| Monday, 25th March 2024, 10:57 pm

പഞ്ചാബിനെതിരെ നൂറ് റണ്‍സ് നേടാതെ സെഞ്ച്വറി; ഒന്നാമനും മൂന്നാമനും, സ്വന്തം സാമ്രാജ്യത്തില്‍ കിങ് കോഹ്‌ലി തന്നെ

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടി വിരാട് കോഹ്‌ലി. സീസണില്‍ സ്വന്തം തട്ടകമായ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ മത്സരത്തില്‍ തന്നെ വിരാട് തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തതിന്റെ ആവേശത്തിലാണ് ആരാധകര്‍.

നേരിട്ട 31ാം പന്തിലാണ് വിരാട് 50 റണ്‍സ് പൂര്‍ത്തിയാക്കിയത്. ഐ.പി.എല്ലില്‍ വിരാടിന്റെ 51ാം അര്‍ധ സെഞ്ച്വറി നേട്ടമാണിത്.

ഈ അര്‍ധ സെഞ്ച്വറിക്ക് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടമാണ് വിരാട് കോഹ്‌ലിയെ തേടിയെത്തിയത്. ടി-20 ഫോര്‍മാറ്റില്‍ നൂറ് 50+ സ്‌കോര്‍ എന്ന ചരിത്ര നേട്ടമാണ് വിരാട് കോഹ്‌ലി നേടിയത്.

ഈ നേട്ടം സ്വന്തമാക്കുന്ന മൂന്നാമത് മാത്രം താരവും ആദ്യ ഇന്ത്യന്‍ താരവുമാണ് വിരാട്.

മുന്‍ ആര്‍.സി.ബി താരവും ഹോള്‍ ഓഫ് ഫെയ്മറുമായ ക്രിസ് ഗെയ്‌ലാണ് ടി-20 ഫോര്‍മാറ്റില്‍ ഏറ്റവുമധികം 50+ സ്‌കോര്‍ നേടിയത്.

ടി-20 ഫോര്‍മാറ്റില്‍ ഏറ്റവുമധികം 50+ സ്‌കോര്‍ നേടിയ താരങ്ങള്‍

ക്രിസ് ഗെയ്ല്‍ – 110

ഡേവിഡ് വാര്‍ണര്‍ – 109

വിരാട് കോഹ്‌ലി – 100*

ബാബര്‍ അസം – 98

ജോസ് ബട്‌ലര്‍ – 86

മത്സരത്തിന്റെ ആദ്യ ഓവറില്‍ വിരാട് കോഹ്‌ലി പൂജ്യം റണ്‍സിന് പുറത്താകാനുള്ള സാധ്യതകളുണ്ടായിരുന്നു. ഒസാം കറന്‍ എറിഞ്ഞ ആദ്യ ഓവറിലെ രണ്ടാം പന്തില്‍ പൂജ്യത്തില്‍ നില്‍ക്കവെ സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്ത ജോണി ബെയര്‍സ്‌റ്റോ വിരാടിനെ കൈവിട്ടുകളയുകയായിരുന്നു. ഒടുവില്‍ 49 പന്തില്‍ 77 റണ്‍സ് നേടിയാണ് വിരാട് കളം വിട്ടത്.

നിലവില്‍ 16 ഓവര്‍ പിന്നിടുമ്പോള്‍ 130ന് അഞ്ച് എന്ന നിലയിലാണ് ആര്‍.സി.ബി. 12 പന്തില്‍ 11 റണ്‍സുമായി അനുജ് റാവത്തും വിരാട് കോഹ് ലിക്ക് പകരമെത്തിയ ദിനേഷ് കാര്‍ത്തിക്കുമാണ് ക്രീസില്‍.

Content highlight: IPL 2024: RCB vs PBKS: Virat Kohli completes 100 50+ score

We use cookies to give you the best possible experience. Learn more