| Monday, 15th April 2024, 7:33 pm

സിറാജുമില്ല, മാക്‌സ്‌വെല്ലുമില്ല; ആദ്യ അവസരം ബൗളര്‍മാര്‍ക്ക് വിട്ടുനല്‍കി ബെംഗളൂരു; ചിന്നസ്വാമിയില്‍ റണ്‍മഴ പെയ്യുമോ?

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2024ലെ 30ാം മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ആദ്യം ബാറ്റ് ചെയ്യും. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ റോയല്‍ ചലഞ്ചേഴ്‌സ് എതിരാളികളെ ബാറ്റിങ്ങിനയച്ചു.

കഴിഞ്ഞ മത്സരത്തില്‍ നിന്നും കാര്യമായ മാറ്റങ്ങളോടെയാണ് ഹോം ടീം കളത്തിലിറങ്ങുന്നത്. സ്റ്റാര്‍ പേസര്‍ മുഹമ്മദ് സിറാജിന്റെയും സൂപ്പര്‍ ഓള്‍ റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെയും സേവനം സണ്‍റൈസേഴ്‌സിനെതിരെ ബെംഗളൂരുവിന് ലഭിക്കില്ല.

ലോക്കി ഫെര്‍ഗൂസന്‍ ആദ്യമായി റോയല്‍ ചലഞ്ചേഴ്‌സിനൊപ്പം കളത്തിലിറങ്ങുമ്പോള്‍ യാഷ് ദയാല്‍ ടീമിലേക്ക് മടങ്ങിയെത്തി.

റോയല്‍ ചലഞ്ചേഴ്‌സിന്റെ ബൗളിങ് നിരയ്‌ക്കെതിരെ ആരാധകര്‍ വ്യാപക വിമര്‍ശനം ഉന്നയിക്കുന്ന സാഹചര്യത്തിലാണ് സീസണിലെ ഏറ്റവും മികച്ച ബാറ്റിങ് സ്‌ട്രൈക്ക് റേറ്റുള്ള (160.1) ടീമിനെതിരെ ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്തിരിക്കുന്നത്.

ഹെന്റിക് ക്ലാസനും ഏയ്ഡന്‍ മര്‍ക്രവും ട്രാവിസ് ഹെഡും അഭിഷേക് ശര്‍മയും അടങ്ങുന്ന ബാറ്റിങ് നിര വന്‍ സ്‌കോര്‍ പടുത്തുയര്‍ത്താന്‍ പൂര്‍ണ സജ്ജരാണ്. ഐ.പി.എല്ലിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ടോട്ടല്‍ ഇവര്‍ ചേര്‍ന്ന് പടുത്തുയര്‍ത്തിയതും ആഴ്ചകള്‍ക്ക് മുമ്പ് മാത്രമാണ്.

കഴിഞ്ഞ തവണ ഇരുവരുമേറ്റുമുട്ടിയപ്പോള്‍ സണ്‍റൈസേഴ്‌സിനായി ക്ലാസനും റോയല്‍ ചലഞ്ചേഴ്‌സിനായി വിരാടും സെഞ്ച്വറി നേടിയിരുന്നു. ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ ഇതാദ്യമായിട്ടായിരുന്നു രണ്ട് ടീമിലെയും താരങ്ങള്‍ സെഞ്ച്വറി പൂര്‍ത്തിയാക്കുന്നത്. ആ മത്സരത്തില്‍ വിജയം വിരാടിന്റെ സെഞ്ച്വറിക്കൊപ്പമായിരുന്നു.

നിലവില്‍ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ് ആര്‍.സി.ബി. സണ്‍റൈസേഴ്‌സിനെതിരെ വിജയത്തോടെ തിരിച്ചുവരാനാണ് ആര്‍.സി.ബി ഒരുങ്ങുന്നത്.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പ്ലെയിങ് ഇലവന്‍

ട്രാവിസ് ഹെഡ്, അഭിഷേക് ശര്‍മ, ഏയ്ഡന്‍ മര്‍ക്രം, നിതീഷ് കുമാര്‍ റെഡ്ഡി, ഹെന്റിക് ക്ലാസന്‍, അബ്ദുള്‍ സമദ്, ഷഹബാസ് അഹമ്മദ്, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), ഭുവനേശ്വര്‍ കുമാര്‍, ജയ്‌ദേവ് ഉനദ്കട്, ടി. നടരാജന്‍.

റോയല്‍ ചലഞ്ചേഴ്‌സ് പ്ലെയിങ് ഇലവന്‍

ഫാഫ് ഡു പ്ലെസി (ക്യാപ്റ്റന്‍), വിരാട് കോഹ്‌ലി, വില്‍ ജാക്‌സ്, രജത് പാടിദാര്‍, സൗരവ് ചൗഹാന്‍, ദിനേഷ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), മഹിപാല്‍ ലോംറോര്‍, ലോക്കി ഫെര്‍ഗൂസന്‍, റീസ് ടോപ്‌ലി, വൈശാഖ് വിജയ് കുമാര്‍, യാഷ് ദയാല്‍.

Content Highlight: IPL 2024: RCB vs SRH: RCB won the toss and elect to field first

We use cookies to give you the best possible experience. Learn more