| Thursday, 11th April 2024, 8:12 pm

ഒമ്പത് പന്തില്‍ മൂന്ന്; പകരം വീട്ടി ബുംറ; വാംഖഡ നിശബ്ദം, അഞ്ചാമതും വിരാടിന്റെ രക്തം ചിന്തി

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2024ലെ 25ാം മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് റോയല്‍ ചലഞ്ചേഴ്‌സിനെ നേരിടുകയാണ്. മുംബൈയുടെ ഹോം ഗ്രൗണ്ടായ വാംഖഡെയില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ മുംബൈ നായകന്‍ ഹര്‍ദിക് പാണ്ഡ്യ ഫീല്‍ഡിങ് തെരഞ്ഞെടുത്തു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ആര്‍.സി.ബിക്ക് പ്രതീക്ഷിച്ച തുടക്കമല്ല ലഭിച്ചത്. മുഹമ്മദ് നബിയെറിഞ്ഞ ആദ്യ ഓവറിലും ജെറാള്‍ഡ് കോട്‌സിയെറിഞ്ഞ രണ്ടാം ഓവറിലും ഏഴ് റണ്‍ വീതമാണ് ബെംഗളൂരു നേടിയത്.

മൂന്നാം ഓവര്‍ എറിയാനായി ജസ്പ്രീത് ബുംറയെയാണ് ക്യാപ്റ്റന്‍ പന്തേല്‍പിച്ചത്. ആദ്യ രണ്ട് പന്തും ഡോട്ട് ആക്കി മാറ്റിയ ബുംറ ഓവറിലെ മൂന്നാം പന്തില്‍ വിരാട് കോഹ്‌ലിയെ പുറത്താക്കി. ഒമ്പത് പന്തില്‍ മൂന്ന് റണ്‍സ് മാത്രം നേടി നില്‍ക്കവെ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന് ക്യാച്ച് നല്‍കിയാണ് വിരാട് പുറത്തായത്.

വിരാട് ക്രീസിലെത്തിയ ആദ്യ നിമിഷം മുതല്‍ക്കുതന്നെ വാംഖഡെ സ്റ്റേഡിയം വിരാടിനായി ആര്‍പ്പുവിളിക്കുകയായിരുന്നു. എന്നാല്‍ ഇന്നിങ്‌സിലെ 15ാം പന്തില്‍ വാംഖഡെയെ ഒന്നടങ്കം നിശബ്ദമാക്കി ബുംറ വിരാടിന്റെ വിക്കറ്റ് പിഴുതു.

ഐ.പി.എല്ലില്‍ ബുംറക്കെതിരെ മികച്ച റെക്കോഡാണ് വിരാട് കോഹ്‌ലിക്കുണ്ടായിരുന്നത്. ഇക്കാരണത്താലും കഴിഞ്ഞ മത്സരത്തില്‍ സെഞ്ച്വറി നേടിയതിനാലും ആരാധകര്‍ വിരാട് കോഹ്‌ലിയില്‍ നിന്നും പലതും പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ആ പ്രതീക്ഷയെല്ലാം അസ്ഥാനത്താക്കിയാണ് ബുംറ ആര്‍.സി.ബി ലെജന്‍ഡിനെ മടക്കിയത്.

ഈ മത്സരത്തിന് മുമ്പ് വരെ വിരാടും ബുംറയും നേര്‍ക്കുനേര്‍ വന്നപ്പോള്‍ 152.2 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റിലാണ് വിരാട് സ്‌കോര്‍ ചെയ്തത്. ബുംറയുടെ 92 പന്തില്‍ നിന്നും 140 റണ്‍സാണ് താരം സ്വന്തമാക്കിയത്.

ഇതിന് മുമ്പ് വിരാടിനെ നാല് തവണ മടക്കിയ ബുംറ വാംഖഡെയില്‍ ഒരിക്കല്‍ക്കൂടി സൂപ്പര്‍ താരത്തിന്റെ കണ്ണുനിര്‍ വീഴ്ത്തി.

മൂന്നാം ഓവറില്‍ വിരാടിനെ നഷ്ടപ്പെട്ട ആര്‍.സി.ബിക്ക് തൊട്ടടുത്ത ഓവറില്‍ രണ്ടാം വിക്കറ്റും നഷ്ടമായി. അരങ്ങേറ്റക്കാരന്‍ വില്‍ ജാക്‌സിന്റെ വിക്കറ്റാണ് ടീമിന് നഷ്ടമായത്. ആകാശ് മധ്വാളിന്റെ പന്തില്‍ ടിം ഡേവിഡിന് ക്യാച്ച് നല്‍കിയായിരുന്നു ജാക്‌സിന്റെ മടക്കം.

അതേസമയം, ആറ് ഓവര്‍ പിന്നിടുമ്പോള്‍ 44ന് രണ്ട് എന്ന നിലയിലാണ് ആര്‍.സി.ബി. 14 പന്തില്‍ 22 റണ്‍സുമായി ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിയും ഏഴ് പന്തില്‍ 11 റണ്‍സുമായി രജത് പാടിദാറുമാണ് ക്രീസില്‍.

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു

വിരാട് കോഹ്‌ലി, ഫാഫ് ഡു പ്ലെസി (ക്യാപ്റ്റന്‍), വില്‍ ജാക്‌സ്, രജത് പാടിദാര്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, ദിനേഷ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), മഹിപാല്‍ ലോംറോര്‍, റീസ് ടോപ്‌ലി, വൈശാഖ് വിജയ് കുമാര്‍, മുഹമ്മദ് സിറാജ്, ആകാശ് ദീപ്.

മുംബൈ ഇന്ത്യന്‍സ് പ്ലെയിങ് ഇലവന്‍

രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ, ഹര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), ടിം ഡേവിഡ്, മുഹമ്മദ് നബി, റൊമാരിയോ ഷെപ്പേര്‍ഡ്, ശ്രേയസ് ഗോപാല്‍, ജസ്പ്രീത് ബുംറ, ജെറാള്‍ഡ് കോട്‌സി, ആകാശ് മധ്വാള്‍.

Content Highlight: IPL 2024: RCB vs MI: Jasprit Bumrah dismissed Virat Kohli

We use cookies to give you the best possible experience. Learn more