ഈ സീസണിലെ രണ്ടാം മത്സരത്തിനിറങ്ങിയിരിക്കുകയാണ് വിരാട് കോഹ്‌ലിയുടെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. തങ്ങളുടെ ഹോം സ്‌റ്റേഡിയമായ ചിന്നസ്വാമി സ്‌റ്റേഡിയത്തിലാണ് ആര്‍.സി.ബി തങ്ങളുടെ രണ്ടാം മത്സരം കളിക്കുന്നത്.
ആദ്യ മത്സരത്തില്‍ റിഷബ് പന്തിന്റെ ദല്‍ഹി ക്യാപ്പിറ്റല്‍സിനെ തോല്‍പിച്ചെത്തിയ പഞ്ചാബ് കിങ്‌സാണ് ഹോം ഗ്രൗണ്ടില്‍ ആര്‍.സി.ബിയുടെ ആദ്യ എതിരാളികള്‍.
മത്സരത്തില്‍ ടോസ് നേടിയ റോയല്‍ ചലഞ്ചേഴ്‌സ് നായകന്‍ ഫാഫ് ഡു പ്ലെസി ഫീല്‍ഡിങ് തെരഞ്ഞെടുത്തു.
മൂന്നാം ഓവറില്‍ തന്നെ റോയല്‍ ചലഞ്ചേഴ്‌സ് ആദ്യ വിക്കറ്റ് നേടിയിരുന്നു. മുഹമ്മദ് സിറാജാണ് പഞ്ചാബിന്റെ ആദ്യ രക്തം ചിന്തിയത്.
ഓവറിലെ രണ്ടാം പന്തില്‍ സൂപ്പര്‍ താരം ജോണി ബെയര്‍സ്‌റ്റോയെ വിരാട് കോഹ്‌ലിയുടെ കൈകളിലെത്തിച്ചാണ് സിറാജ് മടക്കിയത്.
സിറാജിന്റെ പന്തില്‍ ഷോട്ട് കളിച്ച ജോണി ബെയര്‍സ്‌റ്റോക്ക് പിഴച്ചു. ഉയര്‍ന്നുപൊങ്ങിയ പന്തിന് പിന്നാലെ ഗ്ലെന്‍ മാക്‌സ്‌വെല്ലും വിരാട് കോഹ്‌ലിയും ഓടിയടുത്തു. എന്നാല്‍ ആദ്യം തന്നെ ക്യാച്ചിനായി കോള്‍ ചെയ്ത വിരാട് അനായാസം ആ ക്യാച്ച് കംപ്ലീറ്റ് ചെയ്യുകയായിരുന്നു.
ഈ ക്യാച്ചിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടമാണ് വിരാട് കോഹ്‌ലി സ്വന്തമാക്കിയത്. ടി-20 ഫോര്‍മാറ്റില്‍ ഏറ്റവുമധികം ക്യാച്ചുകള്‍ നേടുന്ന ഇന്ത്യന്‍ താരം എന്ന നേട്ടമാണ് വിരാട് നേടിയത്.
ഈ ക്യാച്ചിന് പുറമെ മത്സരത്തില്‍ പഞ്ചാബ് നായകന്‍ ശിഖര്‍ ധവാന്റെ ക്യാച്ചും വിരാട് കൈപ്പിടിയിലൊതുക്കിയിരുന്നു. ഗ്ലെന്‍ മാക്‌സ്‌വെല്‍ എറിഞ്ഞ 13ാം ഓവറിലെ ആദ്യ പന്തിലായിരുന്നു അര്‍ധ സെഞ്ച്വറിക്കരികിലെത്തി നില്‍ക്കവെ ധവാന്‍ വിരാടിന് ക്യാച്ച് നല്‍കി പുറത്തായത്.
ടി-20 ഫോര്‍മാറ്റില്‍ ഏറ്റവുമധികം ക്യാച്ചുകള്‍ നേടിയ ഇന്ത്യന്‍ താരങ്ങള്‍
വിരാട് കോഹ്‌ലി – 174*
സുരേഷ് റെയ്‌ന – 172
രോഹിത് ശര്‍മ – 167
അതേസമയം, 13 ഓവര്‍ പിന്നിടുമ്പോള്‍ 102 റണ്‍സിന് നാല് വിക്കറ്റ് എന്ന നിലയിലാണ് പഞ്ചാബ്. രണ്ട് പന്തില്‍ രണ്ട് റണ്‍സുമായി സാം കറനും മൂന്ന് പന്തില്‍ രണ്ട് റണ്‍സുമായി ജിതേഷ് ശര്‍മയുമാണ് ക്രീസില്‍.
റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു പ്ലെയിങ് ഇലവന്‍:
ഫാഫ് ഡു പ്ലെസി(ക്യാപ്റ്റന്‍), വിരാട് കോഹ്‌ലി, രജത് പാടിദാര്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, കാമറൂണ്‍ ഗ്രീന്‍, ദിനേഷ് കാര്‍ത്തിക്, അനൂജ് റാവത്ത് (വിക്കറ്റ് കീപ്പര്‍), അല്‍സാരി ജോസഫ്, മായങ്ക് ഡാഗര്‍, മുഹമ്മദ് സിറാജ്, യാഷ് ദയാല്‍.
പഞ്ചാബ് കിങ്‌സ് പ്ലെയിങ് ഇലവന്‍:
ശിഖര്‍ ധവാന്‍ (ക്യാപ്റ്റന്‍), ജോണി ബെയര്‍സ്റ്റോ, പ്രഭ്‌സ്മ്രാന്‍ സിങ്, സാം കറന്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ലിയാം ലിവിങ്സ്റ്റണ്‍, ശശാങ്ക് സിങ്, ഹര്‍പ്രീത് ബ്രാര്‍, ഹര്‍ഷല്‍ പട്ടേല്‍, കഗിസോ റബാദ, രാഹുല്‍ ചഹര്‍.
Content Highlight: IPL 2024: RCB vs PBKS: Virat Kohli tops the list of most catches by an Indian fielder in T20s