ഐ.പി.എല്‍ 2024ല്‍ മറ്റൊരു വിവാദത്തിന് കൂടി തിരികൊളുത്തിയിരിക്കുകയാണ്. എം. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബെഗംളൂരു – പഞ്ചാബ് കിങ്‌സ് മത്സരത്തിനിടെ കമന്റേറ്ററുടെ നാക്കുപിഴയ്ക്ക് പിന്നാലെയാണ് വിവാദം ഉടലെടുത്തിരിക്കുന്നത്.
മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ആര്‍.സി.ബി പേസര്‍ യാഷ് ദയാലിന്റെ മികച്ച പ്രകടനത്തെ കുറിച്ച് പരാമര്‍ശിക്കവെ മുന്‍ ഇന്ത്യന്‍ താരവും കമന്ററി പാനല്‍ അംഗവുമായ മുരളി കാര്‍ത്തിക്കിന്റെ വാക്കുകളാണ് ചര്‍ച്ചയാകുന്നത്.
‘ഒരു ടീമിന്റെ ചവര്‍ മറ്റൊരു ടീമിന്റെ നിധിയായി മാറുന്ന കാഴ്ച’ എന്നാണ് മുരളി കാര്‍ത്തിക് പറഞ്ഞത്.
മത്സരത്തില്‍ നാല് ഓവര്‍ പന്തെറിഞ്ഞ ദയാല്‍ 23 റണ്‍സ് വഴങ്ങി ഒരു വിക്കറ്റാണ് താരം നേടിയത്.
കഴിഞ്ഞ സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ താരമായിരുന്ന യാഷ് ദയാലിനെ ടീം നിലനിര്‍ത്തിയിരുന്നില്ല. ഇതിന് പിന്നാലെ ആര്‍.സി.ബി താരകത്തെ ടീമിലെത്തിക്കുകയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് മുരളി കാര്‍ത്തിക്കിന്റെ ‘ട്രാഷ് – ട്രഷര്‍’ പരാമര്‍ശം ഉണ്ടായത്.
ഇതിന് പിന്നാലെ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്. ഓണ്‍ എയറില്‍ യാഷ് ദയാലിനെ ട്രാഷ് എന്ന് വിളിച്ച മുരളി കാര്‍ത്തിക് മാപ്പുപറയണമെന്നും താരത്തെ കമന്ററി പാനലില്‍ നിന്നും പുറത്താക്കണമെന്നും ആരാധകര്‍ പറയുന്നു.
ചലച്ചിത്ര താരവും ആര്‍.സി.ബിയുടെ മാസ്‌കോട്ടുകളില്‍ ഒരാളുമായ ഡാനിഷ് സെയ്ത് അടക്കമുള്ളവര്‍ മുരളി കാര്‍ത്തിക്കിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.
അതേസമയം, ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിങ്‌സ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സാണ് നേടിയത്. 37 പന്തില്‍ 45 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ശിഖര്‍ ധവാനാണ് ടോപ് സ്‌കോറര്‍.
ജിതേഷ് ശര്‍മ (20 പന്തില്‍ 27), പ്രഭ്‌സിമ്രാന്‍ സിങ് (17 പന്തില്‍ 25), സാം കറന്‍ (17 പന്തില്‍ 25 റണ്‍സ്), ശശാങ്ക് സിങ് (എട്ട് പന്തില്‍ 21*) എന്നിവരാണ് പഞ്ചാബിന്റെ മറ്റ് സ്‌കോറര്‍മാര്‍.
ബെംഗളൂരുവിനായി മുഹമ്മദ് സിറാജും ഗ്ലെന്‍ മാക്‌സ്‌വെല്ലും രണ്ട് വിക്കറ്റ് നേടിയപ്പോള്‍. യാഷ് ദയാലും അല്‍സാരി ജോസഫും ഓരോ വിക്കറ്റ് വീതം നേടി.
റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു പ്ലെയിങ് ഇലവന്‍:
ഫാഫ് ഡു പ്ലെസി(ക്യാപ്റ്റന്‍), വിരാട് കോഹ്‌ലി, രജത് പാടിദാര്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, കാമറൂണ്‍ ഗ്രീന്‍, ദിനേഷ് കാര്‍ത്തിക്, അനൂജ് റാവത്ത് (വിക്കറ്റ് കീപ്പര്‍), അല്‍സാരി ജോസഫ്, മായങ്ക് ഡാഗര്‍, മുഹമ്മദ് സിറാജ്, യാഷ് ദയാല്‍.
പഞ്ചാബ് കിങ്‌സ് പ്ലെയിങ് ഇലവന്‍:
ശിഖര്‍ ധവാന്‍ (ക്യാപ്റ്റന്‍), ജോണി ബെയര്‍സ്റ്റോ, പ്രഭ്‌സ്മ്രാന്‍ സിങ്, സാം കറന്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ലിയാം ലിവിങ്സ്റ്റണ്‍, ശശാങ്ക് സിങ്, ഹര്‍പ്രീത് ബ്രാര്‍, ഹര്‍ഷല്‍ പട്ടേല്‍, കഗിസോ റബാദ, രാഹുല്‍ ചഹര്‍.
Content Highlight: IPL 2024: RCB vs PBKS: criticism against Murali Karthik for calling Yash Dayal trash