ഐ.പി.എല്‍ 2024ലെ 41ാം മത്സരത്തില്‍ സണ്‍റൈസേഴ്സിനെ അവരുടെ തട്ടകത്തിലെത്തി നേരിടുകയാണ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു. ഉപ്പലിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ആര്‍.സി.ബി നായകന്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ആര്‍.സി.ബി നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സ് നേടി. വിരാട് കോഹ്‌ലിയുടെയും രജത് പാടിദാറിന്റെയും അര്‍ധ സെഞ്ച്വറി കരുത്തിലാണ് ആര്‍.സി.ബി മികച്ച സ്‌കോര്‍ നേടിയത്.
വിരാട് 43 പന്തില്‍ 51 റണ്‍സ് നേടിയപ്പോള്‍ 20 പന്തില്‍ 50 റണ്‍സ് നേടിയാണ് പാടിദാര്‍ വെടിക്കെട്ട് നടത്തിയത്.
സണ്‍റൈസേഴ്‌സിന്റെ തകര്‍പ്പന്‍ ബാറ്റിങ് കരുത്തില്‍ ഈ ടോട്ടല്‍ വെറും 15 ഓവറില്‍ മറികടക്കുമെന്നാണ് ആരാധകര്‍ പോലും കരുതിയത്. സണ്‍റൈസേഴ്‌സിന്റെ വെടിക്കെട്ടിനൊപ്പം ആര്‍.സി.ബി ബൗളര്‍മാരുടെ മോശം ഫോമും സ്വന്തം ആരാധകരില്‍ ചോദ്യമുയര്‍ത്തി.
എന്നാല്‍ പതിവിന് വിപരീതമായി ആര്‍.സി.ബി ബൗളര്‍മാര്‍ മികച്ച രീതിയിലാണ് പന്തെറിയുന്നത്. സണ്‍റൈസേഴ്‌സ് ഇന്നിങ്‌സിലെ ആദ്യ ഓവറില്‍ തന്നെ അപകടകാരിയായ ട്രാവിസ് ഹെഡിനെ വെറും ഒറ്റ റണ്ണിന് ആര്‍.സി.ബി മടക്കി.
നാലാം ഓവറില്‍ അഭിഷേക് ശര്‍മയെ പുറത്താക്കിയ ബെംഗളൂരു അഞ്ചാം ഓവറില്‍ ഏയ്ഡന്‍ മര്‍ക്രമിനെയും ഹെന്‍ റിക് ക്ലാസനെയും മടക്കി.
സീസണില്‍ ഇതാദ്യമായാണ് പവര്‍ പ്ലേ അവസാനിക്കുന്നതിന് മുമ്പ് ഓറഞ്ച് ആര്‍മിയുടെ ആദ്യ നാല് വിക്കറ്റുകളും നിലം പൊത്തുന്നത്.
തുടര്‍ന്നും കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയ ആര്‍.സി.ബി എതിരാളികളെ വരിഞ്ഞുമുറുക്കയാണ്.
നിലവില്‍ പത്ത് ഓവര്‍ പിന്നിടുമ്പോള്‍ 89ന് ആറ് വിക്കറ്റ് എന്ന നിലയിലാണ് സണ്‍റൈസേഴ്‌സ്. 12 പന്തില്‍ 13 റണ്‍സുമായി ഷഹബാസ് അഹമ്മദും മൂന്ന് പന്തില്‍ മൂന്ന് റണ്‍സുമായി ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സുമാണ് ക്രീസില്‍.
സണ്‍റൈസേഴ്‌സ് ഹൈദരബാദ് പ്ലെയിങ് ഇലവന്‍:
അഭിഷേക് ശര്‍മ, ഏയ്ഡന്‍ മര്‍ക്രം, ഹെന്റിക് ക്ലാസന്‍, അബ്ദുള്‍ സമദ്, ഷഹബാസ് അഹമ്മദ്, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), ഭുവനേശ്വര്‍ കുമാര്‍, ജയദേവ് ഉനദ്കട്, മായങ്ക് മാര്‍ക്കണ്ഡേ
റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു പ്ലെയിങ് ഇലവന്‍:
ഫാഫ് ഡു പ്ലെസി (ക്യാപ്റ്റന്‍), വിരാട് കോഹ്‌ലി, വില്‍ ജാക്സ്, രജത് പാടിദാര്‍, കാമറൂണ്‍ ഗ്രീന്‍, ദിനേഷ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), മഹിപാല്‍ ലോംറോര്‍, ലോക്കി ഫെര്‍ഗൂസന്‍, കരണ്‍ ശര്‍മ, മുഹമ്മദ് സിറാജ്, യാഷ് ദയാല്‍.
Content highlight: IPL 2024: RCB vs SRH: Brilliant bowling performance by RCB bowlers in first half of SRH innings