ഐ.പി.എല്ലിന്റെയല്ല, തിരുത്തിക്കുറിച്ചത് ഫോര്‍മാറ്റിന്റെ തന്നെ ചരിത്രം; റോയല്‍ ചലഞ്ചേഴ്‌സിനെ നാണക്കേടിലേക്ക് തള്ളിയിട്ട് മീശക്കാരന്‍
IPL
ഐ.പി.എല്ലിന്റെയല്ല, തിരുത്തിക്കുറിച്ചത് ഫോര്‍മാറ്റിന്റെ തന്നെ ചരിത്രം; റോയല്‍ ചലഞ്ചേഴ്‌സിനെ നാണക്കേടിലേക്ക് തള്ളിയിട്ട് മീശക്കാരന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 15th April 2024, 9:12 pm

ബൗളര്‍മാരുടെ മോശം ഫോം തുടരുന്നതിനിടെ സീസണിലെ ഏറ്റവും മികച്ച ബാറ്റിങ് യൂണിറ്റിനെ നേരിടുകയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. സ്വന്തം തട്ടകമായ എം. ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ആര്‍.സി.ബി നായകന്‍ സണ്‍റൈസേഴ്‌സിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

ആദ്യ ഓവര്‍ മുതല്‍ക്കുതന്നെ പ്ലേ ബോള്‍ഡ് ആര്‍മിയെ നിര്‍ദയം അടിച്ചുകൂട്ടിയാണ് അഭിഷേക് ശര്‍മയും സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചത്. ആദ്യ ആറ് ഓവര്‍ പിന്നിടുമ്പോള്‍ 76ലെത്തിയ സണ്‍റൈസേഴ്‌സ് എട്ട് ഓവര്‍ അവസാനിക്കുമ്പോഴേക്കും സ്‌കോര്‍ 100 കടത്തിയിരുന്നു.

ടീം സ്‌കോര്‍ 108ല്‍ നില്‍ക്കവെ അഭിഷേക് ശര്‍മയെ പുറത്താക്കി ആര്‍.സി.ബി കൂട്ടുകെട്ട് പൊളിച്ചെങ്കിലും പിന്നാലെയെത്തിയ ക്ലാസനെ ഒപ്പം കൂട്ടി ഹെഡ് സ്‌കോര്‍ ബോര്‍ഡിന് വേഗം കുറയാതെ നോക്കി.

ഇതിനിടെ ഹെഡ് തന്റെ സെഞ്ച്വറിയും പൂര്‍ത്തിയാക്കിരുന്നു. നേരിട്ട 39ാം പന്തിലാണ് ഹെഡ് സെഞ്ച്വറി നേടിയത്. ഐ.പി.എല്ലിന്റെ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ നാലാമത് സെഞ്ച്വറി നേട്ടമാണിത്. സണ്‍റൈസേഴ്‌സിനായി ഒരു ബാറ്റര്‍ ഏറ്റവും വേഗമേറിയ സെഞ്ച്വറിയും ഇത് തന്നെ.

ഈ സെഞ്ച്വറിക്ക് പിന്നാലെ ഒരു മോശം റെക്കോഡാണ് റോയല്‍ ചലഞ്ചേഴ്‌സിനെ തേടിയെത്തിയത്. ടി-20 ഫോര്‍മാറ്റില്‍ ഏറ്റവുമധികം സെഞ്ച്വറി വഴങ്ങിയ ടീം എന്ന മോശം നേട്ടമാണ് ട്രാവിസ് ഹെഡ് ആര്‍.സി.ബിക്ക് മേല്‍ ചാര്‍ത്തിക്കൊടുത്തത്.

ഐ.പി.എല്ലില്‍ ആര്‍.സി.ബിക്കെതിരെ പിറക്കുന്ന 15ാം സെഞ്ച്വറി നേട്ടമാണിത്. കൗണ്ടി ടീമുകളായ കെന്റും നോര്‍താംപ്ടണ്‍ഷെയറുമാണ് ഈ മോശം റെക്കോഡില്‍ ആര്‍.സി.ബിക്കൊപ്പമുള്ളത്.

ടി-20 ഫോര്‍മാറ്റില്‍ ഏറ്റവുമധികം സെഞ്ച്വറി വഴങ്ങിയ ടീം

(ടീം – വഴങ്ങിയ സെഞ്ച്വറി എന്നീ ക്രമത്തില്‍)

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – 15*

കെന്റ് – 15

നൊര്‍താംപ്ടണ്‍ഷെയര്‍ – 15

അതേസമയം, 17 ഓവര്‍ പിന്നിടുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 231 റണ്‍സ് എന്ന നിലയിലാണ് സണ്‍റൈസേഴ്‌സ്. 31 പന്തില്‍ 61 റണ്‍സ് നേടിയ ക്ലാസന്റെ വിക്കറ്റാണ് ഓറഞ്ച് ആര്‍മിക്ക് നഷ്ടമായത്.

എട്ട് പന്തില്‍ 16 റണ്‍സുമായി ഏയ്ഡന്‍ മര്‍ക്രവും ക്ലാസന് പിന്നാലെ കളത്തിലിറങ്ങിയ അബ്ദുള്‍ സമദുമാണ് ക്രീസില്‍.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പ്ലെയിങ് ഇലവന്‍

ട്രാവിസ് ഹെഡ്, അഭിഷേക് ശര്‍മ, ഏയ്ഡന്‍ മര്‍ക്രം, നിതീഷ് കുമാര്‍ റെഡ്ഡി, ഹെന്റിക് ക്ലാസന്‍, അബ്ദുള്‍ സമദ്, ഷഹബാസ് അഹമ്മദ്, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), ഭുവനേശ്വര്‍ കുമാര്‍, ജയ്‌ദേവ് ഉനദ്കട്, ടി. നടരാജന്‍.

റോയല്‍ ചലഞ്ചേഴ്‌സ് പ്ലെയിങ് ഇലവന്‍

ഫാഫ് ഡു പ്ലെസി (ക്യാപ്റ്റന്‍), വിരാട് കോഹ്‌ലി, വില്‍ ജാക്‌സ്, രജത് പാടിദാര്‍, സൗരവ് ചൗഹാന്‍, ദിനേഷ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), മഹിപാല്‍ ലോംറോര്‍, ലോക്കി ഫെര്‍ഗൂസന്‍, റീസ് ടോപ്‌ലി, വൈശാഖ് വിജയ് കുമാര്‍, യാഷ് ദയാല്‍.

 

 

Content highlight: IPL 2024: RCB vs SRH: RCB concedes most century in T20