ചരിത്ര സെഞ്ച്വറി സമ്മാനിച്ചത് വമ്പന്‍ നാണക്കേടും; നിറഞ്ഞ പുഞ്ചിരിക്കൊപ്പം വിരാടിന് കണ്ണുനീരും
IPL
ചരിത്ര സെഞ്ച്വറി സമ്മാനിച്ചത് വമ്പന്‍ നാണക്കേടും; നിറഞ്ഞ പുഞ്ചിരിക്കൊപ്പം വിരാടിന് കണ്ണുനീരും
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 6th April 2024, 10:46 pm

 

ഐ.പി.എല്ലില്‍ തങ്ങളുടെ അഞ്ചാം മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ നേരിടുകയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. എതിരാളികളുടെ തട്ടകമായ സവായ് മാന്‍സിങ് സ്‌റ്റേഡിയത്തിലാണ് മത്സരം അരങ്ങേറുന്നത്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട ആര്‍.സി.ബി ബാറ്റിങ്ങിനിറങ്ങാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത റോയല്‍ ചലഞ്ചേഴ്‌സ് നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സ് നേടി. വിരാട് കോഹ്‌ലിയുടെ സെഞ്ച്വറി കരുത്തിലാണ് ആര്‍.സി.ബി സ്‌കോര്‍ ഉയര്‍ത്തിയത്.

റോയല്‍ ചലഞ്ചേഴ്‌സ് സ്‌കോറിന്റെ സിംഹഭാഗവും വിരാടിന്റെ ബാറ്റില്‍ നിന്നുമാണ് പിറന്നത്. 72 പന്തില്‍ നിന്നും പുറത്താകാതെ 113 റണ്‍സാണ് വിരാട് നേടിയത്. 12 ഫോറും നാല് സിക്‌സറും അടങ്ങുന്നതായിരുന്നു വിരാടിന്റെ ഇന്നിങ്‌സ്.

സീസണിലെ ആദ്യ സെഞ്ച്വറിയും ഐ.പി.എല്ലിലെ തന്റെ എട്ടാം സെഞ്ച്വറിയുമാണ് വിരാട് എസ്.എം.എസ്സില്‍ കുറിച്ചത്. ഐ.പി.എല്ലില്‍ ഏറ്റവുമധികം സെഞ്ച്വറി നേടുന്ന താരം എന്ന തന്റെ തന്നെ റെക്കോഡ് തിരുത്താനും വിരാടിന് സാധിച്ചു.

എന്നാല്‍ ഒരു മോശം റെക്കോഡും ഈ സെഞ്ച്വറിക്ക് പിന്നാലെ വിരാടിനെ തേടിയെത്തിയിരുന്നു. ഐ.പി.എല്ലിലെ ഏറ്റവും വേഗം കുറഞ്ഞ സെഞ്ച്വറിയെന്ന റെക്കോഡാണ് വിരാട് തന്റെ പേരിലെഴുതിയത്. നേരിട്ട 67ാം പന്തിലായിരുന്നു വിരാടിന്റെ സെഞ്ച്വറി നേട്ടം.

ഐ.പി.എല്ലില്‍ ഏറ്റവും വേഗം കുറഞ്ഞ സെഞ്ച്വറികള്‍

(താരം – ടീം – എതിരാളികള്‍ – സെഞ്ച്വറി നേടാന്‍ നേരിട്ട പന്തുകള്‍ – വര്‍ഷം എന്നീ ക്രമത്തില്‍)

വിരാട് കോഹ്‌ലി – റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – രാജസ്ഥാന്‍ റോയല്‍സ് – 67 – 2024

മനീഷ് പാണ്ഡേ – റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – ഡെക്കാന്‍ ചാര്‍ജേഴ്‌സ് – 67 – 2009

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – മുംബൈ ഇന്ത്യന്‍സ് – കൊച്ചി ടസ്‌കേഴ്‌സ് കേരള – 66 – 2011

ഡേവിഡ് വാര്‍ണര്‍ – ദല്‍ഹി ഡെയര്‍ ഡെവിള്‍സ് – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – 66 – 2010

ജോഷ് ബട്‌ലര്‍ – രാജസ്ഥാന്‍ റോയല്‍സ് – മുംബൈ ഇന്ത്യന്‍സ് – 66 – 2022

അതേസമയം, റോയല്‍ ചലഞ്ചേഴ്‌സ് ഉയര്‍ത്തിയ 184 റണ്‍സിന്റെ ടോട്ടല്‍ പിന്തുടര്‍ന്നിറങ്ങിയ രാജസ്ഥാന് ക്യാപ്റ്റന്‍ സഞ്ജു സാംസണെ നഷ്ടമായിരിക്കുകയാണ്. 42 പന്തില്‍ 69 റണ്‍സ് നേടിയാണ് സഞ്ജു പുറത്തായത്.

നിലവില്‍ 15 ഓവര്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സ് എന്ന നിലയിലാണ് രാജസ്ഥാന്‍. 44 പന്തില്‍ 77 റണ്‍സുമായി ജോഷ് ബട്‌ലറും രണ്ട് പന്തില്‍ നാല് റണ്‍സുമായി റിയാന്‍ പരാഗുമാണ് ക്രീസില്‍.

 

രാജസ്ഥാന്‍ റോയല്‍സ് പ്ലെയിങ് ഇലവന്‍

ജോഷ് ബട്‌ലര്‍, യശസ്വി ജെയ്‌സ്വാള്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), റിയാന്‍ പരാഗ്, ധ്രുവ് ജുറെല്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ആര്‍. അശ്വിന്‍, യൂസ്വേന്ദ്ര ചഹല്‍, നാന്ദ്രേ ബര്‍ഗര്‍, ആവേശ് ഖാന്‍, ട്രെന്റ് ബോള്‍ട്ട്.

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു പ്ലെയിങ് ഇലവന്‍

വിരാട് കോഹ്‌ലി, ഫാഫ് ഡു പ്ലെസി (ക്യാപ്റ്റന്‍), രജത് പാടിദാര്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, കാമറൂണ്‍ ഗ്രീന്‍, സൗരഭ് ചൗഹാന്‍, ദിനേഷ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), മായങ്ക് ഡാഗര്‍, റീസ് ടോപ്‌ലി, മുഹമമ്ദ് സിറാജ്, യാഷ് ദയാല്‍.

 

Content highlight: IPL 2024: RCB vs RR: Virat Kohli scored slowest century in IPL