എന്തൊരു അഹങ്കാരം! ഹര്‍ഷിത്തിന് പിഴയിട്ടവര്‍ക്ക് വിരാടിനെ ശിക്ഷിക്കാന്‍ ചുണയുണ്ടോ? വിമര്‍ശനങ്ങള്‍
IPL
എന്തൊരു അഹങ്കാരം! ഹര്‍ഷിത്തിന് പിഴയിട്ടവര്‍ക്ക് വിരാടിനെ ശിക്ഷിക്കാന്‍ ചുണയുണ്ടോ? വിമര്‍ശനങ്ങള്‍
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 10th May 2024, 5:48 pm

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന പഞ്ചാബ് കിങ്‌സ് – റോയല്‍ ചലഞ്ചേഴ്‌സ് മത്സരത്തില്‍ ഫാഫ് ഡു പ്ലെസിയുടെ നേതൃത്വത്തിലിറങ്ങിയ ആര്‍.സി.ബി വിജയിച്ചിരുന്നു. ധര്‍മശാലയില്‍ നടന്ന മത്സരത്തില്‍ 60 റണ്‍സിനായിരുന്നു ബെംഗളൂരുവിന്റെ വിജയം.

മത്സരത്തില്‍ ടോസ് നേടിയ പഞ്ചാബ് നായകന്‍ സാം കറന്‍ ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ആര്‍.സി.ബി നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 241 റണ്‍സ് നേടി. വിരാട് കോഹ്‌ലി, രജത് പാടിദാര്‍ എന്നിവരുടെ അര്‍ധ സെഞ്ച്വറികളും കാമറൂണ്‍ ഗ്രീനിന്റെ മികച്ച പ്രകടനവുമാണ് ആര്‍.സി.ബിക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.

വിരാട് 47 പന്തില്‍ 92 റണ്‍സ് നേടി. പാടിദാര്‍ 23 പന്തില്‍ 55 റണ്‍സടിച്ചപ്പോള്‍ 27 പന്തില്‍ 46 റണ്‍സാണ് ഗ്രീന്‍ സ്വന്തമാക്കിയത്. ഏഴ് പന്തില്‍ 18 റണ്‍സടിച്ച ദിനേഷ് കാര്‍ത്തിന്റെ കാമിയോയും റോയല്‍ ചലഞ്ചേഴ്സിന് കരുത്തായി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് 17 ഓവറില്‍ 181 റണ്‍സിന് പുറത്തായി. റിലി റൂസോയുടെയും ശശാങ്ക് സിങ്ങിന്റെയും കരുത്തില്‍ പഞ്ചാബ് പൊരുതിയെങ്കിലും വിജയിക്കാന്‍ സാധിച്ചില്ല.

അര്‍ധ സെഞ്ച്വറി നേടിയാണ് റിലി റൂസോ തിളങ്ങിയത്. 27 പന്തില്‍ നിന്നും 225.93 സ്‌ട്രൈക്ക് റേറ്റില്‍ 61 റണ്‍സാണ് റൂസോ നേടിയത്. ഒമ്പത് ഫോറും മൂന്ന് സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയതിന് ശേഷം റൂസോ തന്റെ എക്കോണിക് സെലിബ്രേഷനും ധര്‍മശാലയില്‍ നടത്തിയിരുന്നു. എട്ടാം ഓവറിലെ മൂന്നാം പന്തില്‍ കാമറൂണ്‍ ഗ്രീനിനെ സിക്‌സറിന് പറത്തിയാണ് റൂസോ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. പിന്നാലെ ബസൂക്ക സെലിബ്രേഷനിലൂടെയാണ് താരം തന്റെ ഹാഫ് സെഞ്ച്വറി ആഘോഷമാക്കിയത്.

അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കി മികച്ച രീതിയില്‍ ബാറ്റിങ് തുടരവെ കരണ്‍ ശര്‍മയാണ് താരത്തെ മടക്കിയത്. വില്‍ ജാക്‌സിന് ക്യാച്ച് നല്‍കിക്കൊണ്ടായിരുന്നു ആ എക്‌സ്‌പ്ലോസിവ് ഇന്നിങ്‌സിന് വിരാമമായത്.

റൂസോയുടെ പുറത്താകല്‍ വിരാട് കോഹ്‌ലി മതിമറന്നാഘോഷിച്ചിരുന്നു. റൂസോയുടെ ബസൂക്ക സെലിബ്രേഷനെ കളിയാക്കുന്ന തലത്തില്‍ ഇരു കൈകളുമുപയോഗിച്ച് തോക്ക് കൊണ്ട് വെടിവെക്കുന്ന തരത്തിലാണ് വിരാട് വിക്കറ്റ് നേട്ടം ആഘോഷിച്ചത്.

എന്നാല്‍ വിരാടിന്റെ ഈ സെലിബ്രേഷന്‍ ആരാധകര്‍ക്കിടയില്‍ വലിയ വിമര്‍ശനങ്ങള്‍ക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. ഇതിലൂടെ വിരാട് റൂസോയെ അപമാനിക്കുകയാണെന്നും ഒരു താരത്തെ അപമാനിക്കുന്ന തരത്തില്‍ വിരാട് ഇതാദ്യമായല്ല പെരുമാറുന്നതെന്നും ആരാധകര്‍ പറയുന്നു.

മത്സരശേഷം വിരാടിന് പിഴ ലഭിച്ചോ എന്നും ആരാധകര്‍ ചോദിക്കുന്നുണ്ട്. ഫ്‌ളയിങ് കിസ് സെലിബ്രേഷന്റെ പേരില്‍ കൊല്‍ക്കത്ത സൂപ്പര്‍ പേസര്‍ ഹര്‍ഷിത് റാണക്ക് പിഴയിട്ട അപെക്‌സ് ബോര്‍ഡ് വിരാട് കോഹ്‌ലിക്കെതിരെ നടപടിയെടുത്തോ എന്ന് ചോദിക്കുന്നവരും കുറവല്ല.

അതേസമയം, വിരാടിനെ പിന്തുണച്ചെത്തുന്ന ആരാധകരുമുണ്ട്.

അതേസമയം, റോയല്‍ ചലഞ്ചേഴ്‌സിനെതിരായ മത്സരത്തില്‍ പരാജയപ്പെട്ടതോടെ പഞ്ചാബ് കിങ്‌സ് ടൂര്‍ണമെന്റില്‍ നിന്നും പുറത്തായിരിക്കുകയാണ്. സീസണില്‍ പുറത്താകുന്ന രണ്ടാമത് ടീമാണ് പഞ്ചാബ്.

സീസണില്‍ ഇനി രണ്ട് മത്സരം കൂടി പഞ്ചാബിന് ബാക്കിയുണ്ട്. മെയ് 15ന് രാജസ്ഥാന്‍ റോയല്‍സിനെതിരെയും 19ന് സണ്‍റൈസേഴ്‌സിനെതിരെയും. ഈ രണ്ട് മത്സരത്തിലും വിജയിച്ച് സീസണോട് വിടപറയാനാകും പഞ്ചാബ് ഒരുങ്ങുന്നത്.

 

 

Content highlight: IPL 2024: RCB vs PBKS: Fans slams Virat Kohli after mocking Harshit Rana