ഐ.പി.എല്‍ 2024ലെ ആറാം മത്സരത്തില്‍ പഞ്ചാബ് കിങ്‌സ് റോയല്‍ ചലഞ്ചേഴ്‌സ് ബെഗംളൂരുവിനെ നേരിടാനൊരുങ്ങുകയാണ്. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ കോട്ടയായ എം. ചിന്നസ്വാമി സ്‌റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.
മത്സരത്തില്‍ ടോസ് നേടിയ ആര്‍.സി.ബി നായകന്‍ ഫാഫ് ഡു പ്ലെസി ഫീല്‍ഡിങ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരത്തിനിറങ്ങിയ അതേ ടീമിനെ തന്നെയാണ് ബെംഗളൂരു രണ്ടാം മത്സരത്തിലും കളത്തിലിറക്കുന്നത്.
ചിന്നസ്വാമി സ്റ്റേഡിയം രണ്ടാമത് ബാറ്റിങ് ചെയ്യുന്ന ടീമിന് അനുകൂലമാണെന്ന് പറഞ്ഞുകൊണ്ടാണ് ഫാഫ് ബൗളിങ് തെരഞ്ഞെടുത്തത്.
‘പിച്ച് വളരെ മികച്ചതാണ്. ഇതുകൂടാതെ ഇത് ചെയ്‌സിങ് ഗ്രൗണ്ടാണ്. കഴിഞ്ഞ മത്സരത്തേക്കാള്‍ മികച്ച രീതിയില്‍ ബാറ്റ് ചെയ്യുമെന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്. തുടരെ തുടരെ വിക്കറ്റുകള്‍ വീഴുന്നത് ഒരിക്കലും നല്ലതല്ല. പഞ്ചാബിനെതിരെ മികച്ച പ്രകടനം തന്നെ കാഴ്ചവെക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു,’ ടോസ് നേടിയ ശേഷം ഫാഫ് ഡു പ്ലെസി പറഞ്ഞു.
ടോസ് വിജയിച്ചാല്‍ തങ്ങളും ഫീല്‍ഡിങ് തന്നെ തെരഞ്ഞെടുക്കാനാണ് തീരുമാനിച്ചതെന്നാണ് പഞ്ചാബ് നായകന്‍ ശിഖര്‍ ധവാനും പറഞ്ഞത്.
‘ഞാനും ആദ്യം ബൗളിങ് തന്നെ തെരഞ്ഞെടുക്കുമായിരുന്നു. പക്ഷേ നമുക്ക് ഒരിക്കലും ടോസ് നിയന്ത്രിക്കാന്‍ സാധിക്കില്ല. ഞങ്ങള്‍ക്ക് ആദ്യം ബാറ്റ് ചെയ്ത് സ്‌കോര്‍ ബോര്‍ഡില്‍ മികച്ച ടോട്ടല്‍ പടുത്തുയര്‍ത്തണം. അതിന് ശേഷം എന്ത് സംഭവിക്കുമെന്ന് നോക്കാം. ആദ്യ മത്സരത്തിലെ അതേ ടീം തന്നെയാണ് കളിക്കുന്നത്,’ ധവാന്‍ പറഞ്ഞു.
സീസണിലെ ആദ്യ മത്സരത്തില്‍ പഞ്ചാബ് വിജയിച്ചിരുന്നു. ദല്‍ഹി ക്യാപ്പിറ്റല്‍സിനെ തകര്‍ത്താണ് പഞ്ചാബ് ക്യാംപെയ്ന്‍ ആരംഭിച്ചത്. എന്നാല്‍ ഉദ്ഘാടന മത്സത്തില്‍ പരാജയപ്പെട്ടാണ് ബെംഗളൂരു സീസണ്‍ തുടങ്ങിയത്. സ്വന്തം മണ്ണില്‍ നടക്കുന്ന മത്സരത്തില്‍ വിജയിക്കാന്‍ തന്നെയാണ് ആര്‍.സി.ബി ഒരുങ്ങുന്നത്.