ഐ.പി.എല്‍ 2024ലെ ആറാം മത്സരത്തില്‍ പഞ്ചാബ് കിങ്‌സ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ നേരിടുകയാണ്. ആര്‍.സി.ബിയുടെ ഹോം ഗ്രൗണ്ടായ എം. ചിന്നസ്വാമി സ്‌റ്റേഡിയത്തിലാണ് മത്സരം അരങ്ങേറുന്നത്.
ടോസ് ജയിച്ച ബെംഗളൂരു നായകന്‍ ഫാഫ് ഡു പ്ലെസി ബൗളിങ് തെരഞ്ഞെടുത്തു.
— Royal Challengers Bengaluru (@RCBTweets) March 25, 2024
ആദ്യ ഓവറില്‍ തന്നെ ബെംഗളൂരു ആരാധകര്‍ ഞെട്ടിയിരുന്നു. മുഹമ്മദ് സിറാജ് എറിഞ്ഞ ആദ്യ ഓവറിലെ ആദ്യ പന്തില്‍ പഞ്ചാബ് നായകന്‍ ശിഖര്‍ ധവാന്‍ ബൗണ്ടറി നേടി. ധവാന്‍ ബൗണ്ടറി നേടിയതല്ല, മറിച്ച് എളുപ്പത്തില്‍ സേവ് ചെയ്യാന്‍ സാധിക്കുമായിരുന്ന ഷോട്ട് ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ പിഴവില്‍ ബൗണ്ടറി കടന്നതാണ് ആരാധകരില്‍ ഞെട്ടലുണ്ടാക്കിയത്.
ഈ മിസ്ഫീല്‍ഡിന് പിന്നാലെ ആരാധകര്‍ മാത്രമല്ല കമന്റേറ്റര്‍മാരും ഞെട്ടിയിരുന്നു. അപൂര്‍വങ്ങളില്‍ അപൂര്‍വമായിട്ടേ മാക്‌സ്‌വെല്‍ ഫീല്‍ഡിങ്ങില്‍ ഇതുപോലുള്ള പിഴവുകള്‍ വരുത്താറുള്ളത് എന്നായിരുന്നു കമന്റേറ്റര്‍മാര്‍ പറഞ്ഞത്.
മത്സരത്തില്‍ ഫീല്‍ഡിങ്ങിനിടെ ഓരോ തവണയും വിരാട് കോഹ്‌ലിയുടെ കൈകളില്‍ പന്തെത്തുമ്പോള്‍ ചിന്നസ്വാമി സ്‌റ്റേഡിയം ആവേശത്തില്‍ ആര്‍ത്തിരമ്പിയിരുന്നു. മത്സരത്തില്‍ ആദ്യമായി ഈ ആവേശം പരകോടിയിലെത്തിയത് മൂന്നാം ഓവറിലെ രണ്ടാം പന്തിലായിരുന്നു.
— Royal Challengers Bengaluru (@RCBTweets) March 25, 2024
മുഹമ്മദ് സിറാജ് എറിഞ്ഞ പന്തില്‍ ഷോട്ട് കളിച്ച സൂപ്പര്‍ താരം ജോണി ബെയര്‍സ്‌റ്റോക്ക് പിഴച്ചു. ഉയര്‍ന്നുപൊങ്ങിയ പന്തിന് പിന്നാലെ ഗ്ലെന്‍ മാക്‌സ്‌വെല്ലും വിരാട് കോഹ്‌ലിയും ഓടിയടുത്തു. എന്നാല്‍ ആദ്യം തന്നെ ക്യാച്ചിനായി കോള്‍ ചെയ്ത വിരാട് അനായാസം ആ ക്യാച്ച് കംപ്ലീറ്റ് ചെയ്യുകയായിരുന്നു.
ഈ ക്യാച്ചിന് പിന്നാലെയുള്ള ആരാധകരുടെ ആര്‍പ്പുവിളി 124 ഡെസിബെലായിരുന്നു. ഈ സീസണില്‍ ഇതുവരെയുള്ള ഏറ്റവും ശബ്ദമേറിയ ആര്‍പ്പുവിളിയാണിത്.
അതേസമയം, ആറ് ഓവര്‍ അവസാനിക്കുമ്പോള്‍ ഒരു വിക്കറ്റിന് 40 റണ്‍സ് എന്ന നിലയിലാണ് പഞ്ചാബ്. 21 പന്തില്‍ 21 റണ്‍സുമായി ക്യാപ്റ്റന്‍ ശിഖര്‍ ധവാനും 9 പന്തില്‍ 10 റണ്‍സുമായി പ്രഭ്‌സിമ്രാന്‍ സിങ്ങുമാണ് ക്രീസില്‍.