ഐ.പി.എല്‍ 2024ലെ 58ാം മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു പഞ്ചാബ് കിങ്‌സിനെ നേരിടുകയാണ്. ഹിമാചല്‍ പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തിലാണ് മത്സരം അരങ്ങേറുന്നത്. പരാജയപ്പെട്ടാല്‍ പുറത്താകുമെന്നതിനാല്‍ രണ്ട് ടീമിനും ഈ മത്സരം നിര്‍ണായകമാണ്.
മത്സരത്തില്‍ ടോസ് നേടിയ പഞ്ചാബ് എതിരാളികളെ ബാറ്റിങ്ങിനയച്ചു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ആര്‍.സി.ബി നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 241 റണ്‍സ് അടിച്ചെടുത്തു. വിരാട് കോഹ്‌ലി, രജത് പാടിദാര്‍ എന്നിവരുടെ അര്‍ധ സെഞ്ച്വറികളും കാമറൂണ്‍ ഗ്രീനിന്റെ വെടിക്കെട്ട് ഇന്നിങ്‌സുമാണ് ബെംഗളൂരുവിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.
Our 4th highest total in the IPL and the highest total for any team at the Dharamshala in the IPL. 🔥
ഇവര്‍ക്ക് പുറമെ ഏഴ് പന്തില്‍ 18 റണ്‍സടിച്ച ദിനേഷ് കാര്‍ത്തിന്റെ കാമിയോയും റോയല്‍ ചലഞ്ചേഴ്സിന് കരുത്തായി. രണ്ട് സിക്‌സറും ഒരു ബൗണ്ടറിയും അടക്കം 257.14 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റിലാണ് ദിനേഷ് കാര്‍ത്തിക് തകര്‍ത്തടിച്ചത്.
— Royal Challengers Bengaluru (@RCBTweets) May 9, 2024
ഈ കാമിയോ ഇന്നിങ്‌സിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടവും ദിനേഷ് കാര്‍ത്തിക്കിനെ തേടിയെത്തിയിരിക്കുകയാണ്. ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സിനായി ഏറ്റവുമധികം റണ്‍സ് നേടിയ ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്കുയര്‍ന്നാണ് ഡി.കെ റെക്കോഡിട്ടിരിക്കുന്നത്.
ഇതിഹാസ താരം രാഹുല്‍ ദ്രാവിഡിനെയാണ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മറികടന്നത്.
2008 മുതല്‍ 2010 വരെയുള്ള മൂന്ന് സീസണില്‍ നിന്നും 898 റണ്‍സാണ് ദ്രാവിഡ് നേടിയത്. ഉദ്ഘാടന സീസണില്‍ 371 റണ്‍സ് നേടിയ ദ്രാവിഡ് 2009ല്‍ 271 റണ്‍സും 2010ല്‍ 256 റണ്‍സും സ്വന്തമാക്കി.
ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സിനായി ഏറ്റവുമധികം റണ്‍സ് നേടുന്ന ഇന്ത്യന്‍ താരങ്ങള്‍
(താരം – റണ്‍സ് എന്നീ ക്രമത്തില്‍)
വിരാട് കോഹ് ലി – 7,897
ദിനേഷ് കാര്‍ത്തിക് – 912
രാഹുല്‍ ദ്രാവിഡ് – 898
ദേവ്ദത്ത് പടിക്കല്‍ – 884
പാര്‍ത്ഥിവ് പട്ടേല്‍ – 731
അതേസമയം, 242 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ പഞ്ചാബ് പത്ത് ഓവര്‍ പിന്നിടുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 113 റണ്‍സ് എന്ന നിലയിലാണ്. 12 പന്തില്‍ 18 റണ്‍സുമായി ശശാങ്ക് സിങ്ങും ഒരു പന്തില്‍ ഒരു റണ്ണുമായി ജിതേഷ് ശര്‍മയുമാണ് ക്രീസില്‍.