ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനെ തോല്‍പിച്ച് റോയല്‍ ചലഞ്ചേഴ്‌സ് ബെഗംളൂരു സീസണിലെ ആദ്യ ജയം സ്വന്തമാക്കിയിരുന്നു. തങ്ങളുടെ ഹോം സ്‌റ്റേഡിയമായ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നാല് വിക്കറ്റിനാണ് ഫാഫും സംഘവും വിജയിച്ചുകയറിയത്.
പഞ്ചാബ് ഉയര്‍ത്തിയ 177 റണ്‍സിന്റെ വിജയലക്ഷ്യം ആര്‍.സി.ബി നാല് പന്തും നാല് വിക്കറ്റും ശേഷിക്കെ മറികടക്കുകയായിരുന്നു. അവസാന ഓവര്‍ വരെ നീണ്ട മത്സരത്തില്‍ ദിനേഷ് കാര്‍ത്തിക്കിന്റെ കിടിലന്‍ ഫിനിഷിങ്ങില്‍ ആര്‍.സി.ബി വിജയിക്കുകയായിരുന്നു.
അര്‍ധ സെഞ്ച്വറി നേടിയ വിരാട് കോഹ്‌ലിയാണ് കളിയിലെ താരം.
ടീമിന്റെ ടോപ് ഓര്‍ഡര്‍ ഒരിക്കല്‍ക്കൂടി നിരാശപ്പെടുത്തിയ മത്സരത്തില്‍ തോല്‍വി മുമ്പില്‍ കണ്ട ശേഷമാണ് ആര്‍.സി.ബി വിജയിച്ചുകയറിയത്. അതിന് കാരണമായതാകട്ടെ ടീമിന്റെ ലോവര്‍ മിഡില്‍ ഓര്‍ഡറും.
എട്ടാം നമ്പറില്‍ ഇംപാക്ട് പ്ലെയറായി മഹിപാല്‍ ലോംറോല്‍ ഇറങ്ങുമ്പോള്‍ ഒറ്റ പന്ത് പോലും നേരിടാത്ത ദിനേഷ് കാര്‍ത്തിക്കാണ് ക്രീസിലുണ്ടായിരുന്നത്. ഈ സാഹചര്യത്തില്‍ 22 പന്തില്‍ 46 റണ്‍സായിരുന്നു ആര്‍.സി.ബിക്ക് വിജയിക്കാന്‍ ആവശ്യമുണ്ടായിരുന്നത്.
ക്രീസിലെത്തിയ ആദ്യ പന്തില്‍ തന്നെ ബൗണ്ടറി നേടി ലോംറോര്‍ വരവറിയിച്ചു. തൊട്ടുത്ത പന്തില്‍ സിംഗിള്‍ നേടി ദിനേഷ് കാര്‍ത്തിക്കിന് സ്‌ട്രൈക്ക് കൈമാറി. അഞ്ചാം പന്തില്‍ കാര്‍ത്തിക് ബൗണ്ടറിയും അസാന പന്തില്‍ രണ്ട് റണ്‍സും ഓടിയെടുത്തപ്പോള്‍ വിജയലക്ഷ്യം 18 പന്തില്‍ 35 ആയി മാറി.
പരിചയസമ്പന്നനായ അര്‍ഷ്ദീപ് സിങ് എറിഞ്ഞ 17ാം ഓവറില്‍ സിക്‌സറും ബൗണ്ടറിയുമായി ലോംറോര്‍ ചിന്നസ്വാമിയെ ആവേശത്തിലാഴ്ത്തി. 13 റണ്‍സാണ് ആ ഓവറില്‍ പിറന്നത്. ആര്‍.സി.ബി വീണ്ടും മത്സരത്തിലേക്ക് തിരിച്ചുവന്ന നിമിഷമായിരുന്നു അത്.
അടുത്ത എട്ട് പന്തില്‍ നിന്നും ആര്‍.സി.ബി വിജയിച്ചുകയറുകയായിരുന്നു.
— Royal Challengers Bengaluru (@RCBTweets) March 25, 2024
ദിനേഷ് കാര്‍ത്തിക് പത്ത് പന്തില്‍ രണ്ട് സിക്‌സറും മൂന്ന് ഫോറുമായി 28 റണ്‍സ് നേടി പുറത്താകാതെ നിന്നപ്പോള്‍ എട്ട് പന്തില്‍ രണ്ട് ഫോറും ഒരു സിക്‌സറുമായി പുറത്താകാതെ 17 റണ്‍സാണ് ലോംറോര്‍ നേടിയത്.
ഒരുപക്ഷേ അവസാന ഓവറുകളില്‍ ദിനേഷ് കാര്‍ത്തിക്കിന് പിന്തുണ നല്‍കാന്‍ ലോംറോറിന് സാധിക്കാതെ വന്നിരുന്നുവെങ്കില്‍ ഒരുപക്ഷേ മത്സരത്തില്‍ ഹോം ടീം പരാജയപ്പെടുമായിരുന്നു. വിരാടിന്റെ അര്‍ധ സെഞ്ച്വറിയും ദിനേഷ് കാര്‍ത്തിക്കിന്റെ തകര്‍പ്പന്‍ ഫിനിഷിങ്ങിലും മുങ്ങിപ്പോയ അസാമാന്യ കാമിയോ ഇന്നിങിസായിരുന്നു ലോംറോറിന്റേത്.
— Royal Challengers Bengaluru (@RCBTweets) March 26, 2024
വിജയത്തിന്റെ ക്രെഡിറ്റ് വിരാടിനും ഡി.കെക്കും നല്‍കുന്ന തിരക്കില്‍ പല ആരാധകരാല്‍ പോസലും അവഗണിക്കപ്പെട്ട പ്രകടനമായിരുന്നു അത്. വരും മത്സരങ്ങളില്‍ താരം മികച്ച പ്രകടനം പുറത്തെടുക്കുമെന്നും ആ പ്രകടനത്താല്‍ ആരാധക മനസില്‍ തന്റെ സ്ഥാനം നേടിയെടുക്കും എന്ന് തന്നെ പ്രതീക്ഷിക്കാം.
Content highlight: IPL 2024: RCB vs PBKS: Mahipal Lomror’s brilliant innings against Punjab Kings