറങ്ങും മുമ്പ് 379 റണ്‍സായിരുന്നു വിരാടിന്റെ അക്കൗണ്ടിലുണ്ടായിരുന്നത്. മത്സരത്തില്‍ 21 റണ്‍സ് നേടിയാല്‍ വിരാടിന് 400 റണ്‍സ് മാര്‍ക് പിന്നിടാന്‍ സാധിക്കുമായിരുവന്നു.

ഈ സീസണിലും 400 റണ്‍സ് മാര്‍ക് പിന്നിട്ടതോടെ ഒരു തകര്‍പ്പന്‍ നേട്ടവും വിരാട് സ്വന്തമാക്കിയിരിക്കുകയാണ്. ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ ഏറ്റവുമധികം തവണ 400+ സ്‌കോര്‍ നേടിയ താരം എന്ന നേട്ടമാണ് വിരാട് സ്വന്തമാക്കിയത്. ഇത് പത്താം തവണയാണ് വിരാട് ഒരു സീസണില്‍ 400 അടിക്കുന്നത്.

സുരേഷ് റെയ്‌ന, ഡേവിഡ് വാര്‍ണര്‍ എന്നിവരെ മറികടന്നാണ് വിരാട് ഒന്നാമതതെത്തിയത്.

ഐ.പി.എല്ലില്‍ ഏറ്റവുമധികം സീസണില്‍ 400+ റണ്‍സ് നേടിയ താരങ്ങള്‍

വിരാട് കോഹ്‌ലി – 10 തവണ

സുരേഷ് റെയ്‌ന – 9 തവണ

ഡേവിഡ് വാര്‍ണര്‍ – 9 തവണ

ശിഖര്‍ ധവാന്‍ – 9 തവണ

രോഹിത് ശര്‍മ – 7 തവണ

എ.ബി. ഡി വില്ലിയേഴ്‌സ് – 6 തവണ

ക്രിസ് ഗെയ്ല്‍ – 5 തവണ

ഗൗതം ഗംഭീര്‍ – 5 തവണ

കെ.എല്‍. രാഹുല്‍ – 5 തവണ

ശ്രേയസ് അയ്യര്‍ – 5 തവണ

 

അതേസമയം, ആദ്യ ഇന്നിങ്‌സ് ബാറ്റിങ് തുടരുന്ന റോയല്‍ ചലഞ്ചേഴ്‌സ് 17 ഓവര്‍ പിന്നിടുമ്പോള്‍ 167 റണ്‍സിന് അഞ്ച് വിക്കറ്റ് എന്ന നിലയിലാണ്. 13 പന്തില്‍ 23 റണ്‍സുമായി കാമറൂണ്‍ ഗ്രീനും ഒരു പന്തില്‍ ഒരു റണ്ണുമായി ദിനേഷ് കാര്‍ത്തിക്കുമാണ് ക്രീസില്‍.

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു പ്ലെയിങ് ഇലവന്‍:

ഫാഫ് ഡു പ്ലെസി (ക്യാപ്റ്റന്‍), വിരാട് കോഹ്‌ലി, വില്‍ ജാക്സ്, രജത് പാടിദാര്‍, കാമറൂണ്‍ ഗ്രീന്‍, ദിനേഷ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), മഹിപാല്‍ ലോംറോര്‍, ലോക്കി ഫെര്‍ഗൂസന്‍, കരണ്‍ ശര്‍മ, മുഹമ്മദ് സിറാജ്, യാഷ് ദയാല്‍.

സണ്‍റൈസേഴ്‌സ് ഹൈദരബാദ് പ്ലെയിങ് ഇലവന്‍:

അഭിഷേക് ശര്‍മ, ഏയ്ഡന്‍ മര്‍ക്രം, ഹെന്റിക് ക്ലാസന്‍, അബ്ദുള്‍ സമദ്, ഷഹബാസ് അഹമ്മദ്, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), ഭുവനേശ്വര്‍ കുമാര്‍, ജയദേവ് ഉനദ്കട്, മായങ്ക് മാര്‍ക്കണ്ഡേ

 

Content highlight: IPL 2024: RCB vs SRH: Virat Kohli tops the list of 400+ runs in most IPL seasons