ഒരിക്കലും വരുത്താന്‍ പാടില്ലാത്ത പിഴവ്; ജീവന്‍ കിട്ടിയ ഓവറില്‍ തന്നെ സംഹാരം
IPL
ഒരിക്കലും വരുത്താന്‍ പാടില്ലാത്ത പിഴവ്; ജീവന്‍ കിട്ടിയ ഓവറില്‍ തന്നെ സംഹാരം
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 25th March 2024, 9:54 pm

ഐ.പി.എല്‍ 2024ലെ ആറാം മത്സരത്തില്‍ ഹോം ടീമായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു പഞ്ചാബ് കിങ്‌സിനെ നേരിടുകയാണ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സ് നേടി.

177 റണ്‍സ് ലക്ഷ്യമിട്ടിറങ്ങിയ റോയല്‍ ചലഞ്ചേഴ്‌സ് ബെഗംളൂരു ആരാധകര്‍ ആദ്യ ഓവറില്‍ തന്നെ ഭയന്നിരുന്നു. സാം കറന്‍ എറിഞ്ഞ ആദ്യ ഓവറിലെ രണ്ടാം പന്തില്‍ വിരാട് കോഹ്‌ലി പുറത്താകാനുള്ള സാധ്യതകളുണ്ടായിരുന്നു.

സാം കറന്റെ പന്തില്‍ ഷോട്ട് കളിച്ച വിരാടിന് പിഴച്ചു. സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്നു ജോണി ബെയര്‍സ്‌റ്റോക്ക് നേരെയാണ് ഔട്ട് സൈഡ് എഡ്ജായി പന്ത് ഉയര്‍ന്നു പൊങ്ങിയത്. എന്നാല്‍ താരത്തിന് ക്യാച്ച് കൈപ്പിടിയിലൊതുക്കാന്‍ സാധിച്ചില്ല. ആ പന്ത് ബൗണ്ടറി കടക്കുകയും ചെയ്തിരുന്നു.

മത്സരത്തിന്റെ ഗതിയൊന്നാകെ മാറ്റിമറിച്ചേക്കാവുന്ന പിഴവായിരുന്നു പഞ്ചാബ് താരം വരുത്തിയത്.

എന്നാല്‍ ജീവന്‍ ലഭിച്ച വിരാട് കോഹ്‌ലി തുടര്‍ന്നങ്ങോട്ട് ആക്രമിച്ചുകളിച്ചു. ആ ഓവറില്‍ മൂന്ന് ഫോറുകളാണ് പിന്നീട് പിറന്നത്. ആകെ 16 റണ്‍സാണ് സാം കറന്‍ ആദ്യ ഓവറില്‍ വഴങ്ങിയത്.

അതേസമയം, മൂന്ന് ഓവര്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 28 റണ്‍സ് എന്ന നിലയിലാണ് ആര്‍.സി.ബി. ഏഴ് പന്തില്‍ മൂന്ന് റണ്‍സ് നേടിയ ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിയാണ് പുറത്തായത്.

ഒമ്പത് പന്തില്‍ 21 റണ്‍സുമായി വിരാട് കോഹ്‌ലിയും രണ്ട് പന്തില്‍ രണ്ട് റണ്‍സുമായി കാമറൂണ്‍ ഗ്രീനുമാണ് ക്രിസില്‍.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിങ്സ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സാണ് നേടിയത്. 37 പന്തില്‍ 45 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ശിഖര്‍ ധവാനാണ് ടോപ് സ്‌കോറര്‍.

ജിതേഷ് ശര്‍മ (20 പന്തില്‍ 27), പ്രഭ്സിമ്രാന്‍ സിങ് (17 പന്തില്‍ 25), സാം കറന്‍ (17 പന്തില്‍ 25 റണ്‍സ്), ശശാങ്ക് സിങ് (എട്ട് പന്തില്‍ 21*) എന്നിവരാണ് പഞ്ചാബിന്റെ മറ്റ് സ്‌കോറര്‍മാര്‍.

ബെംഗളൂരുവിനായി മുഹമ്മദ് സിറാജും ഗ്ലെന്‍ മാക്‌സ്‌വെല്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍. യാഷ് ദയാലും അല്‍സാരി ജോസഫും ഓരോ വിക്കറ്റ് വീതം നേടി.

റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു പ്ലെയിങ് ഇലവന്‍:

ഫാഫ് ഡു പ്ലെസി(ക്യാപ്റ്റന്‍), വിരാട് കോഹ്ലി, രജത് പാടിദാര്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, കാമറൂണ്‍ ഗ്രീന്‍, ദിനേഷ് കാര്‍ത്തിക്, അനൂജ് റാവത്ത് (വിക്കറ്റ് കീപ്പര്‍), അല്‍സാരി ജോസഫ്, മായങ്ക് ഡാഗര്‍, മുഹമ്മദ് സിറാജ്, യാഷ് ദയാല്‍.

പഞ്ചാബ് കിങ്സ് പ്ലെയിങ് ഇലവന്‍:

ശിഖര്‍ ധവാന്‍ (ക്യാപ്റ്റന്‍), ജോണി ബെയര്‍സ്റ്റോ, പ്രഭ്സ്മ്രാന്‍ സിങ്, സാം കറന്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ലിയാം ലിവിങ്സ്റ്റണ്‍, ശശാങ്ക് സിങ്, ഹര്‍പ്രീത് ബ്രാര്‍, ഹര്‍ഷല്‍ പട്ടേല്‍, കഗിസോ റബാദ, രാഹുല്‍ ചഹര്‍.

 

 

Content highlight: IPL 2024: RCB vs PBKS: Virat Kohli dropped by Jonny Bairstow at 0