| Thursday, 9th May 2024, 8:05 pm

ഇതുവരെ കളത്തിലിറക്കാത്തവന്‍ തന്നെ രക്തം ചിന്തി; രണ്ട് തവണ വിരാടിനെ ഞെട്ടിച്ചു, ഫാഫിന് ഗുഡ് ബൈ

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2024ലെ 58ാം മത്സരത്തിനാണ് ധര്‍മശാല സാക്ഷ്യം വഹിക്കുന്നത്. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവാണ് മത്സരത്തില്‍ ഹോം ടീമായ പഞ്ചാബ് കിങ്‌സിന്റെ എതിരാളികള്‍. മത്സരത്തില്‍ പരാജയപ്പെട്ടാല്‍ പുറത്താകുമെന്നതിനാല്‍ രണ്ട് ടീമിനും ഇന്ന് നിര്‍ണായകമാണ്.

മത്സരത്തില്‍ ടോസ് നേടിയ പഞ്ചാബ് നായകന്‍ സാം കറന്‍ ഫീല്‍ഡിങ് തെരഞ്ഞെടുത്തു.

വിരാട് കോഹ്‌ലിയും ഫാഫ് ഡു പ്ലെസിയും ഓപ്പണ്‍ ചെയ്യുന്ന ആര്‍.സി.ബിക്കെതിരെ സാം കറന്‍ പന്തേല്‍പിച്ചത് ഇതുവരെ കളത്തിലിറങ്ങാത്ത ഒരു യുവതാരത്തെയാണ്. ഐ.പി.എല്ലില്‍ അരങ്ങേറ്റം കുറിക്കുന്ന കര്‍ണാടകക്കാരന്‍ വിദ്വത് കവേരപ്പെയെയാണ് പഞ്ചാബ് നായകന്‍ വിശ്വസിച്ച് ആദ്യ ഓവര്‍ എറിയാന്‍ ചുമതലപ്പെടുത്തിയത്.

ഇക്കഴിഞ്ഞ സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ ഏറ്റവുമധികം വിക്കറ്റ് നേടിയ രണ്ടാമത് താരമാണ് കവേരപ്പ. രഞ്ജിയിലും കര്‍ണാടകക്കായി മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്.

ഐ.പി.എല്ലിലെ ആദ്യ ഓവറില്‍ തന്നെ വരവറിയിക്കാനുള്ള എല്ലാ അവസരവും കവേരപ്പക്കുണ്ടായിരുന്നു. വിരാട് കോഹ്‌ലിക്കെതിരെയെറിഞ്ഞ ആദ്യ ഓവറിലെ ആദ്യ രണ്ട് പന്തുകളും ഡോട്ടാക്കി മാറ്റിയ കവേരപ്പക്ക് മൂന്നാം പന്തില്‍ വിരാടിനെ പുറത്താക്കാനുള്ള സാഹചര്യവുമുണ്ടായിരുന്നു.

കവേരപ്പയുടെ പന്തില്‍ ഷോട്ട് കളിച്ച വിരാടിന് പിഴച്ചു. എന്നാല്‍ ആ പിഴവ് മുതലെടുക്കാന്‍ പഞ്ചാബിനായില്ല. ഉയര്‍ന്നുപൊങ്ങിയ പന്ത് കൈപ്പിടിയിലൊതുക്കാന്‍ അശുതോഷ് ശര്‍മ ശ്രമിച്ചെങ്കിലും താരത്തിന് അതിന് സാധിക്കാതെ വന്നു. ബ്രോണ്‍സ് ഡക്കില്‍ നിന്ന് വിരാട് രക്ഷപ്പെട്ടു. ആ പന്തില്‍ ആര്‍.സി.ബി മൂന്ന് റണ്‍സ് ഓടിയെടുക്കുകയും ചെയ്തു.

അടുത്ത മൂന്ന് പന്തില്‍ രണ്ട് തവണ ഫാഫ് കവേരപ്പെയെ ബൗണ്ടറി കടത്തി.

ഇതിനുള്ള പ്രതികാരം വീട്ടിയത് തൊട്ടടുത്ത ഓവറില്‍ ഫാഫിനെ മടക്കിക്കൊണ്ടാണ്. ഓവറിലെ രണ്ടാം പന്തില്‍ ഫാഫിനെ ശശാങ്ക് സിങ്ങിന്റെ കൈകളിലെത്തിച്ച് കവേരപ്പ ഐ.പി.എല്‍ കരിയറിലെ ആദ്യ വിക്കറ്റ് സ്വന്തമാക്കി.

ഓവറിലെ അവസാന പന്തില്‍ വിരാടിനെ പുറത്താക്കാന്‍ കവേരപ്പക്ക് വീണ്ടും അവസരമുണ്ടായിരുന്നു. എന്നാല്‍ റിലി റൂസോ വിരാടിന് വീണ്ടും ജീവന്‍ നല്‍കി. വ്യക്തിഗത സ്‌കോര്‍ പത്തില്‍ നില്‍ക്കവെയാണ് വിരാടിനെ റൂസോ താഴെയിട്ടത്.

നിലവില്‍ നാല് ഓവര്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 36 റണ്‍സ് എന്ന നിലയിലാണ് പഞ്ചാബ്. 12 പന്തില്‍ 15 റണ്‍സുമായി വിരാട് കോഹ്‌ലിയും അഞ്ച് പന്തില്‍ 12 റണ്‍സുമായി വില്‍ ജാക്‌സുമാണ് ക്രീസില്‍.

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു പ്ലെയിങ് ഇലവന്‍

വിരാട് കോഹ്‌ലി, ഫാഫ് ഡു പ്ലെസി (ക്യാപ്റ്റന്‍), വില്‍ ജാക്‌സ്, രജത് പാടിദാര്‍, മഹിപാല്‍ ലോംറോര്‍, ദിനേഷ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), സ്വപ്‌നില്‍ സിങ്, കരണ്‍ ശര്‍മ, മുഹമ്മദ് സിറാജ്, ലോക്കി ഫെര്‍ഗൂസന്‍.

പഞ്ചാബ് കിങ്‌സ് പ്ലെയിങ് ഇലവന്‍

പ്രഭ്‌സിമ്രാന്‍ സിങ്, ജോണി ബെയര്‍സ്‌റ്റോ (വിക്കറ്റ് കീപ്പര്‍), റിലി റൂസോ, ശശാങ്ക് സിങ്, ലിയാം ലിവിങ്‌സ്റ്റണ്‍, സാം കറന്‍ (ക്യാപ്റ്റന്‍), അശുതോഷ് ശര്‍മ, രാഹുല്‍ ചഹര്‍, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, വിദ്വത് കവേരപ്പ.

Content highlight: IPL 2024: RCB vs PBKS: Vidhwath Kaverappa’s IPL debut

We use cookies to give you the best possible experience. Learn more