ഐ.പി.എല്‍ 2024ലെ 25ാം മത്സരം മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ പുരോഗമിക്കുകയാണ്. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവാണ് ഹോം ടീമിന്റെ എതിരാളികള്‍. മത്സരത്തില്‍ ടോസ് നേടിയ മുംബൈ നായകന്‍ ഹര്‍ദിക് പാണ്ഡ്യ ബൗളിങ് തെരഞ്ഞെടുത്തു.
മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ വിരാടിനും സംഘത്തിനും തിരിച്ചടിയേറ്റിരുന്നു. ടീം സ്‌കോര്‍ 14ല്‍ നില്‍ക്കവെ വിരാട് കോഹ് ലിയുടെ വിക്കറ്റ് ആര്‍.സി.ബിക്ക് നഷ്ടമായി. ഒമ്പത് പന്തില്‍ മൂന്ന് റണ്‍സ് നേടിയാണ് താരം പുറത്തായത്. സീസണില്‍ വിരാടിന്റെ മോശം പ്രകടനമാണിത്.
പതിവിന് വിപരീതമായി ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിയും രജത് പാടിദാറും തകര്‍ത്തടിച്ചു. ഇരുവരും അര്‍ധ സെഞ്ച്വറി നേടി. പാടിദാര്‍ 26 പന്തില്‍ 50 റണ്‍സ് നേടിയപ്പോള്‍ 40 പന്തില്‍ 61 റണ്‍സാണ് ക്യാപ്റ്റന്‍ സ്വന്തമാക്കിയത്.
ടീം സ്‌കോര്‍ 105ല്‍ നില്‍ക്കവെയാണ് പാടിദാര്‍ പുറത്താകുന്നത്. പിന്നാലെ അഞ്ചാം നമ്പറില്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലാണ് ക്രീസിലെത്തിയത്.
എന്നാല്‍ സ്‌കോര്‍ ബോര്‍ഡിനെ ഒട്ടും ബുദ്ധിമുട്ടിക്കാതെ മാക്‌സ്‌വെല്‍ തിരിച്ചുനടന്നു. നാല് പന്ത് നേരിട്ട് ഒറ്റ റണ്‍സ് പോലും നേടാന്‍ സാധിക്കാതെയാണ് താരം പുറത്തായത്.
ശ്രേയസ് ഗോപാലിന്റെ പന്തില്‍ വിക്കറ്റിന് മുമ്പില്‍ കുടുങ്ങിയാണ് മാക്‌സി മടങ്ങിയത്. സീസണില്‍ ഇത് മൂന്നാം തവണയാണ് മാക്‌സ്‌വെല്‍ പൂജ്യത്തിന് പുറത്താകുന്നത്.
സീസണില്‍ ഒരു മത്സരത്തില്‍ പോലും മികച്ച പ്രകടനം നടത്താത്ത മാക്‌സ്‌വെല്ലിന്റെ മോശം ഫോം ആരാധകര്‍ക്കും മാനേജ്‌മെന്റിനും ഒരുപോലെ തലവേദന സൃഷ്ടിക്കുന്നുണ്ട്.
സീസണില്‍ ഇതുവരെ 32 റണ്‍സാണ് മാക്‌സ്‌വെല്ലിന് നേടാന്‍ സാധിച്ചത്. 94.11 എന്ന സ്‌ട്രൈക്ക് റേറ്റും 6.4 എന്ന മോശം ശരാശരിയുമാണ് താരത്തിനുള്ളത്.
0 (1), 3 (5), 28 (19), 0 (2), 1 (3), 0 (4) എന്നിങ്ങനെയാണ് സീസണില്‍ മാക്‌സ്‌വെല്ലിന്റെ പ്രകടനം.
അതേസമയം, 17 ഓവര്‍ പിന്നിടുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സ് എന്ന നിലയിലാണ് ആര്‍.സി.ബി. 15 പന്തില്‍ 23 റണ്‍സുമായി ദിനേഷ് കാര്‍ത്തിക്കും ഒരു പന്തില്‍ ഒരു റണ്ണുമായി സൗരവ് ചൗഹാനുമാണ് ക്രീസില്‍.
റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു പ്ലെയിങ് ഇലവന്‍
വിരാട് കോഹ്‌ലി, ഫാഫ് ഡു പ്ലെസി (ക്യാപ്റ്റന്‍), വില്‍ ജാക്‌സ്, രജത് പാടിദാര്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, ദിനേഷ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), മഹിപാല്‍ ലോംറോര്‍, റീസ് ടോപ്‌ലി, വൈശാഖ് വിജയ് കുമാര്‍, മുഹമ്മദ് സിറാജ്, ആകാശ് ദീപ്.
മുംബൈ ഇന്ത്യന്‍സ് പ്ലെയിങ് ഇലവന്‍
രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ, ഹര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), ടിം ഡേവിഡ്, മുഹമ്മദ് നബി, റൊമാരിയോ ഷെപ്പേര്‍ഡ്, ശ്രേയസ് ഗോപാല്‍, ജസ്പ്രീത് ബുംറ, ജെറാള്‍ഡ് കോട്‌സി, ആകാശ് മധ്വാള്‍.
Content Highlight: IPL 2024: RCB vs MI: Glenn Maxwell’s poor form continues