ടി-20 ഫോര്‍മാറ്റില്‍ ഒരു ടീമിന് വേണ്ടി മാത്രമായി 8,000 റണ്‍സ് നേടുന്ന താരം എന്ന നേട്ടമാണ് വിരാടിനെ കാത്തിരിക്കുന്നത്. ടി-20 ഫോര്‍മാറ്റില്‍ ഏറ്റവുമധികം റണ്‍സ് നേടിയ ക്രിസ് ഗെയ്ല്‍ അടക്കമുള്ള സൂപ്പര്‍ താരങ്ങള്‍ക്കൊന്നും തന്നെ നേടാന്‍ സാധിക്കാത്ത നേട്ടമാണ് വിരാടിന് മുമ്പിലുള്ളത്.
ഐ.പി.എല്ലില്‍ കളിച്ച 241 മത്സരത്തില്‍ നിന്നും 130.29 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റിലും 37.7 ശരാശരിയിലും 7,466 റണ്‍സാണ് വിരാട് നേടിയത്. ഏഴ് സെഞ്ച്വറിയും 52 അര്‍ധ സെഞ്ച്വറിയുമാണ് വിരാടിന്റെ പേരില്‍ ഐ.പി.എല്ലില്‍ കുറിക്കപ്പെട്ടത്.
ശേഷിക്കുന്ന 424 റണ്‍സ് ചാമ്പ്യന്‍സ് ലീഗിലെ 15 മത്സരത്തില്‍ നിന്നുമാണ് വിരാട് അടിച്ചെടുത്തത്. 38.54 എന്ന ശരാശരിയും 150.35 എന്ന സ്‌ട്രൈക്ക് റേറ്റുമാണ് ചാമ്പ്യന്‍സ് ലീഗില്‍ വിരാടിനുള്ളത്. രണ്ട് അര്‍ധ സെഞ്ച്വറിയാണ് ചാമ്പ്യന്‍സ് ലീഗില്‍ വിരാട് സ്വന്തമാക്കിയത്. 84* ആണ് ഉയര്‍ന്ന സ്‌കോര്‍.
അതേസമയം, രാജസ്ഥാനെതിരായ മത്സരത്തില്‍ മൂന്ന് ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 29 എന്ന നിലയിലാണ് ബെംഗളൂരു. 12 പന്തില്‍ 16 റണ്‍സുമായി വിരാടും ആറ് പന്തില്‍ ആറ് റണ്‍സുമായി ഫാഫ് ഡു പ്ലെസിയുമാണ് ക്രീസില്‍.