IPL
അഞ്ച് മത്സരത്തിലെടുത്ത റണ്‍സ് ഒറ്റ മത്സരത്തില്‍ മുംബൈയുടെ നെഞ്ചത്ത്; ഫോമിലുള്ള വിരാടിനെ വെട്ടി ഫോമിന്റെ ഏഴയലത്തില്ലാത്ത പാടിദാറിന്റെ വെടിക്കെട്ട്
സ്പോര്‍ട്സ് ഡെസ്‌ക്
2024 Apr 11, 03:27 pm
Thursday, 11th April 2024, 8:57 pm

 

 

ഐ.പി.എല്‍ 2024ലെ 25ാം മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ അര്‍ധ സെഞ്ച്വറി നേടി റോയല്‍ ചലഞ്ചേഴ്‌സ് സൂപ്പര്‍ താരം രജത് പാടിദാര്‍. 26 പന്തില്‍ 50 റണ്‍സാണ് താരം നേടിയത്.

സീസണില്‍ ഇതാദ്യമായാണ് രജത് പാടിദാര്‍ മികച്ച പ്രകടനം പുറത്തെടുക്കുന്നത്. കഴിഞ്ഞ അഞ്ച് മത്സരത്തിലെ നാല് ഇന്നിങ്‌സില്‍ നേടിയ റണ്‍സ് ഒറ്റ മത്സരത്തില്‍ നിന്നും സ്വന്തമാക്കിയാണ് പാടിദാര്‍ കയ്യടി നേടുന്നത്.

 

0 (3), 18 (18), 3 (4), 29 (21) എന്നിങ്ങനെയായിരുന്നു പാടിദാറിന്റെ സ്‌കോര്‍. രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ താരത്തിന് ബാറ്റിങ്ങിനിറങ്ങാന്‍ സാധിച്ചില്ല.

മൂന്ന് ഫോറും നാല് സിക്‌സറും അടക്കം 192.31 സ്‌ട്രൈക്ക് റേറ്റില്‍ സ്‌കോര്‍ ചലിപ്പിക്കവെ ജെറാള്‍ഡ് കോട്‌സിയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന് ക്യാച്ച് നല്‍കിയാണ് താരം പുറത്തായത്.

നേരത്തെ മികച്ച ഫോമിലുള്ള വിരാട് കോഹ്‌ലി ആരാധകരെ പാടെ നിരാശപ്പെടുത്തിയ പ്രകടനമാണ് പുറത്തെടുത്തത്. ഒമ്പത് പന്തില്‍ മൂന്ന് റണ്‍സാണ് വിരാട് നേടിയത്. സീസണില്‍ വിരാടിന്റെ ഏറ്റവും മോശം പ്രകടനമാണിത്.

അതേസമയം, 14 ഓവര്‍ പിന്നിടുമ്പോള്‍ 121 ഓവറില്‍ നാല് വിക്കറ്റ് എന്ന നിലയിലാണ് ബെംഗളൂരു. 33 പന്തില്‍ 50 റണ്‍സുമായി ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിയും ആറ് പന്തില്‍ അഞ്ച് റണ്‍സുമായി ദിനേഷ് കാര്‍ത്തിക്കുമാണ് ക്രീസില്‍.

 

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു പ്ലെയിങ് ഇലവന്‍

വിരാട് കോഹ്‌ലി, ഫാഫ് ഡു പ്ലെസി (ക്യാപ്റ്റന്‍), വില്‍ ജാക്‌സ്, രജത് പാടിദാര്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, ദിനേഷ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), മഹിപാല്‍ ലോംറോര്‍, റീസ് ടോപ്‌ലി, വൈശാഖ് വിജയ് കുമാര്‍, മുഹമ്മദ് സിറാജ്, ആകാശ് ദീപ്.

മുംബൈ ഇന്ത്യന്‍സ് പ്ലെയിങ് ഇലവന്‍

രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ, ഹര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), ടിം ഡേവിഡ്, മുഹമ്മദ് നബി, റൊമാരിയോ ഷെപ്പേര്‍ഡ്, ശ്രേയസ് ഗോപാല്‍, ജസ്പ്രീത് ബുംറ, ജെറാള്‍ഡ് കോട്‌സി, ആകാശ് മധ്വാള്‍.

 

 

Content Highlight: IPL 2024: RCB vs MI: Rajat Patidar scored Half Century