| Monday, 25th March 2024, 8:11 pm

ആദ്യ പന്തില്‍ ആശങ്ക, വിരാടിന്റെ ഐസ് കൂള്‍ ക്യാച്ചില്‍ പൊട്ടിത്തെറിച്ച് ചിന്നസ്വാമി; കോട്ട കാക്കാന്‍ ആര്‍.സിബി

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2024ലെ ആറാം മത്സരത്തില്‍ പഞ്ചാബ് കിങ്‌സ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ നേരിടുകയാണ്. ആര്‍.സി.ബിയുടെ ഹോം ഗ്രൗണ്ടായ എം. ചിന്നസ്വാമി സ്‌റ്റേഡിയത്തിലാണ് മത്സരം അരങ്ങേറുന്നത്.

ടോസ് ജയിച്ച ബെംഗളൂരു നായകന്‍ ഫാഫ് ഡു പ്ലെസി ബൗളിങ് തെരഞ്ഞെടുത്തു.

ആദ്യ ഓവറില്‍ തന്നെ ബെംഗളൂരു ആരാധകര്‍ ഞെട്ടിയിരുന്നു. മുഹമ്മദ് സിറാജ് എറിഞ്ഞ ആദ്യ ഓവറിലെ ആദ്യ പന്തില്‍ പഞ്ചാബ് നായകന്‍ ശിഖര്‍ ധവാന്‍ ബൗണ്ടറി നേടി. ധവാന്‍ ബൗണ്ടറി നേടിയതല്ല, മറിച്ച് എളുപ്പത്തില്‍ സേവ് ചെയ്യാന്‍ സാധിക്കുമായിരുന്ന ഷോട്ട് ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ പിഴവില്‍ ബൗണ്ടറി കടന്നതാണ് ആരാധകരില്‍ ഞെട്ടലുണ്ടാക്കിയത്.

ഈ മിസ്ഫീല്‍ഡിന് പിന്നാലെ ആരാധകര്‍ മാത്രമല്ല കമന്റേറ്റര്‍മാരും ഞെട്ടിയിരുന്നു. അപൂര്‍വങ്ങളില്‍ അപൂര്‍വമായിട്ടേ മാക്‌സ്‌വെല്‍ ഫീല്‍ഡിങ്ങില്‍ ഇതുപോലുള്ള പിഴവുകള്‍ വരുത്താറുള്ളത് എന്നായിരുന്നു കമന്റേറ്റര്‍മാര്‍ പറഞ്ഞത്.

മത്സരത്തില്‍ ഫീല്‍ഡിങ്ങിനിടെ ഓരോ തവണയും വിരാട് കോഹ്‌ലിയുടെ കൈകളില്‍ പന്തെത്തുമ്പോള്‍ ചിന്നസ്വാമി സ്‌റ്റേഡിയം ആവേശത്തില്‍ ആര്‍ത്തിരമ്പിയിരുന്നു. മത്സരത്തില്‍ ആദ്യമായി ഈ ആവേശം പരകോടിയിലെത്തിയത് മൂന്നാം ഓവറിലെ രണ്ടാം പന്തിലായിരുന്നു.

മുഹമ്മദ് സിറാജ് എറിഞ്ഞ പന്തില്‍ ഷോട്ട് കളിച്ച സൂപ്പര്‍ താരം ജോണി ബെയര്‍സ്‌റ്റോക്ക് പിഴച്ചു. ഉയര്‍ന്നുപൊങ്ങിയ പന്തിന് പിന്നാലെ ഗ്ലെന്‍ മാക്‌സ്‌വെല്ലും വിരാട് കോഹ്‌ലിയും ഓടിയടുത്തു. എന്നാല്‍ ആദ്യം തന്നെ ക്യാച്ചിനായി കോള്‍ ചെയ്ത വിരാട് അനായാസം ആ ക്യാച്ച് കംപ്ലീറ്റ് ചെയ്യുകയായിരുന്നു.

ആദ്യ വിക്കറ്റ് വീണതിന് പിന്നാലെ ചിന്നസ്വാമി സ്റ്റേഡിയം അക്ഷരാര്‍ത്ഥത്തില്‍ ആവേശത്താല്‍ അലതല്ലി.

ഈ ക്യാച്ചിന് പിന്നാലെയുള്ള ആരാധകരുടെ ആര്‍പ്പുവിളി 124 ഡെസിബെലായിരുന്നു. ഈ സീസണില്‍ ഇതുവരെയുള്ള ഏറ്റവും ശബ്ദമേറിയ ആര്‍പ്പുവിളിയാണിത്.

അതേസമയം, ആറ് ഓവര്‍ അവസാനിക്കുമ്പോള്‍ ഒരു വിക്കറ്റിന് 40 റണ്‍സ് എന്ന നിലയിലാണ് പഞ്ചാബ്. 21 പന്തില്‍ 21 റണ്‍സുമായി ക്യാപ്റ്റന്‍ ശിഖര്‍ ധവാനും 9 പന്തില്‍ 10 റണ്‍സുമായി പ്രഭ്‌സിമ്രാന്‍ സിങ്ങുമാണ് ക്രീസില്‍.

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു പ്ലെയിങ് ഇലവന്‍:

ഫാഫ് ഡു പ്ലെസി(ക്യാപ്റ്റന്‍), വിരാട് കോഹ്‌ലി, രജത് പാടിദാര്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, കാമറൂണ്‍ ഗ്രീന്‍, ദിനേഷ് കാര്‍ത്തിക്, അനൂജ് റാവത്ത് (വിക്കറ്റ് കീപ്പര്‍), അല്‍സാരി ജോസഫ്, മായങ്ക് ഡാഗര്‍, മുഹമ്മദ് സിറാജ്, യാഷ് ദയാല്‍.

പഞ്ചാബ് കിങ്‌സ് പ്ലെയിങ് ഇലവന്‍:

ശിഖര്‍ ധവാന്‍ (ക്യാപ്റ്റന്‍), ജോണി ബെയര്‍‌സ്റ്റോ, പ്രഭ്‌സ്മ്രാന്‍ സിങ്, സാം കറന്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ലിയാം ലിവിങ്സ്റ്റണ്‍, ശശാങ്ക് സിങ്, ഹര്‍പ്രീത് ബ്രാര്‍, ഹര്‍ഷല്‍ പട്ടേല്‍, കഗിസോ റബാദ, രാഹുല്‍ ചഹര്‍.

Content highlight: IPL 2024: RCB vs PBKS: Jonny Bairstow caught and dismissed by Virat Kohli

We use cookies to give you the best possible experience. Learn more