ഒരു ടീമിലെ നാല് ബൗളര്‍മാര്‍ അര്‍ധ സെഞ്ച്വറിയടിച്ച ചരിത്രത്തിലെ ആദ്യ മത്സരം; നാണക്കേടില്‍ നീറി വിരാടിന്റെ ബൗളിങ് നിര
IPL
ഒരു ടീമിലെ നാല് ബൗളര്‍മാര്‍ അര്‍ധ സെഞ്ച്വറിയടിച്ച ചരിത്രത്തിലെ ആദ്യ മത്സരം; നാണക്കേടില്‍ നീറി വിരാടിന്റെ ബൗളിങ് നിര
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 16th April 2024, 5:01 pm

ഐ.പി.എല്ലിന്റെയും ടി-20 ഫോര്‍മാറ്റിന്റൈ തന്നെയും ചരിത്രം തിരുത്തിക്കുറിച്ചാണ് ചിന്നസ്വാമിയില്‍ കഴിഞ്ഞ ദിവസം സണ്‍റൈസേഴ്‌സ് ഹൈദരാബാദ് – റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു മത്സരം അവസാനിച്ചത്. മത്സരത്തില്‍ 25 റണ്‍സിന് സണ്‍റൈസേഴ്‌സ് വിജയിച്ചിരുന്നു.

മത്സരത്തില്‍ ടോസ് നേടിയ ഫാഫ് ഡു പ്ലെസി എതിരാളികളെ ബാറ്റിങ്ങിനയച്ചു. ട്രാവിസ് ഹെഡ്, ഹെന്റിക് ക്ലാസന്‍, അബ്ദുള്‍ സമദ് എന്നിവരുടെ വെടിക്കെട്ടിന്റെ ബലത്തില്‍ സന്ദര്‍ശകര്‍ നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 287 റണ്‍സ് നേടി. ഐ.പി.എല്ലിലെ ഏറ്റവുമുയര്‍ന്ന ടീം ടോട്ടല്‍ എന്ന സ്വന്തം റെക്കോഡ് തകര്‍ത്താണ് എസ്.ആര്‍.എച്ച് പുതുചരിത്രം കുറിച്ചത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ബെംഗളൂരു ദിനേഷ് കാര്‍ത്തിക്കിന്റെയും ക്യാപ്റ്റന്‍ ഫാഫിന്റെയും അര്‍ധ സെഞ്ച്വറികളുടെ കരുത്തില്‍ പൊരുതി നോക്കിയെങ്കിലും വിജയം വിളിപ്പാടകലെയായിരുന്നു.

ആര്‍.സി.ബി ബൗളിങ് നിരയുടെ ദൗര്‍ബല്യം വീണ്ടും വീണ്ടും വിളിച്ചോതുന്ന പ്രകടനമാണ് ഹോം ടീം ഹോം ഗ്രൗണ്ടില്‍ കാഴ്ചവെച്ചത്. ഓറഞ്ച് ആര്‍മിയുടെ സൂപ്പര്‍ താരങ്ങള്‍ ഒന്നൊഴിയാതെ ആര്‍.സി.ബി ബൗളര്‍മാരെ അടിച്ചുകൂട്ടി. ആര്‍.സി.ബി നിരയില്‍ പന്തെറിഞ്ഞ എല്ലാവരുടെയും എക്കോണമി പത്തിന് മുകളിലായിരുന്നു.

റീസ് ടോപ്‌ലി നാല് ഓവറില്‍ 68 റണ്‍സ് വഴങ്ങിയപ്പോള്‍ വൈശാഖ് വിജയ്കുമാര്‍ നാല് ഓവറില്‍ 64ഉം ലോക്കി ഫെര്‍ഗൂസന്‍ നാല് ഓവറില്‍ 52 റണ്‍സും യാഷ് ദയാല്‍ നാലോവറില്‍ 51 റണ്‍സും വഴങ്ങി. വില്‍ ജാക്‌സ് മൂന്ന് ഓവറില്‍ 32 കൊടുത്തപ്പോള്‍ എറിഞ്ഞ ഒറ്റ ഓവറില്‍ 18 റണ്‍സാണ് പാര്‍ട് ടൈമര്‍ മഹിപാല്‍ ലോംറോര്‍ വഴങ്ങിയത്.

ഇതോടെ ഒരു മോശം റെക്കോഡാണ് ആര്‍.സി.ബി ബൗളര്‍മാരെ തേടിയെത്തിയത്. ഒരു ടി-20 മത്സരത്തില്‍ നാല് ബോളര്‍മാര്‍ 50ന് മുകളില്‍ റണ്‍സ് വഴങ്ങുന്ന ആദ്യ ടീം എന്ന മോശം റെക്കോഡാണ് ആര്‍.സി.ബി നേടിയത്.

ടി-20 ഫോര്‍മാറ്റിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ പിറന്ന നേപ്പാള്‍ – മംഗോളിയ മത്സരത്തില്‍ പോലും ഇത്തരമൊരു നേട്ടം പിറന്നിരുന്നില്ല. നേപ്പാള്‍ 120 പന്തില്‍ 314 റണ്‍സ് നേടിയപ്പോള്‍ മൂന്ന് മംഗോളിയന്‍ ബൗളര്‍മാര്‍ മാത്രമാണ് 50ന് മുകളില്‍ റണ്‍സ് വിട്ടുകൊടുത്തത്.

 

 

അതേസമയം, കഴിഞ്ഞ മത്സരത്തിലും പരാജയപ്പെട്ടതിന് പിന്നാലെ റോയല്‍ ചലഞ്ചേഴ്‌സ് പത്താം സ്ഥാനത്ത് നിന്നും കരകയറാന്‍ സാധിക്കാതെ ഉഴറുകയാണ്. ഏഴ് മത്സരത്തില്‍ നിന്നും ഒറ്റ ജയത്തോടെ രണ്ട് പോയിന്റാണ് ബെംഗളൂരുവിനുള്ളത്.

ഏപ്രില്‍ 21നാണ് ആര്‍.സി.ബിയുടെ അടുത്ത മത്സരം. കൊല്‍ക്കത്തയാണ് എതിരാളികള്‍.

 

 

Co0ntent Highlight: IPL 2024: RCB vs SRH: RCB bowlers with yet another poor record