ഐ.പി.എല്‍ 2024ലെ 58ാം മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു പഞ്ചാബ് കിങ്‌സിനെ നേരിടുകയാണ്. പഞ്ചാബിന്റെ രണ്ടാം ഹോം സ്‌റ്റേഡിയമായ ധര്‍മശാലയാണ് വേദി. പരാജയപ്പെട്ടാല്‍ പുറത്താകുമെന്നതിനാല്‍ രണ്ട് ടീമിനും ഈ മത്സരം നിര്‍ണായകമാണ്.
മത്സരത്തില്‍ ടോസ് നേടിയ പഞ്ചാബ് നായകന്‍ സാം കറന്‍ എതിരാളികളെ ബാറ്റിങ്ങിനയച്ചു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ആര്‍.സി.ബി നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 241 റണ്‍സ് അടിച്ചെടുത്തു. വിരാട് കോഹ്‌ലി, രജത് പാടിദാര്‍ എന്നിവരുടെ അര്‍ധ സെഞ്ച്വറികളും കാമറൂണ്‍ ഗ്രീനിന്റെ വെടിക്കെട്ട് ഇന്നിങ്‌സുമാണ് ബെംഗളൂരുവിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.
വിരാട് 47 പന്തില്‍ 92 റണ്‍സ് നേടി. ആറ് സിക്സറും ഏഴ് ഫോറും അടക്കം 195.74 സ്ട്രൈക്ക് റേറ്റിലായിരുന്നു വിരാട് വെടിക്കെട്ട് പുറത്തെടുത്തത്.
പാടിദാര്‍ 23 പന്തില്‍ 55 റണ്‍സടിച്ചപ്പോള്‍ 27 പന്തില്‍ 46 റണ്‍സാണ് ഗ്രീന്‍ സ്വന്തമാക്കിയത്. ഇവര്‍ക്ക് പുറമെ ഏഴ് പന്തില്‍ 18 റണ്‍സടിച്ച ദിനേഷ് കാര്‍ത്തിന്റെ കാമിയോയും റോയല്‍ ചലഞ്ചേഴ്സിന് കരുത്തായി.
മത്സരത്തിലെ തകര്‍പ്പന്‍ ഇന്നിങ്‌സിന് പിന്നാലെ പഞ്ചാബ് കിങ്‌സിനെതിരെ (കിങ്‌സ് ഇലവന്‍ പഞ്ചാബ്) 1,000 റണ്‍സ് പൂര്‍ത്തിയാക്കാനും വിരാടിന് സാധിച്ചു. ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ ഇത് മൂന്നാം തവണയാണ് വിരാട് ഒരു ടീമിനെതിരെ 1,000 റണ്‍സ് പൂര്‍ത്തിയാക്കുന്നത്.
ദല്‍ഹി ക്യാപ്പിറ്റല്‍ (ദല്‍ഹി ഡെയര്‍ഡെവിള്‍സ്) ചെന്നൈ സൂപ്പര്‍ കിങ്‌സ് എന്നിവര്‍ക്കെതിരെയാണ് വിരാട് ഇതിന് മുമ്പ് 1,000 റണ്‍സ് സ്വന്തമാക്കിയത്.
ഐ.പി.എല്ലില്‍ ഏറ്റവുമധികം ടീമുകള്‍ക്കെതിരെ 1,000 റണ്‍സ് പൂര്‍ത്തിയാക്കിയ താരങ്ങള്‍
(താരം – എത്ര ടീമുകള്‍ക്കെതിരെ 1,000 റണ്‍സ് നേടി – ടീമുകള്‍ എന്നീ ക്രമത്തില്‍)
വിരാട് കോഹ്‌ലി – 3 – ചെന്നൈ സൂപ്പര്‍ കിങ്‌സ്, ദല്‍ഹി ക്യാപ്പിറ്റല്‍സ്, പഞ്ചാബ് കിങ്‌സ്
ഡേവിഡ് വാര്‍ണര്‍ – 2 – പഞ്ചാബ് കിങ്‌സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്
രോഹിത് ശര്‍മ – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, ദല്‍ഹി ക്യാപ്പിറ്റല്‍സ്
ശിഖര്‍ ധവാന്‍ – 1 – ചെന്നൈ സൂപ്പര്‍ കിങ്‌സ്
അതേസമയം, 242 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ പഞ്ചാബ് അഞ്ച് ഓവര്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 61 റണ്‍സ് എന്ന നിലയിലാണ്. 12 പന്തില്‍ 18 റണ്‍സുമായി ജോണി ബെയര്‍സ്‌റ്റോയും 14 പന്തില്‍ 36 റണ്‍സുമായി റിലി റൂസോയുമാണ് ക്രീസില്‍.
റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു പ്ലെയിങ് ഇലവന്‍
വിരാട് കോഹ്‌ലി, ഫാഫ് ഡു പ്ലെസി (ക്യാപ്റ്റന്‍), വില്‍ ജാക്‌സ്, രജത് പാടിദാര്‍, മഹിപാല്‍ ലോംറോര്‍, ദിനേഷ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), സ്വപ്‌നില്‍ സിങ്, കരണ്‍ ശര്‍മ, മുഹമ്മദ് സിറാജ്, ലോക്കി ഫെര്‍ഗൂസന്‍.
പഞ്ചാബ് കിങ്‌സ് പ്ലെയിങ് ഇലവന്‍
പ്രഭ്‌സിമ്രാന്‍ സിങ്, ജോണി ബെയര്‍സ്‌റ്റോ (വിക്കറ്റ് കീപ്പര്‍), റിലി റൂസോ, ശശാങ്ക് സിങ്, ലിയാം ലിവിങ്‌സ്റ്റണ്‍, സാം കറന്‍ (ക്യാപ്റ്റന്‍), അശുതോഷ് ശര്‍മ, രാഹുല്‍ ചഹര്‍, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, വിദ്വത് കവേരപ്പ.
Content Highlight: IPL 2024: RCB vs PBKS: Virat Kohli completed 1,000 runs against Punjab Kings